 ഓഹരി വിറ്റൊഴിയൽ അടുത്ത വർഷത്തേക്ക് നീണ്ടേക്കാമെന്ന് സൂചന

കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷനിലെ (ബി.പി.സി.എൽ) ഓഹരി പങ്കാളിത്തം വിറ്റൊഴിയാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾ അടുത്ത സാമ്പത്തിക വർഷത്തേക്ക് (2021-22) നീണ്ടേക്കും. ഓഹരി വില്പനയ്ക്കായി മൊത്തം 25 ഘട്ട നടപടികളാണ് കേന്ദ്രം ആസൂത്രണം ചെയ്‌തിട്ടുള്ളത്.ഇതിൽ, മൂന്നു ഘട്ടം മാത്രമേ നടപ്പുവർഷം പൂർത്തിയാകൂ എന്ന് സർക്കാർ വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നു. ഓഹരി വിറ്റൊഴിയലിന് മുമ്പായി, താത്പര്യപത്രം സമർപ്പിക്കാനുള്ള തീയതി മൂന്നാംവട്ടവും നീട്ടി ഈമാസം 30 ആക്കിയിരുന്നു. നടപ്പുവർഷം തന്നെ ഓഹരി പൂർണമായി വിറ്റൊഴിയുകയാണ് കേന്ദ്ര ലക്ഷ്യം. എന്നാൽ, അധികമായി എട്ടുമാസം വരെ എടുത്തേക്കുമെന്നും വിലയിരുത്തപ്പെടുന്നു. 2019 നവംബറിലാണ് ബി.പി.സി.എൽ ഓഹരി വില്പന കേന്ദ്രം പ്രഖ്യാപിച്ചത്.

വിറ്റഴിക്കുന്നത്

53.29 ശതമാനം
ബി.പി.സി.എല്ലിൽ 53.29 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്രസർക്കാരിനുള്ളത്. നികുതിവരുമാനം കുറഞ്ഞതോടെ, ധനക്കമ്മി പിടിച്ചുനിറുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രം പൊതുമേഖലാ ഓഹരികൾ വിറ്റൊഴിയുന്നത്.നിലവിലെ മൂല്യപ്രകാരം, ഓഹരി വിറ്റൊഴിയുന്നതിലൂടെ കേന്ദ്രസർക്കാരിന് 1,000 കോടി ഡോളർ വരെ (73,685 കോടി രൂപ) ലഭിച്ചേക്കും.

15 ശതമാനം
മുംബയ്, കൊച്ചി, ബിന (മദ്ധ്യപ്രദേശ്), നുമാലിഗഢ് (അസാം) എന്നിവിടങ്ങളിലായി നാല് റിഫൈനറികളാണ് ബി.പി.സി.എല്ലിനുള്ളത്. ഇതിൽ നുമാലിഗഢ് ഒഴികെയുള്ളവയാണ് വിറ്രൊഴിയുന്നത്. 38.3 മില്യൺ ടണ്ണാണ് ബി.പി.സി.എൽ റിഫൈനറികളുടെ മൊത്തം ശേഷി. ഇന്ത്യയുടെ മൊത്തം പെട്രോളിയം സംസ്കരണശേഷിയുടെ 15 ശതമാനമാണിത്. 15,177 പെട്രോൾ പമ്പുകൾ ബി.പി.സി.എല്ലിനുണ്ട്. എൽ.പി.ജി ബോട്ടിലിംഗ് പ്ളാന്റുകൾ 51. എൽ.പി.ജി ഡിസ്‌ട്രിബ്യൂട്ടർ എജൻസികൾ 6,011.

കേരളം

കോടതിയിലേക്ക്
ബി.പി.സി.എല്ലിനെ സ്വകാര്യവത്കരിക്കുന്നതിനോട് കേരളത്തിന് എതിർപ്പുണ്ട്. പ്രതിദിനം 3.10 ലക്ഷം ബാരൽ ഉത്‌പാദനശേഷിയുള്ള ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ വൻതോതിൽ തൊഴിൽനഷ്‌ടം ഉണ്ടായേക്കുമെന്നതാണ് കേരളത്തിന്റെ ആശങ്ക. ഓഹരി വില്പനയ്ക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here