ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ മാര്‍ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിനു ജൂണ്‍ 26നു (ഞായര്‍) കൊടിയേറും. തുടര്‍ന്നു തിരുനാള്‍ വരെ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുര്‍ബാനയും നൊവേനയും നടക്കും.
ദുക്റാന തിരുനാളായ ജൂലൈ മൂന്നിനു (ഞായര്‍) വൈകുന്നേരം നാലിന് വേസ്പര, തുടര്‍ന്നു ആഘോഷമായ സമൂഹബലിക്ക് ഫാ. ബിജു നാരാണത്ത് മുഖ്യകാര്‍മികത്വം വഹിക്കും. റോക്ലാന്റ് ഇടവക വികാരി ഫാ. തദേവൂസ് അരവിന്ദത്ത് സന്ദേശം നല്‍കും. 6.30 മുതല്‍ വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കി പ്രസുദേന്തി നൈറ്റും സ്നേഹവിരുന്നും നടക്കും.
പ്രധാന തിരുനാള്‍ ദിനമായ നാലിനു (തിങ്കള്‍) രാവിലെ 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ. സിജു കിഴക്കേപള്ളിവാതുക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. ലോംഗ് ഐലന്‍ഡ് സെന്റ് മേരീസ് ഇടവക വികാരി ഫാ. ലിഗോറി ജോണ്സന് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ച് ആഘോഷമായ പ്രദക്ഷിണം നടക്കും.
അഞ്ചിനു (ചൊവ്വ) വൈകുന്നേരം അഞ്ചിനു സെമിത്തേരി സന്ദര്‍ശനവും ഒപ്പീസും നടക്കും. തുടര്‍ന്നു ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ഈ വര്‍ഷത്തെ തിരുനാളിനു കൊടിയിറങ്ങും.
ന്യൂറോഷന്‍ വാര്‍ഡാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റുകഴിക്കുന്നത്. തിരുനാള്‍ കോഓര്‍ഡിനേറ്റര്‍ വില്സന് വെളിയന്തറ, ജോസഫ് കാഞ്ഞമല, ജോജോ ഒഴുകയില്‍, മാര്ട്ടിന് പെരുമ്പായില്‍, ബിജു പടിഞ്ഞാറേക്കളം, ക്ലാര ജോബ്, റോസിലി വില്സന്, സോണി വടക്കേല്‍, കൈക്കാരന്മാരായ ആന്റണി കൈതാരം, സണ്ണി കൊല്ലറക്കല്‍, സഖറിയാസ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.