ന്യൂഡൽഹി: ഇന്റർനെറ്റ് രംഗത്ത് വൻ കുതിച്ച് ചാട്ടത്തിനൊരുങ്ങി റിലയൻസ് ജിയോ. ഇന്ത്യൻ വ്യോമയാന അതിർത്തിയിൽ ഇന്റർനെറ്റ് കണക്‌ടിവിറ്റി നൽകുന്നതിന് ജിയോ 22 അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി കരാറിലെത്തി. ഇതിനായുളള ഡാറ്റാ പ്ലാനുകളും കമ്പനി അവതരിപ്പിച്ചു.എയർ ലിംഗസ്, എയർ സെർബിയ, ബിമാൻ ബംഗ്ലാദേശ് എയർലൈൻസ്, കാതെ പെസഫിക്, ഈജിപ്ത് എയർ, എമിറേറ്റ്‌സ്, എത്തിഹാദ് എയർവെയ്‌സ്, യൂറോ വിംഗ്സ്, കുവൈറ്റ് എയർവെയ്‌സ്, ലുഫ്‌താൻസ, മലേഷ്യ എയർലൈൻസ്, മലിന്ദോ എയർ, സിംഗപുർ എയർലൈൻസ്, ടർക്കിഷ് എയർലൈൻസ്, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങി വിദേശ എയർവെയ്‌സ് കമ്പനികളുമായാണ് ജിയോ ധാരണയിലെത്തിയത്.

ഒരുദിവസത്തേയ്‌ക്ക് 499 രൂപയിൽ തുടങ്ങുന്ന ഡാറ്റാ പ്ലാനുകളാണ് ഇതിൽ ഏറ്റവും കുറഞ്ഞ പ്ലാൻ. ഈ പ്ലാനിൽ 250 എം.ബി ഡാറ്റയും 100 മിനിറ്റ് ഔട്ട്‌ഗോയിംഗ് കോളുകളും 100 എസ്.എം.എസുമാണ് ലഭിക്കുക. 699 രൂപയുടെയും 999 രൂപയുടെയും പ്ലാനുകളും ലഭ്യമാണ്. 699 രൂപയുടെ പ്ലാനിൽ 500 എം.ബി ഡാറ്റയും 100 മിനിറ്റ് ഔട്ട് ഗോയിംഗ് കോളുകളും 100 എസ്.എം.എസും ലഭിക്കും. 999 രൂപയുടേതിൽ ഒരു ജി.ബി ഡാറ്റയാണ് ലഭിക്കുക. ഔട്ട്‌ഗോയിംഗ് കോളുകൾ എസ്.എം.എസ് എന്നിവ മറ്റ് പ്ലാനുകൾക്ക് ഉളളത് തന്നെയാകും ഉണ്ടാവുക.കോൾ സേവനം തിരഞ്ഞെടുത്ത എയർലൈനുകളിൽ മാത്രമേ ലഭ്യമാകൂ. എയർലൈനുകൾക്ക് അനുസരിച്ച് ഡാറ്റയുടെ വേഗത്തിൽ വ്യതിയാനമുണ്ടാകും. രാജ്യത്തെ വ്യോമയാന നിയമങ്ങളനുസരിച്ച് ഇന്ത്യയുടെ പരിധിയിലെ ഇൻഫ്‌ളൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യൻ ടെലികോം സേവനദാതാവിന് മാത്രമെ നൽകാൻ കഴിയൂ. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയാണിത്. ടാറ്റ ഗ്രൂപ്പിന്റെ നെൽകോയുമായി സഹകരിച്ച് വിസ്താര മാത്രമാണ് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്ന ഒരേയൊരു ഇന്ത്യൻ എയർലൈൻസ്.

LEAVE A REPLY

Please enter your comment!
Please enter your name here