നെയ്യാറ്റിന്‍കര: സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത തരത്തില്‍ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സംസ്ഥാനം മുഴുവന്‍ കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ സേവന ശൃംഖലകള്‍ സ്ഥാപിക്കാനും വേദനയും ദുരിതവുമില്ലാത്ത കേരളം എന്ന സ്വപ്ന പദ്ധതി നടപ്പാക്കുന്നതിനുമായി രാജ്യത്തെ പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ രണ്ടാംഘട്ട ശില്‍പ്പശാലകള്‍ക്ക് തുടക്കമായി. ആദ്യ ശില്‍പ്പശാല നെയ്യാറ്റിന്‍കര വ്‌ളാങ്ങമുറി സി.എസ്.ഐ. ചര്‍ച്ച് പാരിഷ് ഹാളില്‍ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ചെയര്‍മാന്‍ പി.കെ.രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു.

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ഫ്രാങ്ക്‌ളിന്‍, കൗണ്‍സിലര്‍ പ്രസന്നകുമാര്‍, ആല്‍ഫ ഓവര്‍സീസ് കൗണ്‍സില്‍ പ്രതിനിധി വിഷ്ണു സുധാകരന്‍, പാലിയേറ്റീവ് കെയര്‍ നഴ്‌സ് അനുമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ആമുഖപ്രഭാഷണം നടത്തി. വിഷന്‍ 2030 തിരുവനന്തപുരം ജില്ലാ ഡയറക്ടര്‍ പുളിമൂട്ടില്‍ ഉണ്ണി സ്വാഗതവും സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അംജിത്കുമാര്‍ നന്ദിയും പറഞ്ഞു.

പാലിയേറ്റീവ് കെയര്‍ വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയം ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും കമ്മിറ്റീ രൂപീകരണവും നടന്നു. നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് സമീപപ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകളെകൂടി ഉള്‍പ്പെടുത്തി പുതിയ ലിങ്ക് സെന്റര്‍ തുടങ്ങുന്നതിനായി ബാലഗംഗാധരന്‍ – പ്രസിഡന്റ്, പാട്രിക് ജെ- സെക്രട്ടറി, വിജി വി. മാമ്പുഴക്കര- ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് രൂപം നല്‍കിയത്.

2030നു മുമ്പ് കേരളത്തിലെ എല്ലാ ജില്ലകളിലും ജനകീയ ഉടമസ്ഥതയിലുള്ള ലിങ്ക് സെന്ററുകളും ഹോസ്പീസുകളും സ്ഥാപിച്ച് അനാവശ്യമായി വേദനകളനുഭവിക്കാത്ത കേരള സമൂഹത്തിനായുള്ള ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ പദ്ധതിയാണ് വിഷന്‍ 2030.