ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ചികിത്സാചെലവുകള്‍ ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ വിവരാവകാശപ്രകാരം മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍.

പൊതുഖജനാവില്‍ നിന്നും ചെലവഴിച്ച പണത്തിന്റെ കണക്കുകള്‍ വ്യക്തിപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത്. കേരളത്തില്‍ മന്ത്രിമാര്‍ സുതാര്യമായി കണക്കുകള്‍ വെളിപ്പെടുത്തുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇരട്ടത്താപ്പ് നയം.

പ്രധാനമന്ത്രിയുടെയും ലോക്‌സഭ, രാജ്യസഭ എംപിമാരുടെയും ചികിത്സാച്ചെലവുകളുടെ കണക്കുകള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ വിവരാവകാശ രേഖയാണ് തീര്‍ത്തും വ്യക്തിപരം എന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ തളളിയത്.

പൊതുതാത്പര്യമല്ലാത്ത കാര്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. എന്നാല്‍ പൊതുഖജനാവില്‍ നിന്നുളള പണം ഉപയോഗിച്ച് നടത്തുന്ന ചികിത്സാച്ചേലവുകള്‍ എങ്ങനെ വ്യക്തിപരമാകുമെന്ന് വിവരാവകാശപ്രവര്‍ത്തകന്‍ അഡ്വ ഡി ബി ബിനു പറഞ്ഞു.

പ്രധാനമന്ത്രിയുടെയും കാബിനറ്റ് മന്ത്രിമാരുടെയും വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനവിലയുടെ കണക്കും യാത്രാച്ചിലവും വെളിപ്പെടുത്താനാകില്ലെന്നും വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയ്ക്കുളള മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന മന്ത്രിമാര്‍ തങ്ങളുടെ കണ്ണടയുടെ വില പോലും വെളിപ്പെടുത്തുമ്പോള്‍ കേന്ദ്രം കാണിക്കുന്ന വൈരുദ്ധ്യം നിയമത്തോടുളള വെല്ലുവിളിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here