വൈക്കം കായലില്‍ സൗരോര്‍ജ ബോട്ട് ‘ആദിത്യ’പരീക്ഷണ സര്‍വീസ് ആരംഭിച്ചു. വ്യാഴാഴ്ച ഇരുപതോളം സര്‍വീസുകളാണ് നടത്തിയത്.ഇരുകരകളില്‍ നിന്നും സൗജന്യമായിട്ടാണ് യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തിയത്.

പരീക്ഷണ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ബോട്ടിന് വന്നിട്ടുള്ള പോരായ്മകള്‍ പരിഹരിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഇന്നലെ സര്‍വീസ് ഉണ്ടായില്ല.സാധാരണ പത്ത് മിനിറ്റ് മതിയാകുന്ന സര്‍വീസ് തുടക്കത്തില്‍ ഇരുപത് മിനിറ്റോളമാണെടുത്തത്.ബോട്ടിനുള്ളില്‍ ടെലിവിഷന്‍, ഡിവിഡി,വൈഫൈ തുടങ്ങിയവ സജീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.ബോട്ട് അടുപ്പിക്കുന്നതിനായി ബോട്ട് ജെട്ടികളില്‍ നിലവിലുള്ള താങ്ങുകുറ്റികള്‍ക്കു പുറമെ പ്രത്യേക ബാഗുകള്‍ സ്ഥാപിച്ചിട്ടുണ്ട്.ബോട്ട് അടുപ്പിക്കുമ്പോള്‍ ഉരയല്‍ ഉള്‍പ്പെടെയുള്ള തകരാറുകള്‍ ഉണ്ടാകാതിരിക്കാനാണ് ഇത്.പിന്നീട് ഫ്‌ളോടിങ് ജെട്ടികള്‍ വരും.

പരമാവധി എഴുപത് പേര്‍ക്കാണ് ബോട്ടില്‍ സഞ്ചരിക്കാന്‍ സാധിക്കുക. ആരംഭത്തില്‍ ചില സര്‍വീസില്‍ അന്‍പതോളം പേരെ മാത്രണ് യാത്രചെയ്യിപ്പിച്ചത്. പരമാവധി യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തുമ്പോഴാണ് പരിക്ഷണ ഓട്ടത്തിന്റെ ലക്ഷ്യപ്രാപ്തി ലഭിക്കുന്നത്.പരീക്ഷണ ഓട്ടത്തില്‍ സൗജന്യ യാത്രയായതിനാനിലവില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന ബോട്ട് സര്‍വീസുകളില്‍ വരുമാനം കുറഞ്ഞു.
സൗരോര്‍ജ ബോട്ടിന് ഇരുപത് മീറ്റര്‍ നീളവും ഏഴു മീറ്റര്‍ വീതിയുമുണ്ട്.മണിക്കൂറില്‍ പതിനാല് കിലോമീറ്ററാണ് വേഗത.സാധാരണ വെയിലുള്ള ദിവസങ്ങളില്‍ ആറരമണിക്കൂര്‍ തുടര്‍ച്ചയായി ബോട്ട് ഓടിക്കാനാകും. ജര്‍മ്മന്‍ സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ബോട്ടിന് ഒന്നരക്കോടിരൂപയാണ് ചെലവ്. പരീക്ഷണ ഓട്ടത്തിന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍ ഉള്‍പ്പെടെയുള്ളവര്‍ മേല്‍നോട്ടം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here