എഴുത്ത് ഒരു ആത്മബലി ആണെന്ന് വിശ്വസിച്ചിരുന്നു മാധവിക്കുട്ടി എന്ന കമല സുരയ്യ. ഒരിക്കൽ അവർ പറഞ്ഞു ,‘കഥകളിലൂടെ തൊലി കീറി എല്ലുപൊട്ടിച് മജ്ജ പുറത്തുകാണിക്കുകയാണ് ഞാൻ ’.ബഹു ഭൂരിപക്ഷത്തേയും പോലെ കമല സുരയ്യയോട് ഒരുപാടൊരുപാട് സ്നേഹമാണ്.. സ്നേഹം മതമായി കരുതിയ അവരെ തിരിച്ചു സ്നേഹിക്കാനല്ലാതെ മറ്റൊന്നിനും ആരെ​ക്കൊണ്ടും കഴിയില്ല. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള സ്നേഹാന്വേഷണമാണ് അവരെഴുതുന്ന ഓരോ കഥകളും. സ്ത്രീ വികാരങ്ങളെ ഇത്രമേൽ സ്പഷ്ടമായി മറ്റൊരു എഴുത്തുകാരി വരച്ചിട്ടുവോ എന്നും സംശയമാണ്. കമല സുരയ്യയുടെ കഥകൾ വൈകാരികമായി പല തലങ്ങളിൽ പരന്നു നടക്കുമ്പോഴും സ്ഥായിയായി അവക്കുള്ള ഭാവം ഞാൻ എന്ന പെണ്ണിനെ അംഗീകരിക്കാൻ, സ്നേഹിക്കാൻ മടി കാട്ടുന്ന ഒരു സമൂഹത്തെ കൈപ്പിടിയിൽ ഒതുക്കുന്ന, അല്ലെങ്കിൽ അതിനായി മനസ്സിലെങ്കിലും ഊറ്റം കൊള്ളുന്ന പല പെണ്ണുങ്ങളും തന്നെയാണ്. എവിടെയോ എപ്പോഴോ എങ്ങനെയോ നഷ്‌ടമായ, അല്ലെങ്കിൽ തോറ്റു പോയ ഞാൻ എന്ന ഭാവങ്ങളെ വീണ്ടും വീണ്ടും ജീവസുറ്റതാക്കാനായി പല കഥകളിലും പല കഥാപാത്രങ്ങളിലൂടെയും അറിഞ്ഞോ അറിയാതെയോ കമല സുരയ്യ ശ്രമിക്കുന്നു.

സ്നേഹത്തിൻെറ, പ്രണയത്തിൻെറ തീവ്രതയിൽ എന്തും കീഴടക്കാൻ ഉള്ള ഒരു വെമ്പലുണ്ട് കമല സുരയ്യയുടെ ഓരോ കഥകളിലും. സ്ഥിരമായ സ്നേഹത്തിൽ താൻ വിശ്വസിക്കുന്നില്ല എന്ന് അവർ പറയുന്നു. മാതൃ സ്നേഹം എന്ന സ്ത്രീയുടെ ഭാവം മിക്ക കഥകളിലും കാണാമെങ്കിലും അശാന്തമായ പെൺഹൃദയമാണ് കഥാതന്തു.

പുഴ വീണ്ടും ഒഴുകി എന്ന കഥയിൽ അപകർഷതാബോധത്തിൽ വീണു കരകയറാൻ, തൻെറ സൗന്ദര്യത്തെ കുറിച് മതിപ്പ് ഉളവാക്കാനുമായി നല്ലൊരു ഭർത്താവുണ്ടായിട്ടും മറ്റൊരാളെ തേടി പോകുന്ന ഭാര്യയെ ഒന്നാം വായനയിലും രണ്ടാം വായനയിലും നിങ്ങൾക് ഇഷ്ടമാവില്ല. മൂന്നാം വായനയിൽ അവരർഹിക്കുന്ന അഭിനന്ദനം നൽകാത്ത പതിനാലു വയസിന് മൂത്ത ആ ഭർത്താവിനോട് വായനക്കാർക് അല്പം വിരോധം തോന്നുന്നു. ശാന്തത ഇല്ലാത്ത സ്നേഹം നൽകിയ മോഹനൻ അവസാനം മരിച്ചുപോകുന്നു. പതിനാല് വയസ്സിന് ഇളപ്പമുള്ള ഭാര്യയോട് എല്ലാം അറിഞ്ഞിട്ടും മൂകസ്വാഭാവിയും മിത ഭാഷിയുമായ ഭർത്താവ് ക്ഷമിക്കുന്നു. ‘കുട്ടീ’.. എന്ന് വിളിച്ചു അയാൾ ആലിംഗനം ചെയ്യുന്നതോടെ, ആ മാറിലേക്ക്​,ശാന്തതയുള്ള ആ സ്നേഹത്തിലേക്ക്​ അണയുന്നതോടെ പുഴ വീണ്ടും ഒഴുകിത്തുടങ്ങി….

പാതിവ്രത്യത്തിലെ ജമീന്ദാരുടെ മകൾക്കും സ്വന്തം അഴകിലുള്ള വിശ്വാസക്കുറവും ഇരുണ്ട നിറമാണെന്ന അപകർഷതാബോധവും കാരണം ദാമ്പത്യത്തിൽ കരിനിഴൽ വീഴുന്നു . തനിക്ക്​ ലഭിക്കാതെ പോകുന്ന സ്നേഹം മദാമ്മക്ക്‌ കിട്ടുന്നത് സഹിക്കാനാവുന്നില്ല. ഡ്രൈവറെയും കൂട്ടി ഇംഗ്ലീഷ് അറിയുന്ന ഭർത്താവിൻെറ കാമുകിയെ കാണാൻ ചെല്ലുന്ന ജമീന്ദാരുടെ മകൾ പട്ടികുട്ടിയും തത്തയുമായി തനിച്ചു കഴിയുന്ന ചെമ്പൻ തലമുടിയുള്ള സൂക്കേടുകാരിയോട് നമ്മുടെ ആ ‘ഒന്നിനും കൊളളാത്ത മനുഷ്യൻ ‘ഇത്ര ബുദ്ധിയില്ലാത്തവനായിപോയല്ലോ എന്ന് പരിതപിച്ച്​ തിരിച്ചു പോരുന്നു. തന്നെപോലെ അവളും ഒറ്റപെട്ടു എന്നറിഞ്ഞപ്പോൾ അവൾ വേദനിച്ചു. എന്തിനെന്നറിയാതെ.

ഭർത്താവിൻെറ കാമുകിയെ പേടിപ്പിച്ചു നാടുകടത്താത്തത് മോശമായിപ്പോയി എന്ന് പറഞ്ഞ ഡ്രൈവറോട് ജമീന്ദറുടെ മകളെ ഉപദേശിക്കാൻ നീ വളർന്നില്ല എന്ന് പറയുന്നതോടെ കഥ അവസാനിക്കുന്നു. എന്ത് ധീരമായ നിലപാടുകളാണ് ഓരോ സ്ത്രീ കഥാപാത്രങ്ങളുടെയും വിളിച്ചു പറയലുകളോടെയും മാധവിക്കുട്ടി വെളിവാക്കിയിരുന്നത്.

കുഞ്ഞുമക്കളെ പീഡിപ്പിക്കുന്നത് ഇന്നത്തെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. എന്നാൽ വർഷങ്ങൾക്ക്​ മുമ്പ്​ ‘ചീത്ത മാമൻ’ എന്ന കഥയിൽ ബ്രഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ്​ അമ്പലത്തിൽ പ്രദക്ഷിണം വെക്കുന്ന, ഉച്ചത്തിൽ നാമം ജപിക്കുന്ന അയാളെ തുടക്കത്തിൽ സ്നേഹിച്ചിരുന്ന കുട്ടി പിന്നീട് ‘മാമൻ ചീത്ത’ എന്നു പറഞ്ഞ്​ തേങ്ങിക്കരഞ്ഞുകൊണ്ട് വീട്ടിലേക്ക്​ വരുന്നു. സമൂഹത്തിൽ നിലനിന്നിരുന്ന പല പ്രശ്നങ്ങളും അന്നും ഇന്നും ഒന്നുതന്നെ എന്ന് ഓർപ്പിക്കുന്നു കമല സുരയ്യയുടെ ആ കഥ. വായനക്കാർക്ക്​ എളുപ്പത്തിൽ മനസിലാവുന്ന ഒരു കഥ പറച്ചിലാണ് കമല സുരയ്യയുടേത്. കുട്ടിത്തം വിട്ടു മാറാത്ത ഭാവനകളും രതിയുടെ തീക്ഷ്​ണത മുഴുവൻ ആവാഹിച്ച ഭാവപ്പകർച്ചകളും മാതൃസ്നേഹത്തിൻെറ നിലക്കാത്ത കരുത്തും അവരുടെ പെണ്ണെഴുത്തിൻെറ അപൂർവതയാണ്. വിവാ​ഹേതര ബന്ധങ്ങൾ പല കഥകളുടെയും വിഷയമാണെങ്കിലും പലപ്പോഴും കഥ അവസാനിക്കുന്നിടത്ത്​ വായനക്കാർക്കായി ഒരു നോവ് ബാക്കി വെക്കാറുണ്ട്.

ഓരോ കഥകളും അവരുടെ സ്വന്തം അനുഭവമായി തോന്നാറുണ്ട്. ഓരോ സന്ദർഭത്തിലുമുള്ള കഥാപാത്രങ്ങളുടെ ശരീരഭാഷ കമല സുരയ്യയുടെ നിരീക്ഷണ പാടവത്തെ വെളിവാക്കുന്നതാണ്. ‘മൈലാഞ്ചി’ എന്ന കഥയിൽ അമേരിക്കയിൽ നിന്ന് വന്ന ചെക്കനെ വിവാഹം കഴിക്കാൻ വിസമ്മതിക്കുന്ന നായികയെ കാണാം. കല്യാണത്തലേന്ന് മൈലാഞ്ചി ഇട്ട് കൊണ്ടിരിക്കുമ്പോഴാണ് തനിക്ക്​ ആ ചെക്കനെ വേണ്ടെന്ന് അവൾ പറയുന്നത്. വെപ്പുകാർക് ആര് പണം കൊടുക്കും ? ചെറുക്കൻെറ വീട്ടുകാരോട് ആര് ഈ വിവരം പറയും എന്നൊക്കെ ചോദിക്കുമ്പോൾ ആര് പറഞ്ഞാലും കുഴപ്പമില്ല എന്ന് ഒരു കൂസലുമില്ലാതെ പറയുന്നു കഥാനായിക അമ്മു !. കഥ അവസാനിക്കുന്നിടത്ത്​ കല്യാണം വേണ്ടെങ്കിലും മൈലാഞ്ചി നന്നായി പിടിക്കട്ടെ കൈ നനക്കുന്നില്ല എന്ന് പ്രസ്താവിക്കുകയാണ്​ അമ്മു. പെണ്ണെഴുത്തും സ്ത്രീപക്ഷ സംവാദങ്ങളും വിഷയമാകുന്നതിനു മുമ്പ്​ തന്നെ അതൊക്കെ കഥകളിലൂടെ വരച്ച്​ കാട്ടി ഈ എഴുത്തുകാരി. അത്തരം കഥകൾ പെണ്ണിന് സമ്മാനിക്കുന്ന ഊർജ്ജം ചെറുതല്ല !.

സ്ത്രീയെക്കുറിച്ചുള്ള സ്വാഭാവികമായ സൗന്ദര്യ സങ്കല്പങ്ങളെ തച്ചുടക്കുന്ന ആഖ്യാന രീതിയൊന്നും കമല സുരയ്യ അവലംബിക്കാറില്ല. പുരുഷൻെറ കണ്ണിൽ കൂടിയാണ് അവർ പലപ്പോഴും സ്ത്രീയെ വർണിച്ചിരുന്നത്. ബാഹ്യസൗന്ദര്യം മാത്രമല്ല പെണ്ണിൻെറ അഴക് എന്ന പെണ്ണെഴുത്തല്ല. മറിച്ച്​ അകാരവടിവും സ്നേഹത്തിൻെറ മൂർധന്യാവസ്ഥയും കൊതിക്കുന്ന ഒരു പെണ്ണ് ആണിനേക്കാൾ ശക്തയാണെന്ന്​ പ്രഖ്യാപിക്കുന്ന എഴുത്താണ്​ അവരുടേത്​. പലപ്പോഴും അവളുടെ ഹൃദയം സ്നേഹത്താൽ വീർപ്പുമുട്ടിക്കാനാവാതെ നിസ്സഹായനാകുന്ന പുരുഷൻ. നായകൻ അവനല്ല. അവളാണ്. ആ പുരുഷൻ ഭർത്താവാകാം, കാമുകനാവാം, മകനാവാം.. മറുവശത്ത്​ ആരുമാവട്ടെ .. കമല സുരയ്യയുടെ പെണ്ണുങ്ങൾ ജയിച്ചു തന്നെ നിൽക്കും !!

അസംതൃപ്തവും അശാന്തവുമായ മനസ്. സ്നേഹത്തിന് വേണ്ടിയാണെന്നും ആവശ്യപ്പെടാറുള്ളതെങ്കിലും കമല സുരയ്യയെ സ്നേഹിച്ചു വശംവദരാകാൻ അല്ലെങ്കിൽ ആ പാത്രം നിറക്കാൻ മാത്രം കഴിവുള്ളവരാരും ആ ജീവിതത്തിൽ കടന്നു പോയിട്ടില്ല. അല്ലെങ്കിൽ അവരതിന് സമ്മതിച്ചിട്ടില്ല. കമല സുരയ്യക്ക്​ എന്നും ജയിച്ചു നില്കാനായിരുന്നു ഇഷ്ടം. അത്​ ആ എഴുത്തുകാരി സാധിച്ചെടുത്തത് ഒരിക്കലും സ്നേഹിക്കപ്പെട്ട് മതിവരാത്ത ഒരു മനസും ഹൃദയവും നൽകിക്കൊണ്ടാണ്.

 

ഒരിക്കൽ ആ കഥാകാരി പറഞ്ഞു, ‘കഥ എഴുതുമ്പോൾ ഞാൻ വായനക്കാരെപറ്റി ഓർക്കാറില്ല. അതുപോലെ കഥ വായിക്കുമ്പോൾ വായനക്കാർ എന്നെപ്പറ്റിയും ഓർക്കാതിരിക്കണമെന്ന് ഞാൻ ആശിക്കുന്നു’ . പക്ഷെ കമല സുരയ്യയുടെ ഒട്ടുമിക്ക കഥകളും വായിച്ച്​ അവസാനിപ്പിക്കുമ്പോൾ കഥകളുടെ ആവിഷ്കാര സൗന്ദര്യം പലപ്പോഴും എഴുത്തുകാരിയെക്കുറിച്ച്​ ആഴത്തിൽ ഓർമിപ്പിക്കുന്നു.

അവരുടെ കഥകളിലെ പ്രണയം മാത്രമാണ് പലപ്പോഴും ചർച്ച ചെയ്യപ്പെടാറ്. ജീവിതവും സങ്കല്പവും ഇടകലർത്തിയാണ് കമല സുരയ്യ തൻെറ കഥകൾ രചിച്ചിട്ടുള്ളത്. എവിടെ ജീവിച്ചു എവിടെ സങ്കല്പിച്ചു എന്ന് എഴുത്തുകാരിക്ക് മാത്രമേ അറിയാവൂ. അവിടെ വായനക്കാരൻ നടത്തുന്ന ചില ഊഹാപോഹങ്ങളുണ്ട്. അത്തരം ചോദ്യങ്ങളെ കൃത്യമായി സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാതെ ഒരു കുസൃതി ചിരിയോടെ നമ്മളെ നോക്കി നില്കുന്നു അവർ. കമല സുരയ്യയുടെ കഥകളിലൂടെ അവരുടെ സ്നേഹസാന്നിധ്യം അനുഭവിച്ചു കഴിയുമ്പോൾ നമുക്കറിയാം; ഇതാണ് കമല സുരയ്യ.. ഇതാണ് അവരുടെ കഥ.. സംശയലേശമന്യേ, ചിന്താപ്രക്രിയകൾക്ക്​ ഇടം നൽകാതെ, അതങ്ങനെ നിസ്സീമമായി അനുഭവിക്കുക ! എൻെറ കാലിലെ ചിലങ്കകൾ കിലുങ്ങുന്നതു മാത്രം ഞാൻ കേട്ടു. സ്നേഹം എൻെറ മതമായിത്തീർന്നു…

LEAVE A REPLY

Please enter your comment!
Please enter your name here