സഹകരണ സംഘങ്ങള്‍വഴി തേങ്ങ സംഭരിക്കുമെന്ന സര്‍ക്കാരിന്റെ വാക്ക് പാഴാവുകയും വിപണിയില്‍ തമിഴ്‌നാട് ലോബി പിടിമുറുക്കുകയും ചെയ്തതോടെ തേങ്ങവില കുത്തനെ ഇടിയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരുകിലോ തേങ്ങക്ക് 15 രൂപയാണ് കുറഞ്ഞത്. 46 രൂപയുണ്ടായിരുന്ന തേങ്ങക്കിപ്പോള്‍ ലഭിക്കുന്നത് 28 മുതല്‍ 30 രൂപവരെയാണ്. തമിഴ്‌നാട്ടിലെ കാങ്കയം ആസ്ഥാനമായ ലോബിയാണ് തേങ്ങയുടെ വില നിയന്ത്രിക്കുന്നത്. ദിനംപ്രതി 2800 മുതല്‍ 3500 ടണ്‍വരെയാണ് കേരളത്തില്‍നിന്ന് കാങ്കയത്തേക്ക് പൊളിച്ച തേങ്ങ കയറ്റിപ്പോകുന്നത്. ഇവിടെയുള്ള കുത്തക മില്ലുടമകളും കച്ചവടക്കാരുമാണ് കേരളത്തിലെ തേങ്ങവില നിയന്ത്രിക്കുന്നത്. തേങ്ങക്ക് ക്ഷാമം നേരിടുന്നതിന്റെ തുടക്കത്തില്‍ മാത്രം വില കൂടുകയും പെട്ടെന്ന് കുറച്ചുകൊണ്ടുവരികയും ചെയ്യുന്ന രീതിയാണിവിടെ വര്‍ഷങ്ങളായുള്ളത്. 
ഇതിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പണമാണ് ഇടനിലക്കാരും കുത്തകകളും തട്ടിയെടുക്കുന്നത്. കൃഷിഭവന്‍ മുഖേനയുള്ള പച്ചത്തേങ്ങാ സംഭരണത്തില്‍ അപാകതയുണ്ടായതോടെയാണ് സര്‍ക്കാര്‍ സഹകരണ സംഘങ്ങള്‍വഴി തേങ്ങ ശേഖരിക്കാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞ നവംബറില്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല. കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് തേങ്ങക്ക് വില കൂടിത്തുടങ്ങിയത്. 15 മുതല്‍ 18 രൂപവരെയുണ്ടായിരുന്ന തേങ്ങവില ഒറ്റയടിക്ക് 28ലേക്ക് ഉയര്‍ന്നു. ഓണക്കാലത്ത് വില കിലോയ്ക്ക് 31 നും 34 നും ഇടയ്ക്കായിരുന്നു. തുടര്‍ന്ന് കഴിഞ്ഞയാഴ്ച 47 വരെയെത്തിയതായിരുന്നു.
എന്നാല്‍, തേങ്ങവരവില്‍ വേഗം കൂടിയതോടെയാണ് തമിഴ്‌നാട് ലോബി വില നിന്ത്രിച്ചുതുടങ്ങിയത്. തമിഴ്‌നാടിനെക്കൂടാതെ കര്‍ണാടകയിലേക്കും തേങ്ങ കയറ്റിപ്പോകുന്നുണ്ട്. ഇവര്‍ മികച്ച വില നല്‍കുമെങ്കിലും ആവശ്യം കുറവാണ്. തമിഴ്‌നാട്ടിലേക്കാണെങ്കില്‍ എത്ര സ്‌റ്റോക്കെടുക്കാനും തയാറാണ്. കേരളത്തില്‍ വില കുത്തനെ കൂടിയതോടെ ഈ വര്‍ഷമാദ്യം ലക്ഷദ്വീപില്‍നിന്ന് ബേപ്പൂര്‍വഴി തേങ്ങ വിപണിയിലെത്തിയിരുന്നു. ലക്ഷദ്വീപിലെ വിവിധ ചെറുദ്വീപുകളില്‍നിന്നായി ടണ്‍ കണക്കിന് നാളികേരമാണ് ബേപ്പൂരില്‍ ഉരുവഴി ഇറങ്ങിയത്. 
ദ്വീപുകളില്‍നിന്നുള്ള സഹകരണ സംഘങ്ങള്‍ മുഖേന സംഭരിക്കുന്ന കൊപ്ര ദ്വീപ് കോഓപ്പറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ മുഖേന വില്‍പനക്കെത്തിക്കുന്നതായിരുന്നു മുന്‍പത്തെ രീതി. വിപണിയില്‍ നല്ല വില ലഭിച്ചുതുടങ്ങിയിട്ടും സഹകരണ സംഘങ്ങള്‍ സംഭരണം തുടങ്ങാന്‍ സന്നദ്ധമാകാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ നേരിട്ട് കേരള വിപണിയില്‍ നാളികേരം എത്തിക്കാന്‍ തുടങ്ങിയത്. എന്നാല്‍, തമിഴ്‌നാട് ലോബിയുടെ നീക്കം എല്ലാം തകിടം മറിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവ് നടപ്പിലായാല്‍ ഇത്തരം ലോബികളെ പടിക്ക് പുറത്ത് നിര്‍ത്താനും കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കാനും ഇടയാക്കും.
അതേസമയം, വെളിച്ചണ്ണ വിലയില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. പൊതുമാര്‍ക്കറ്റില്‍ ഇറങ്ങുന്ന വെളിച്ചെണ്ണക്ക് ലിറ്ററിന് 130 മുതല്‍ 200 രൂപവരെയാണ് വില. എന്നാല്‍ ഇവയില്‍ പകുതിയും മായമാണ്. ഒരു കിലോ കൊപ്രക്ക് 130 രൂപയാണ് വില. ഇത് ആട്ടിയാല്‍ 600 മുതല്‍ 680 ഗ്രാം വരെ മാത്രമെ വെളിച്ചെണ്ണ ലഭിക്കുകയുള്ളു. മികച്ച ഒരു കിലോ കൊപ്രയുടെ 68 ശതമാനം മാത്രമെ വെളിച്ചെണ്ണ ലഭിക്കുകയുള്ളുവെന്ന് മില്ലുടമകള്‍ പറയുന്നു. അതായത് ഒരു ലിറ്റര്‍ വെളിച്ചെണ്ണ ലഭിക്കണമെങ്കില്‍ ഒന്നര കിലോ കൊപ്രയെങ്കിലും വേണം. കൊപ്രക്ക് മാത്രം 190 രൂപയെങ്കിലും നല്‍കി ആട്ടി 120 രൂപക്ക് ചില്ലറ വില്‍പ്പനക്കാരന് എങ്ങിനെയെത്തിക്കാനാകുമെന്ന ചോദ്യം ബാക്കിയാവുകയാണ്. എന്നാല്‍, തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലെത്തുന്ന വെളിച്ചെണ്ണക്കും കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന വെളിച്ചണ്ണക്കും മായത്തില്‍ കാര്യമായ മാറ്റമൊന്നുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here