തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും നടനുമായ ജി. കൃഷ്ണകുമാർ. മണ്ഡലത്തിലെ പാർട്ടി വോട്ടുകൾ പോലും തനിക്ക് ലഭിച്ചില്ലെന്നും തനിക്കു വേണ്ടി പാർട്ടി നേതൃത്വം ഉണർന്നു പ്രവർത്തിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലർത്തിയ മണ്ഡലമായ തിരുവനന്തപുരത്ത് വിജയിക്കാനുള്ള സാധ്യത നേതൃത്വം ഉപയോഗിച്ചില്ല. കേന്ദ്ര നേതാക്കളെയാരും മണ്ഡലത്തിൽ പ്രചാരണത്തിന് കൊണ്ടുവരാത്തത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണ്ഡലങ്ങളിൽ വിമാനമിറങ്ങിയ നേതാക്കളാരും തനിക്ക് വേണ്ടി റോഡ് ഷോ നടത്തിയില്ലെന്ന് പറഞ്ഞ കൃഷ്ണകുമാർ തുടർന്നും ബിജെപിയിൽ തന്നെ ഉറച്ചു നിൽക്കുമെന്നും വ്യക്തമാക്കി.
ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് മുൻമന്ത്രി വി.എസ്.ശിവകുമാറിനെ തോൽപ്പിച്ച് എൽഡിഎഫിലെ ആന്റണി രാജു വിജയം നേടുകയായിരുന്നു. വിജയ പ്രതീക്ഷ പുലർത്തിയിരുന്ന എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ മൂന്നാം സ്ഥാനത്തായി.