അഫ്ഗാനിസ്താനില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നത് രാജ്യാന്തര സമൂഹത്തിന്റെ കടമയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന് യോജിച്ച പോരാട്ടം അനിവാര്യമാണെന്നും മോദി പറഞ്ഞു. ആറാമത് ഹാര്‍ട്ട്ഓഫ് ഏഷ്യ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഫ്ഗാനിസ്താനെയും അവിടുത്തെ ജനങ്ങളേയും പുറത്തുനിന്നുള്ള ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിലും അഫ്ഗാനിസ്താന്റെ വികസനത്തിലും ഇന്ത്യ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്ന് മോദി അറിയിച്ചു. ഭീകരർക്കെതിരെ മാത്രമല്ല, ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായും അല്ലാതെയും സഹായം നൽകുന്നവർക്കെതിരെയും കടുത്ത നടപടികൾ കൂടിയേ തീരൂവെന്നും മോദി അഭിപ്രായപ്പെട്ടു.

അഫ്ഗാനിലെ സഹോദരി സഹോദരന്‍മാരോട് നിരുപാധികവും അചഞ്ചലവുമായ ഉത്തരവാദിത്തമാണ് ഇന്ത്യക്കുള്ളത് . അഫ്ഗാന്റെ സമാധാനത്തിനും സ്ഥിരതക്കും ഭീകരവാദം ഭീഷണിയാണ്. ഭീകരവാദത്തിനെതിരെ മാത്രമല്ല അതിനെ സഹായിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകണം. അഫ്ഗാനുമായി വ്യോമ ഇടനാഴി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാക്  വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിനെ സദസിലിരുത്തിയായിരുന്നു പാകിസ്താനെതിരെയുള്ള പ്രധാനമന്ത്രിയുടെ പരോക്ഷ വിമർശനം. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടണമെന്ന് അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനിയും ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here