തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവച്ചു. ചാൻസലർ കൂടിയായ ഗവർണറുടെ നിർദ്ദേശ പ്രകാരമാണിത്. നടന്നുവരുന്ന എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾക്ക് മാറ്റമില്ല.കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ സർവ്വകലാശാലാ പരീക്ഷകൾ നടത്തുന്നത് പുനഃപരിശോധിക്കണമെന്ന് ശശി തരൂർ എം.പി.യും പൊതുപരീക്ഷകൾ നടത്തുന്നത് പുനരാലോചിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.അതിനു പിന്നാലെ,​ നേരിട്ടുള്ള പരീക്ഷകൾ (ഓഫ് ലൈൻ ) മാറ്റിവയ്ക്കുന്നത് പരിഗണിക്കാൻ വൈസ് ചാൻസലർമാർക്ക് ഗവർണർ നിർദ്ദേശം നൽകി. തുടർന്ന് പരീക്ഷകൾ മാറ്റിയതായി സർവ്വകലാശാലകളും അറിയിച്ചു.

പരീക്ഷകൾ മാറ്റണമെന്ന് രക്ഷാകർത്താക്കളും വിദ്യാർത്ഥി പ്രതിനിധികളും അഭ്യർത്ഥിച്ചിരുന്നു. പല പരീക്ഷാകേന്ദ്രങ്ങളും കണ്ടെയിൻമെന്റ് സോണുകളിലാണ്.കണ്ണൂർ,കോഴിക്കോട്,കേരള, മലയാളം,സംസ്കൃതം,രാജീവ് ഗാന്ധി ആരോഗ്യസർവ്വകലാശാല, സാങ്കേതിക സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.കേരള സർവ്വകലാശാല മേയ് പത്തു മുതൽ പരീക്ഷകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കെ.ടി.യു. മൂന്നാം സെമസ്റ്റർ പരീക്ഷ 15ന് തുടങ്ങിയിരുന്നു. ഒന്നാം സെമസ്റ്റർ 19ന് തുടങ്ങാനിരുന്നതാണ്. കാലിക്കറ്റ്,കേരള യൂണി. പരീക്ഷകൾ 19നാണ് തുടങ്ങാനിരുന്നത്.സി.ബി.എസ്.സി, ഐ.സി.എസ്.സി ഉൾപ്പെടെ ദേശീയ പരീക്ഷകളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. ദേശീയ മത്സര പരീക്ഷകളും മാറ്റി.അതേസമയം,​ എസ്.എസ്.എൽ.സി, പ്ളസ് ടു.പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു അറിയിച്ചു. എസ്. എസ്.എൽ.സിക്ക് ഇന്ന് കണക്ക് പരീക്ഷയാണ്.

പ്ളസ്ടുവിന് ഇന്ന് പരീക്ഷയില്ല. എസ്.എസ്.എൽ.സി.ക്ക് അഞ്ച് വിഷയങ്ങളിലും പ്ളസ് ടുവിന് നാല് വിഷയങ്ങളിലുമാണ് പരീക്ഷ നടക്കാനുള്ളത്. പ്ളസ് ടു 26നും എസ്.എസ്.എൽ.സി.29നും പരീക്ഷകൾ പൂർത്തിയാകും.കൊവിഡ് കരുതലുകൾ പാലിച്ചും കെ.എസ്. ആർ.ടി.സി.യുടെ സഹായത്തോടെ യാത്രാസൗകര്യം ഒരുക്കിയും ആണ് എസ്. എസ്.എൽ.സി. പരീക്ഷ നടത്തുന്നത്. സ്കൂൾ ബസുകളിലും സാമൂഹ്യ അകലം പാലിച്ച് വിദ്യാർത്ഥികളെ എത്തിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here