ടെൽ അവീവ്: ആരോഗ്യരംഗത്തെ ഭാവി പ്രതീക്ഷയായ ക്രിസ്പർ കാസ് 9 ജീനോം എഡിറ്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കാനാകുമെന്നു പുതിയ പഠനം. ഇസ്രയേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകൻ പ്രഫ. ഡാൻ പിയറിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര സംഘമാണു പഠനം നടത്തിയത്.
ചികിത്സിച്ചു മാറ്റാൻ ബുദ്ധിമുട്ടുള്ള മസ്തിഷ്ക കാൻസർ, അണ്ഡാശയ കാൻസർ എന്നിവ ഭേദമാക്കുന്നതിൽ പുതിയ കണ്ടെത്തൽ വൻ മുന്നേറ്റത്തിനു വഴിതെളിക്കും.

എലികളുടെ കോശങ്ങളിലാണു ഗവേഷണം നടത്തിയത്. പ്രത്യേക നാനോ പദാർഥങ്ങളുള്ള ഒരു തന്മാത്ര കടത്തിവിട്ട് കാൻസർ കോശങ്ങളെ മാത്രം കണ്ടെത്തി, ക്രിസ്പർ കാസ് 9 സാങ്കേതികവിദ്യയിലൂടെ ഇവയുടെ ജനിതകഘടനയിൽ മാറ്റം വരുത്തിയായിരുന്നു പരീക്ഷണം. ഒറ്റത്തവണ ചികിത്സയിൽ തന്നെ മസ്തിഷ്ക കാൻസർ ബാധിച്ചവരുടെ അതിജീവനശേഷി 30% കൂടിയെന്നാണു പഠനം. അണ്ഡാശയ കാൻസർ ബാധിച്ചവരിൽ 80 ശതമാനവും.

ഗുണങ്ങൾ
∙പാർശ്വഫലങ്ങളില്ല
∙ഒരിക്കൽ ജീനോം എഡിറ്റിങ്ങിലൂടെ സുഖപ്പെടുത്തിയ കാൻസർ വീണ്ടും വരില്ല.

ക്രിസ്പർ കാസ് 9
ജനിതകഘടനയിൽ (ഡിഎൻഎ) മാറ്റങ്ങൾ കൃത്യതയോടെ വരുത്തുന്ന സാങ്കേതിക വിദ്യയാണ് ക്രിസ്പർ കാസ് 9 ജീനോം എഡിറ്റിങ്. ഒരു ഗൈഡ‍് ആർഎൻഎ തന്മാത്ര ഡിഎൻഎയിൽ എവിടെ മുറിക്കണമെന്നു മനസ്സിലാക്കി അങ്ങോട്ടേക്കു കാസ് 9 എന്ന മറ്റൊരു തന്മാത്രയെ നയിക്കും. കാസ് 9 കൃത്യസ്ഥാനത്തു തന്നെ മുറിക്കും.
രസതന്ത്രത്തിലെ ഈ വർഷത്തെ നൊബേൽ പുരസ്കാരം നേടിയ ഇമ്മാനുവൽ ഷാപെന്റിയർ, ജെന്നിഫർ ഡോഡ്ന എന്നിവരാണു ക്രിസ്പർ കാസ് 9 സാങ്കേതികവിദ്യയുടെ തുടക്കക്കാർ.

എയ്ഡ്സിനും ചില അപൂർവ ജനിതകരോഗങ്ങൾക്കുമുള്ള ചികിത്സയിൽ പുതിയ കണ്ടെത്തൽ സഹായകമായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here