കൊച്ചി:മലയാളത്തിലെ പ്രീയപ്പെട്ട എഴുത്തുകാരി കമല സുരയ്യ എന്ന മാധവിക്കുട്ടിയുടെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരുവുകള്‍ എവിടെവച്ചായിരുന്നു. ഇതിന് ഉത്തരം നല്‍കാന്‍ കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തിനു കഴിയുമോ? അക്കാര്യത്തില്‍ ഉറപ്പില്ലെങ്കിലും കമലാസുരയ്യയുടെ ജീവിതം അഭ്രപാളിയിലെത്തുന്ന കമലിന്റെ ‘ആമി’യിലെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. തന്റെ ഫേസ്ബുക്ക് പേജിലൂടെ അനൂപ് മേനോന്‍ തന്നെയാണ് ഫോട്ടോ പുറത്തുവിട്ടത്.
സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് കമല സുരയ്യയെ അവതരിപ്പിക്കുന്നത്. മാധവിക്കുട്ടിയുടെ ജന്മദേശമായ പുന്നയൂര്‍ക്കുളത്താണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. മാധവിക്കുട്ടിയുടെ രചനാലോകത്തിലൂടെ സാഹിത്യപ്രേമികള്‍ക്ക് ചിരപരിചിതമായ നീര്‍മാതളത്തിന്റെ ചുവട്ടില്‍ വച്ചായിരുന്നു സ്വിച്ചോണ്‍.