ന്യൂഡൽഹി: ഇന്ത്യയുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന് കണ്ട് ടിക് ടോക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ച ശേഷം രാജ്യം സ്വന്തമായി ആപ്പുകൾ വികസിപ്പിക്കാനായി മുന്നിട്ടിറങ്ങുന്നു. ഇന്ത്യയുടെ ഐ.ടി മേഖല ഇതിനായി പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.ഇതിനായി കേന്ദ്ര ഐ.ടി/ഇലക്ട്രോണിക്സ് മന്ത്രാലയം അടൽ ഇന്നൊവേഷൻ മിഷനുമായി ചേർന്ന് ആത്മനിർഭർ ഭാരത് ഇന്നൊവേഷൻ പദ്ധതിക്ക് തുടക്കമിടുകയാണെന്നും മോദി പ്രഖ്യാപിച്ചു. നിലവിലുള്ള ഇന്ത്യൻ ആപ്പുകൾക്ക് പ്രചാരണം നൽകുക, പുതിയ ആപ്പുകൾ വികസിപ്പിക്കുക എന്നതായിരിക്കും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.ലിങ്ക്ഡ് ഇൻ വഴിയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇത് ഒരു വെല്ലുവിളിയായി കാണണമെന്നും ഈ ഉദ്യമത്തിൽ ടെക്ക് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.’പ്രവർത്തനക്ഷമമായ ഒരു ഉത്പന്നം നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ, അത്തരത്തിലുള്ള ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ദർശനവും നൈപുണ്യവും നിങ്ങൾക്ക് കൈമുതലായി ഉണ്ടെങ്കിൽ ഈ വെല്ലുവിളി നിങ്ങൾക്കുള്ളതാണ്. ടെക്ക് മേഖലയിലുള്ള എന്റെ എല്ലാ സുഹൃത്തുക്കളോടും ഈ ഉദ്യമത്തിൽ പങ്കാളിയാകാൻ ഞാൻ ആവശ്യപ്പെടുകയാണ്.’ പ്രധാനമന്ത്രി പറഞ്ഞു.ഇന്ന്, ഒരു ‘ആത്മനിർഭർ ഭാരത’ത്തിനായി രാജ്യം ആകമാനം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാൽ ടെക്ക് മേഖലയിലുള്ളവരുടെ പ്രയത്നത്തിന് ദിശാബോധം നൽകാനുള്ള മികച്ച അവസരമാണിതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

അവരുടെ കഷ്ടപ്പാടുകൾക്ക് ഗതിവേഗം നൽകാനും ആപ്പുകൾ വികസിപ്പിച്ചെടുക്കാനുള്ള അവരുടെ സമർഥ്യത്തിന് മാർഗദർശനം നൽകാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആപ്പുകൾ വികസിപ്പിക്കുന്നത് രാജ്യത്തിന്റെ വിപണിയെ തൃപ്തിപ്പെടുത്തുമെന്നും ലോകരാജ്യങ്ങളുമായി മത്സരിക്കാൻ ഇന്ത്യയ്ക്ക് കരുത്ത് നൽകുമെന്നും മോദി കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here