ഹവാന: അമേരിക്കയിലെ ട്രംപ്‌ സർക്കാരിന്റെ ഉപരോധം മൂലം വെസ്‌റ്റേൺ യൂണിയൻ ക്യൂബയിലെ 407 ശാഖയും പൂട്ടി. വിദേശത്തുള്ള ക്യൂബക്കാർ നാട്ടിലേക്ക്‌ പണമടയ്‌ക്കാൻ പ്രധാനമായും ഉപയോഗിച്ചിരുന്നത്‌ ഈ കമ്പനിയെയാണ്‌. ക്യൂബയെ സാമ്പത്തികമായി തകർക്കാൻ ലക്ഷ്യമിട്ട്‌ ട്രംപ്‌ സ്വീകരിച്ച 200ൽ പരം നടപടികളിൽ ഒടുവിലത്തോണ്‌ ഇത്‌.

ഫ്ലോറിഡയിലടക്കം അമേരിക്കയിലെ ക്യൂബാ വിരുദ്ധരുടെ വോട്ട്‌ ഉറപ്പാക്കാൻ ഒക്‌ടോബറിൽ ട്രംപ്‌ അടിച്ചേൽപ്പിച്ച പുതിയ ഉപരോധമനുസരിച്ചാണ്‌ വെസ്‌റ്റേൺ യൂണിയൻ ശാഖകൾ പൂട്ടിയത്‌. വെസ്‌റ്റേൺ യൂണിയന്റെ ക്യൂബൻ പങ്കാളിയായ ഫിൻസിമെക്‌സിന്‌ ക്യൂബൻ സൈന്യവുമായി ബന്ധം ആരോപിച്ച്‌ ട്രംപ്‌ സർക്കാർ അവർക്ക്‌ ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. വെസ്‌റ്റേൺ യൂണിയൻ 20 വർഷത്തിലധികമായി ക്യൂബയിൽ പ്രവർത്തിപ്പിച്ചുവന്ന ശാഖകളാണ്‌ പൂട്ടേണ്ടിവന്നത്‌. ഇതോടെ ക്യൂബയിലേക്ക്‌ പണമയക്കുന്നവർ ചെലവേറിയതും സുരക്ഷിതമല്ലാത്തതുമായ മാർഗങ്ങൾ സ്വീകരിക്കേണ്ടിവരും.

ക്യൂബയ്‌ക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്‌ട്ര സംഘടനയടക്കം വിവിധ വേദികൾ വർഷങ്ങളായി ആവശ്യപ്പെടുമ്പോഴാണ്‌ ട്രംപ്‌ കൂടുതൽ ഉപരോധങ്ങൾ അടിച്ചേൽപ്പിച്ചത്‌. ക്യൂബയിലേക്ക്‌ യാത്രകൾ നിയന്ത്രിക്കുക, അവിടേക്ക്‌ പണമയക്കുന്നതിന്‌ മൂന്ന്‌ മാസത്തിൽ പരമാവധി 1000 ഡോളർ എന്ന പരിധി വയ്‌ക്കുക, ആഢംബര കപ്പലുകൾ ക്യൂബയിലേക്ക്‌ പോവുന്നത്‌ വിലക്കുക തുടങ്ങിയ നടപടികളും ട്രംപ്‌ സർക്കാർ സ്വീകരിച്ചു.

അമേരിക്ക 50 വർഷത്തിലേറെ തുടർന്നുവന്ന ശത്രുതാപരമായ നടപടികളിൽ അയവുവരുത്തി ബറാക്‌ ഒബാമ പ്രസിഡന്റായിരിക്കെ 2015ൽ ക്യൂബ സന്ദർശിച്ചിരുന്നു. എന്നാൽ, ഒബാമയുടെ ഭരണകാലത്തെ മറ്റ്‌ പല നടപടികളും പോലെ ക്യൂബാ ബന്ധത്തിലെ പുരോഗതിയും ട്രംപ്‌ തുടക്കം മുതലേ അട്ടിമറിച്ചു. നിയുക്ത പ്രസിഡന്റ്‌ ജോ ബൈഡൻ ആഗ്രഹിച്ചാലും ഈ നടപടികൾ തിരുത്താൻ ഏറെ കാലം വേണ്ടിവരുമെന്നാണ്‌ വിദഗ്ധർ കണക്കാക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here