ലണ്ടന്‍: പസഫിക് സമുദ്രതീരങ്ങളില്‍ ആദിമമനുഷ്യവാസത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ച് പഠനം. പുരാതന ഡി.എന്‍.എ റിപ്പോര്‍ട്ടുകളില്‍നിന്നാണു പുതിയ ഉള്‍ക്കാഴ്ച പകരുന്ന വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
ഭൂമിയില്‍ വളരെ വൈകി മനുഷ്യവാസം ആരംഭിച്ച പ്രദേശങ്ങളിലൊന്നാണ് പസഫിക് തീരങ്ങള്‍. പസഫിക് സമുദ്രത്തിലൂടെ കി.മീറ്ററുകള്‍ ചെറുവള്ളങ്ങളില്‍ താണ്ടിയാണ് ഇവിടെ മനുഷ്യന്‍ കാലുകുത്തുകയും കുടിയേറുകയും ചെയ്തത്. ശാസ്ത്ര പരിസ്ഥിതി ജേണലായ ‘നാച്വര്‍ ഇക്കോളജി ആന്‍ഡ് എവല്യൂഷന്‍ ആന്‍ഡ് കറന്റ് ബയോളജി’യിലാണു പുതിയ പഠനം പ്രസിദ്ധീകരിച്ചത്.
പഠനത്തിന്റെ ഭാഗമായി തെക്കു പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന വനുവാട്ടുവില്‍ അത്ഭുതകരമായ മനുഷ്യവൈവിധ്യമാണു കണ്ടെത്തിയത്. 1,300 കി.മീറ്റര്‍ ചുറ്റളവില്‍ 80 ഉപദ്വീപുകള്‍ ചേര്‍ന്നുള്ള പ്രദേശത്ത് അസാധാരണമാംവിധമുള്ള പലതരം ഭാഷകളും കണ്ടെത്തിയിട്ടുണ്ട്. ഈ ചെറിയ ദ്വീപില്‍ മാത്രം 130 ഭാഷകള്‍ സംസാരിക്കുന്നുണ്ടെന്നാണു വിവരം.
ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫസര്‍ ഡേവിഡ് റീച്ചിന്റെ നേതൃത്വത്തിലാണ് പുരാതന ഡി.എന്‍.എകള്‍ പരിശോധിച്ചുള്ള പഠനം നടന്നത്. പസഫിക്കിലെ വിദൂര ഉപദ്വീപുകളിലേക്കുള്ള പ്രവേശനമാര്‍ഗമായിരുന്നു വനുവാട്ടുവെന്ന് റീച്ച് പറഞ്ഞു. 3,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് തായ്‌വാനില്‍നിന്നുള്ള മനുഷ്യസംഘമാണ് ആദ്യമായി ഇവിടെ കാലുകുത്തിയത്. വളരെ പ്രഗത്ഭരായ കടല്‍യാത്രികരായിരുന്നു ഇവരെന്ന് പഠനത്തില്‍ പറയുന്നു. 
വനുവാട്ടുവിലെ 150 വര്‍ഷം മുന്‍പു വരെയുള്ള മനുഷ്യശരീരങ്ങളുടെ അവശിഷ്ടങ്ങളില്‍നിന്നാണു സംഘം ഡി.എന്‍.എ ശേഖരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here