ന്യൂഡല്‍ഹി: കര്‍ഷകര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി കിസാന്‍ പരേഡ് നടത്തുമെന്ന് സമര നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ചയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ‘കിസാന്‍ പരേഡ്’ നടത്തുമെന്ന മുന്നറിയിപ്പുമായി കര്‍ഷകര്‍ രംഗത്തെത്തിയത്.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഏഴംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് കര്‍ഷകര്‍ നിലപാടു വ്യക്തമാക്കിയത്.

”ട്രാക്ടറുകളില്‍ ദേശീയപതാകയുമായാണ് ജനുവരി 26ന് റാലി നടത്തുക. രാജ്യത്താകമാനം ഭരണസിരാകേന്ദ്രങ്ങളിലേക്ക് അന്നേ ദിവസം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും’; റിപ്പബ്ലിക് ദിനപരേഡിന് ശേഷമായിരിക്കും കര്‍ഷകരുടെ പരേഡെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഒന്നുകില്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കുക, അല്ലെങ്കില്‍ സേനയെ ഉപയോഗിച്ച് തങ്ങളെ നീക്കുക- ഇതാണ് സര്‍ക്കാരിന് മുന്നിലുള്ള രണ്ടു വഴികളെന്നു നേരത്തേ പറഞ്ഞിട്ടുള്ളതാണ്. മിനിമം താങ്ങുവില ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കര്‍ഷക പ്രതിനിധികള്‍ അറിയിച്ചു.

‘ജനുവരി നാലിന് ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ജനുവരി അഞ്ചിന് സുപ്രീംകോടതി ഇക്കാര്യത്തില്‍ വാദം കേള്‍ക്കും. സര്‍ക്കാരുമായുളള ചര്‍ച്ച പരാജയപ്പെടുകയും പരിഹാരം ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ ഹരിയാണയിലെ കുണ്ഡ്ലി- മനേസര്‍- പല്‍വാല് എക്സ്പ്രസ് വേയില്‍ ജനുവരി ആറിന് ഞങ്ങള്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തും ‘.

‘സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ന് വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവനുകള്‍ക്ക് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിക്കും.’

‘മിനിമം താങ്ങുവില ഇല്ലാതാക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അതിനായി നിയമം വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇത് ഞങ്ങളുടെ അവകാശമാണ്’ ;- കര്‍ഷക നേതാവ് ഗുര്‍നാം സിങ് ചധൂനി മാധ്യമങ്ങളോടു പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ല. 50 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന വാദം അടിസ്ഥാന രഹിതമാണ്. രണ്ട് പ്രധാന ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടില്ല. താങ്ങുവില സംബന്ധിച്ച ഉറപ്പ് നല്‍കുന്നകാര്യം കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടു പോലുമില്ല – ജെയ് കിസാന്‍ ആന്ദോളന്‍ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

ഈ ആഴ്ച ആദ്യം പ്രക്ഷോഭകര്‍ കേന്ദ്രവുമായി ആറാംവട്ട കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ഷകര്‍ മുന്നോട്ടു വെച്ച രണ്ടാവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും താങ്ങുവില സംബന്ധിച്ച ഉറപ്പും കേന്ദ്രം അംഗീകരിച്ചില്ല.

ബല്‍ബീര്‍ സിംഗ് രജേവാള്‍, ദര്‍ശന്‍പാല്‍ ,ഗുര്‍ണം സിംഗ് ചധുനി, അശോക് ധാവ്‌ളെ, ജഗ്ജിത് സിംഗ് ദല്ലേവാള്‍, അഭിമന്യു കൊഹാഡ്, , യോഗേന്ദ്ര യാദവ് എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here