കൊച്ചി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് കിരീടം സമ്മാനിച്ച ചാമ്പ്യന്മാര്‍ക്ക് നാടിന്റെ ഊഷ്മള സ്വീകരണം. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ടീമംഗങ്ങളെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കെടി ജലീല്‍ സ്വീകരിച്ചു.

തുടര്‍ന്ന് കൊച്ചി സ്റ്റേഡിയത്തില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷനും കായിക താരങ്ങളെ അഭിനന്ദിച്ചു. ആഹഌദം പങ്കുവയ്ക്കാന്‍ വെളളിയാഴ്ച സര്‍ക്കാര്‍ വിക്ടറി ഡേ ആഘോഷിക്കും.

14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട കേരളത്തിന്റെ ചുണക്കുട്ടികള്‍ക്ക് ഊഷ്മളോജ്ജ്വലമായ സ്വീകരണമാണ് നല്‍കിയത്.

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ കൊച്ചി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ താരങ്ങള്‍ക്ക് അഭിനന്ദന പ്രവാഹവുമായി നിരവധി പേര്‍ ഒഴുകിയെത്തി. സന്തോഷ് ട്രോഫിയുമുയര്‍ത്തി സ്വന്തം മണ്ണില്‍ ടീം താരങ്ങള്‍ സന്തോഷം പങ്കുവെച്ചു.

സമനില വഴങ്ങിയ മത്സരത്തില്‍ നിര്‍ണായക പെനാല്‍റ്റി ഷോട്ടുകള്‍ കയ്യിലൊതുക്കി കേരളത്തിന് അഭിമാന നേട്ടം സമ്മാനിച്ച ഗോളി മിഥുനായിരുന്നു സൂപ്പര്‍ താരം.

വിജയ കിരീടം ചൂടിയ നിമിഷം ആദ്യം വന്ന ഫോണ്‍ കോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെതായിരുന്നുവെന്നും കെഎഫ്എ പ്രസിഡന്റ് കെഎംഎ മേത്തര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here