ഹവാന/പെൻസിൽവേനിയ: അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡോണൾഡ്‌ ട്രംപിനെ തോൽപ്പിക്കാൻ ഇടപെട്ടു എന്ന ആരോപണം ക്യൂബ തള്ളി. ക്യൂബ മറ്റ്‌ രാജ്യങ്ങളുടെ തെരഞ്ഞെടുപ്പ്‌ പ്രക്രിയകളിൽ ഇടപെടാറില്ലെന്ന്‌ പ്രസിഡന്റ്‌ മിഗേൽ ദിയാസ്‌ കാനെൽ ട്വിറ്റർ സന്ദേശത്തിൽ വ്യക്തമാക്കി.

വിപ്ലവത്തിന്റെ വർഷങ്ങളിൽ ക്യൂബ അമേരിക്കൻ ഇടപെടലുകളും പീഡനങ്ങളും നേരിട്ടിട്ടുണ്ട്‌. എങ്കിലും മറ്റ്‌ രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നതിനെതിരായ ധാർമിക തത്വങ്ങളിൽ അധിഷ്‌ഠിതമാണ്‌ ക്യൂബയുടെ വിദേശനയമെന്ന്‌ ദിയാസ്‌ കാനെൽ ചൂണ്ടിക്കാട്ടി.

ചൈന, ക്യൂബ, വെനസ്വേല എന്നീ രാജ്യങ്ങൾ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ബൈഡന്‌ അനുകൂലമായി അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെട്ടു എന്ന്‌ ട്രംപിന്റെ പ്രചാരണവിഭാഗം കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.ഇതിനിടെ 20 ഇലക്ടറൽ വോട്ടുള്ള പെൻസിൽവേനിയയിലെ ഫലപ്രഖ്യാപനം തടയണം എന്നാവശ്യപ്പെട്ട്‌ ട്രംപിന്റെ പ്രചാരണവിഭാഗം നൽകിയ ഹർജി ഫെഡറൽ ജഡ്‌ജി തള്ളി. പെൻസിൽവേനിയ സ്‌റ്റേറ്റ്‌ സെക്രട്ടറി കാത്തി ബൂക്‌വറിനും ബൈഡന്‌ ഭൂരിപക്ഷമുള്ള ഏഴ്‌ കൗണ്ടിക്കും എതിരെ നൽകിയ ഹർജിയാണ്‌ വില്യംസ്‌പോർട്ടിലെ യുഎസ്‌ മധ്യ ജില്ലാ ജഡ്‌ജി മാത്യു ബ്രാൻ തള്ളിയത്‌. എന്നാൽ, ഒബാമ നിയമിച്ച ജഡ്‌ജി തങ്ങളുടെ ആവശ്യം തള്ളിയത്‌ സുപ്രീംകോടതിയെ വേഗം സമീപിക്കാൻ സഹായകമായെന്ന്‌ ട്രംപിന്റെ അഭിഭാഷകസംഘം പറഞ്ഞു. സുപ്രീംകോടതിയിൽ മൂന്നിനെതിരെ ആറുപേരുടെ ഭൂരിപക്ഷം റിപ്പബ്ലിക്കൻമാർക്കുണ്ട്‌.

ജോർജിയയിൽ മൂന്നാമതും വോട്ടെണ്ണണം എന്നാവശ്യപ്പെട്ട്‌ ട്രംപ്‌ പക്ഷം അപേക്ഷ നൽകിയിട്ടുണ്ട്‌. 16 ഇലക്ടറൽ വോട്ടുള്ള സംസ്ഥാനത്ത്‌ 1992നുശേഷം ആദ്യമായാണ്‌ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജയിച്ചത്‌. ആദ്യഫലം അംഗീകരിക്കാതെ ട്രംപ്‌ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെട്ടപ്പോൾ 50 ലക്ഷത്തോളം വോട്ട്‌ രണ്ടാമതും കൈകൊണ്ട്‌ എണ്ണി ഉറപ്പാക്കിയിരുന്നു. അപ്പോൾ ഒപ്പുകൾ ഒത്തുനോക്കിയില്ല എന്നാണ്‌ പുതിയ പരാതി. താൻ തോറ്റ മറ്റ്‌ ചില സംസ്ഥാനങ്ങളിലും ട്രംപ്‌ നിയമയുദ്ധത്തിലാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here