പാലക്കാട്: എലപ്പുള്ളിയിൽ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനോട് (43) ആര്‍എസ്എസിനു ശത്രുതയെന്ന് പിതാവ് അബൂബക്കറിന്റെ മൊഴി. അതേസമയം, സംഭവത്തിൽ തെളിവുകിട്ടാതെ രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് പാലക്കാട് എസ്പി പറഞ്ഞു.

കൊലയാളി സംഘം ഉപയോഗിച്ചത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ള കാറാണ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 5 സിഐമാരടങ്ങിയ സംഘം കേസ് അന്വേഷിക്കുമെന്നും എസ്പി വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥിന്റെ നേതൃത്വത്തിൽ കൊലപാതകം നടന്ന സ്ഥലത്തെത്തി തെളിവെടുത്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നഗരത്തിന്റെ വിവിധയിടങ്ങളില്‍ എസ്ഡിപിഐ നേതൃത്വം പ്രകടനം നടത്തി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം. പിതാവിനൊപ്പം പള്ളിയിലെത്തി ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ വീടെത്തുന്നതിന് മീറ്ററുകൾ മാത്രം വ്യത്യാസത്തിലാണ് കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയത്. ആദ്യത്തെ കാറിലുണ്ടായിരുന്നവര്‍ സുബൈറും പിതാവ് അബൂബക്കറും വീണതിന് പിന്നാലെ മുന്നോട്ട് നീങ്ങി. രണ്ടാമത്തെ കാറില്‍ നിന്നിറങ്ങിയ നാലംഗ സംഘമാണ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ കൊലയാളികൾ ആദ്യത്തെ കാറിൽ രക്ഷപ്പെടുകയായിരുന്നു. രണ്ടാമത്തെ കാർ പഞ്ചറായതിനാൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം. 

 

LEAVE A REPLY

Please enter your comment!
Please enter your name here