ന്യൂഡൽഹി: കോർപറേറ്റ്‌ കൃഷിയിലേ‌ക്കോ കരാർകൃഷിയിലേ‌ക്കോ കടക്കാൻ ഉദ്ദേശ്യമില്ലെന്ന്‌ റിലയൻസ്‌ ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡ്‌. ‌ ജിയോ ഇൻഫോകോം പ്രവർത്തനത്തിന്‌ ‌ സംരക്ഷണം ആവശ്യപ്പെട്ട്‌ പഞ്ചാബ്‌ ആൻഡ്‌ ഹരിയാന ഹൈക്കോടതിയിൽ കമ്പനി സമർപ്പിച്ച ഹർജിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. കർഷകസമരത്തിന്റെ സാഹചര്യം മുതലെടുത്ത്‌ സാമൂഹ്യവിരുദ്ധരും ബിസിനസ്‌ എതിരാളികളും റിലയൻസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതായി ഹർജിയിൽ ആരോപിച്ചു.

മൂന്ന്‌‌ കാർഷികനിയമം വഴി റിലയൻസിന്‌ നേട്ടം ഉണ്ടാകില്ലെന്ന്‌ കമ്പനി അവകാശപ്പെട്ടു. ചില്ലറ വ്യാപാരമേഖലയിൽ വിപുലമായ ശൃംഖല റിലയൻസ്‌ നടത്തുന്നുണ്ട്‌. എന്നാൽ കർഷകരിൽനിന്ന്‌ നേരിട്ട്‌ സംഭരിക്കുന്നില്ല; വിതരണക്കാർ വഴിയാണ്‌ ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നത്‌. കർഷകരിൽനിന്ന്‌ നേരിട്ട്‌ ഉൽപ്പന്നങ്ങൾ വാങ്ങാൻ ദീർഘകാല കരാറുകൾ ഉണ്ടാക്കിയിട്ടില്ല. പഞ്ചാബിലോ ഹരിയാനയിലോ മറ്റെവിടെയെങ്കിലുമോ റിലയൻസ്‌ നേരിട്ടോ മറ്റാരെങ്കിലും വഴിയോ കൃഷിയിടങ്ങൾ വാങ്ങിയിട്ടില്ല.

രാജ്യത്തെ 130 കോടി ജനങ്ങളെ തീറ്റിപ്പോറ്റുന്ന കർഷകരെ മാനിക്കുന്നു. കർഷകർക്ക്‌ ആദായകരമായ താങ്ങുവില നിശ്‌ചയമായും ലഭ്യമാക്കണമെന്നും ഹർജിയിൽ റിലയൻസ്‌ പറഞ്ഞു. അതേസമയം, ബിസിനസ്‌ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള സൂത്രപ്പണിയാണ്‌ റിലയൻസ്‌ ഇൻഡസ്‌ട്രീസിന്റെ പ്രസ്‌താവനയെന്ന്‌ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി പ്രതികരിച്ചു.

ഫോർച്യൂൺ ബ്രാൻഡ്‌ ബസ്‌മതി അരി വിൽക്കുന്നത്‌ കിലോഗ്രാമിന്‌ 208 രൂപയ്‌ക്കാണ്‌. അദാനിഗ്രൂപ്പും ഇടനിലക്കാരും കർഷകർക്ക്‌ നൽകുന്നത്‌ 18–-25 രൂപ മാത്രവും. കർഷകരും ഉപഭോക്താക്കളും നേരിടുന്ന ചൂഷണത്തിന്റെ ഭീകരത ഇതിൽനിന്ന്‌ വ്യക്തമാണ്‌. ഇപ്പോൾ കർഷകരോഷം കോർപറേറ്റുകളെ ബാധിച്ചുതുടങ്ങി. റിലയൻസ്‌, അദാനി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ജനങ്ങൾ ഏറ്റുവാങ്ങി. ഇതിൽനിന്ന്‌ രക്ഷപ്പെടാനാണ്‌ വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്നത്‌. മഹാരാഷ്ട്രയിൽ അടക്കം റിലയൻസ്‌ വൻതോതിൽ കൃഷിഭൂമി വാങ്ങിയിട്ടുണ്ട്. മോഡിസർക്കാരിലെ മുതിർന്ന മന്ത്രിമാർ കോർപറേറ്റ്‌ അനുകൂല പ്രസ്‌താവനകൾ നടത്തുന്നതിലും കോ–ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here