……..തീർഥയാത്ര……..

പതിവുപോലെയുള്ള കാശി, രാമേശ്വരം യാത്രക്കായി ഒരു വിധം ഉന്തി തള്ളി ട്രയിനിൽ കയറി, സ്വന്തം ഇരിപ്പിടം കണ്ടു പിടിച്ച് കൈവശം ഉണ്ടായിരുന്ന ചെറിയ ബാഗ് ഒതുക്കി വെച്ച് രാമനാമം ജപിച്ചു. എത്ര വർഷങ്ങളായി താനീ യാത്ര തുടങ്ങിയിട്ട്. ട്രയിനിലെ തിക്കും തിരക്കിനും ഒരു മാറ്റവും ഇല്ല. മോക്ഷം തേടിയും, പിത്രുക്കളുടെ ആത്മശാന്തിക്കായും, തങ്ങളുടെ പ്രീയപ്പെട്ടവരുടെ ചിതാഭസ്മം ഗംഗയിൽ നിമജ്ജനം ചെയ്യാനുമായി പോകുന്നവർ.കഴിഞ്ഞ യാത്രകളിൽ എല്ലാം ഭാര്യ ഉണ്ടായിരുന്നു കൂട്ടിന്.ഇക്കൊല്ലം ഒറ്റക്കായി; അതും നന്നായി അല്ലെങ്കിൽ ഈ തിക്കിലും തിരക്കിലും പെട്ട് അവൾ ബുദ്ധിമുട്ടിയേനെ. ട്രയിൻ പതിയെ നീങ്ങിതുടങ്ങി;തിക്കും തിരക്കും കഴിഞ്ഞ് ആൾക്കാർ താൻതങ്ങളുടെ സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു.മറ്റു ചിലർ ഉറ്റവരെ വിട്ടു പോന്ന വിഷമത്തിൽ വാതിൽക്കൽ തന്നെ പുറകിലേയ്ക്ക് നോക്കി നിരാശയോടെ നിൽക്കുന്നു. ചിലർ സമയം തുലോം കളയാതെ ഉറങ്ങാനുള്ള വട്ടം കൂട്ടുന്നു. അപ്പോഴാണ് തൊട്ടെതിർവശത്തിരുന്ന സ്ത്രീയെയും പെൺ കുട്ടിയെയും ശ്രദ്ധിച്ചത്. എവിടെയോ കണ്ടു മറന്നതു പോലെ. ആ സ്ത്രീയുടെ മകൾ ആയിരിക്കണം. ഏറിയാൽ 18_20 വയസ്സ്.പഠിക്കുകയായിരിക്കണം. കൈയ്യിലുള്ള പുസ്തകത്തിൽ മുഖം കുമ്പിട്ട് ഇരിക്കുന്നു. സ്ത്രീയുടെ കൈയ്യിലുള്ള ബാഗ് മാറോട് ചേർത്ത് പിടിച്ചിരിക്കുന്നു. പ്രീയപ്പെട്ട ആരുടെയോ ചിതാഭസ്മം ആയിരിക്കണം; ഭാഗ്യം ചെയ്ത ആൾ. അറിയാതെ ഒരു ദീർഘനിശ്വാസം എന്നിൽ നിന്നും ഉതിർന്നത് അറിഞ്ഞു.
എതിർ വശത്തിരിക്കുന്ന സ്ത്രീയുടെ മുഖം ഓർമ്മയുടെ മറവികളിൽ എവിടെയോ മാറാല കെട്ടി കിടക്കുന്നു, എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ കഴിയുന്നില്ല.അവർ തന്നെയും ശ്രദ്ധിക്കുന്നുണ്ട്. എന്തോ മന:സ്സ് അസ്വസ്ഥമാകുന്നത് അറിഞ്ഞു .കുറെ സമയം കഴിഞ്ഞ് പോയി ,അതോ തനിക്ക് തോന്നിയതോ? ട്രയിൻ അതിന്റെ താളം വീണ്ടെടുത്ത് വേഗത്തിൽ ഓടാൻ തുടങ്ങി.
” അജയൻ എന്നല്ലെ പേര്”
പെട്ടെന്നുള്ള ചോദ്യത്തിന് മുൻപിൽ ഒരു നിമിഷം പതറിപ്പോയി
“എന്നെ മന:സ്സിലായില്ലേ അജയന്, ഞാൻ ജയശ്രീ ആണ് .താഴത്ത് തറവാട്ടിലെ ജയശ്രീ “

ഒരു നിമിഷം കേട്ടത് വിശ്വസിക്കാനാവാതെ സ്തംഭിച്ച് പോയി. എത്രയോ കാലങ്ങളായി പരസ്പരം കണ്ടിട്ട്.

” അജയൻ എന്താ തീർത്ഥയാത്രയ്ക്ക് ഇറങ്ങിയതാണോ?”

ജയശ്രിയെ വീണ്ടും കണ്ടതിന്റെ അമ്പരപ്പ് മാറുന്നതിന് മുൻപ് അടുത്ത ചോദ്യം …..

” അതേ …… ഒരു വിധത്തീൽ തീർത്ഥയാത്ര തന്നെ, എല്ലാ കൊല്ലവും പതിവുള്ളതാ, ഇക്കൊല്ലം ഭാര്യ കൂടെ ഇല്ല….. അത്രയേ ഉള്ളൂ”

“ഭാര്യക്ക് എന്തു പറ്റി … “

“ഹേയ് അവൾക്ക് ഒന്നും പറ്റിയതല്ല. അവൾ മകന്റെ കൂടെ വിദേശത്താണ്, അവന് ഈ അടുത്ത് ഒരു കുട്ടി പിറന്നു. അതിന് വേണ്ടി അവൾ അങ്ങോട് പോയി… കൂടെ ഉള്ളത് മകളാണോ? നീങ്ങൾ എങ്ങോട്ട് പോകുന്നു. തീർത്ഥയാത്ര അല്ലെന്ന് കരുതട്ടെ “

അരികിലിരുന്ന മകളുടെ തലയിൽ സ്നേഹത്തോടെ തലോടി ജയശ്രീ പറഞ്ഞു

” അതേ ഏറ്റവും ഇളയവൾ ,സി എ യ്ക്ക് പഠിക്കുന്നു. നാല് മക്കളാ, നാല് പെൺമക്കൾ മൂന്നു പേർക്കും ജോലിയായി വിവാഹവും കഴിഞ്ഞു.ഇവളുടെ പഠിത്തവും കൂടെ കഴിഞ്ഞിട്ട് വേണം കെട്ടിച്ച് വിടാൻ……. പക്ഷേ അത് കാണാൻ നിൽക്കാതെ അദ്ദേഹം പോയി”.
കൈയ്യിലിരുന്ന ബാഗ് ചേർത്ത് പിടിച്ച്ജയശ്രി തുടന്നു.

“ഇത് അദ്ദേഹത്തിന്റെ ചിതാഭസ്മം, ഗംഗയിൽ നിമജ്ജനം ചെയ്യാൻ വേണ്ടി പോവുകയാണ്. ഗംഗയിൽ ഒഴുകി മോക്ഷം നേടാണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം “

അവരുടെ കണ്ണുകളിൽ നിന്നും രണ്ട് തുള്ളി ജലകണം പൊടിഞ്ഞ് കവിളിലൂടെ താഴേയ്ക്ക് പതിച്ചു. സാരിത്തലപ്പു കൊണ്ട് കണ്ണു തുടച്ച് ചുണ്ടിൽ ഒരു ചിരി വരുത്തി ജയശ്രി ചോദിച്ചു.

” അജയന്റെ വിശേഷങ്ങൾ പറയൂ ഭാര്യ ,കുട്ടികൾ “

“രണ്ട് മക്കൾ ,രണ്ട് പേരും വിദേശത്ത്, ഇളയവന് രണ്ടാമത് ഒരു കുഞ്ഞുടെ ജനിച്ചു.അതിനെ നോക്കാനായി അവർ വന്ന് അമ്മയെം കൂട്ടി പോയി. ഞാനിവിടെ വീടും കാര്യങ്ങളുമായി ജീവിക്കുന്നു. എല്ലാ വർഷവും രണ്ട് പേരും കൂടെ ഉള്ള യാത്രയാണിത്.ഈ കൊല്ലം തനിച്ചായി”

ജയശ്രിയുടെ മകൾ പുസ്തകം അടച്ച് വെച്ച് പുറത്തെ കാഴ്ച്ചകളിലേയ്ക്ക് കൗതുക പൂർവ്വം നോക്കിയിരുന്നു.ജയശ്രീ ചോദിച്ചു.

“നമ്മൾ കണ്ടിട്ട് ഇപ്പോൾ ഏകദേശം 20 – 25 വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാവും അല്ലേ”

” 25 അല്ലെങ്കിലെ ഉള്ളു, ജയശ്രിയിൽ ഒരുപാട് മാറ്റങ്ങൾ. കണ്ടിട്ട് മന:സിലായതേ ഇല്ല”

ട്രയിനിന്റെ വേഗതക്കൊപ്പം പുറത്തെ കാഴ്ച്ചകൾ വേഗത്തിൽ പുറകിലേയ്ക്ക് മറയുന്നതുപോലെ മനഃസും പുറകിലേയ്ക്ക് കുതിച്ചു. തന്റെ ബാല്യത്തിലേയ്ക്ക്.അഞ്ചിലോ ആറിലോ ആയിരിക്കണം അച്ചന്റെ ജോലി സംബധമായി ഞങ്ങൾ ആ നാട്ടിലേയ്ക്ക് എത്തുന്നത്.ആ നാട്ടിലെ അറിയപ്പെടുന്ന താഴത്ത് തറവാടിനോട് ചേർന്നായിരുന്നു ഞങ്ങളുടെ വാടക വീട്. അവിടുത്തെ ഇളയ കുട്ടി ജയശ്രീ ,നാല് ആങ്ങളമരുടെ ഏക സഹോദരി.ഒരേ ക്ലാസിലായിരുന്നു ഞങ്ങൾ;എല്ലാവർക്കും വളരെ പ്രീയപ്പെട്ടവളായിരുന്നു ജയ. സ്കൂളിൽ പോകുന്നതും വരുന്നതും ഒരുമിച്ച്. വല്ലപ്പോഴും വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ ഞങ്ങൾ പങ്കിട്ട് കഴിച്ചു.മൂന്ന്, നാല് വർഷം ആ സ്നേഹ ബദ്ധം തുടർന്നു.

അച്ചന്റെ സ്ഥലംമാറ്റം ഞങ്ങളെ തമ്മിൽ വേർ പിരിച്ചു.പുതിയ സ്ഥലം പുതിയ കൂട്ടുകാർ പതിയെ പതിയെ ജയശ്രീയും ആ നാടും ഓർമ്മയിൽ നിന്നും മറഞ്ഞു. ഇതാ വീണ്ടും ഒരു അത്ഭുതമായി, പിന്നെയും ഒരു ഓർമ്മപ്പെടുത്തലായി ജയശ്രീ മുന്നിൽ.

“നിങ്ങൾ പോയതിന് ശേഷം ആ വീട് കുറെ കാലം ഒഴിഞ്ഞ് കിടന്നു. വല്ലപ്പോഴും ഞാനവിടെ പോയി കുറെനേരം അവിടൊക്കെ നടക്കും എന്നിട്ട് തിരികെ പോരും”

ജയശ്രീയുടെ വാക്കുകൾ ഓർമ്മകളിൽ നിന്നും അജയനെ തിരികെ എത്തിച്ചു.

” എന്നായിരുന്നു വിവാഹം, എവിടേയ്ക്കാ അയച്ചത്”

“അതൊരു വലിയ കഥയാ അജയാ; കുറെ ദൂരെയായിരുന്നു ചേട്ടന്റെ വീട്. അദ്ദേഹമായിരുന്നു മക്കളിൽ രണ്ടാമൻ.വിവാഹം കഴിഞ്ഞ് കുറെ ആയപ്പോൾ ഞങ്ങൾ ഒരു വാടക വീട്ടിലേയ്ക്ക് മാറി. തറവാട്ടിൽ നിന്നും അദ്ദേഹത്തിന്റെ വീതത്തിൽ കിട്ടിയ ഒരു തടിമില്ല് ഉണ്ടായിരുന്നു. അത്യാവശ്യം നല്ല പണി ഉണ്ടായിരുന്നത് കൊണ്ട് ജീവിതം വലിയ അല്ലലില്ലാതെ കടന്ന് പോയി. ഇവള് ജനിച്ച് കുറച്ച് കഴിഞ്ഞപ്പോഴെയ്ക്കും മില്ലിൽ നടന്ന ഒരു അപകടത്തിൽ അദ്ദേഹത്തിന് അരയ്ക്ക് താഴേയ്ക്ക് തളർന്ന് കിടപ്പിലായി. മില്ലിന്റെ പ്രവർത്തനം കുറച്ച് നാളുകൾ കൂടെ മുൻപോട്ട് പോയി പിന്നെ അത് പൂട്ടി. സ്വന്തമായി ഒരാവശ്യത്തിന് പോലും വീടുവിട്ടിറങ്ങാത്ത ഞാൻ പറക്കമുറ്റാത്ത ഈ നാല് കുഞ്ഞുങ്ങളും, തളർന്ന് പോയ ഭർത്താവിനെയും കൊണ്ട് എന്തു ചെയ്യണം എന്നറിയാതെ പകച്ച് നിന്നു. തറവാട്ടിലേയ്ക്ക് തിരികെ ചെല്ലാൻ ഏട്ടൻമാർ കുറെ നിർബദ്ധിച്ചു പക്ഷേ പോയില്ല. പണ്ട് കുറച്ച് തയ്യൽ ഒക്കെ പഠിച്ചത് ഉപകാരപ്പെട്ടു. എങ്കിലും പല ദിവസങ്ങളും പട്ടിണിയായിരുന്നു. ജീവിതത്തോട് പോരാടാതെ പറ്റില്ലല്ലോ? മൂത്തവൾ പത്ത് കഴിഞ്ഞപ്പോഴേക്കും കൊച്ച് കുട്ടികൾക്ക് ട്യുഷൻ എടുക്കാൻ തുടങ്ങി.അതും ഒരു ആശ്വാസമായി.മൂത്തവർ മൂന്നു പേരും പഠിച്ച് നല്ല ജോലിയായീ.”

“അവരൊക്കെ എന്ത് ചെയ്യുന്നു “

“മുത്തവൾ ബാങ്കിലും ബാക്കി രണ്ട് പേര് സ്കൂളിൽ , പഠിപ്പിക്കുന്നു. ഇവള് സി എ യ്ക്ക് പഠിക്കന്നു. കോഴ്‌സ് കഴിയാറാകുന്നു. ഇവളുടെ വിവാഹവും കൂടെ കണ്ടിട്ട് വേണം കണ്ണടക്കാൻ എന്നായിരുന്നു അദ്ദേഹത്തിന്. പക്ഷേ…….

പൊന്തി വന്ന വിതുമ്പൽ സാരിത്തലപ്പുകൊണ്ട് പൊത്തി എങ്കിലും കണ്ണ് നിറഞ്ഞൊഴുകിയത് തടയാൻ കഴിഞ്ഞില്ല. കൈയ്യിലിരുന്ന ബാഗ് നെഞ്ചോട് ചേർത്ത് പിടിച്ച് ജയശ്രീ വിതുമ്പി.

“എന്താ അമ്മേ ഇത് കരയാതെ, ആളുകൾ ശ്രദ്ധിക്കും.അമ്മ ഇങ്ങനെയാണ് അച്ചന്റെ കാര്യം പറഞ്ഞാൽ അപ്പോ കരയാൻ തുടങ്ങും, അങ്കിളത് കാര്യമാക്കണ്ട”

കണ്ണു നിറഞ്ഞത് അവർ കാണാതെ വേഗം തല തിരിച്ചു.തുവാല കൊണ്ട് മുഖം തുടച്ച് ഒരു തണുത്ത ചിരി അവൾക്ക് സമ്മാനിച്ച് ചായയുമായി വന്ന പയ്യനെ വിളിച്ച് നിർത്തി മൂന്ന് പേർക്കും ചായ വാങ്ങി. ചൂടു ചായ മൊത്തിക്കുടിച്ച് പുറത്തെ കാഴ്ച്ചകളിലേയ്ക്ക് വെറുതെ നോക്കിയിരുന്നു. തന്റെ ബാല്യത്തിൽ തന്നോടൊപ്പം കളിച്ച് നടന്നവൾ, തന്റെ കളിക്കുട്ടുകാരീ. ജീവിതത്തിന്റെ കടുത്ത വെല്ലുവിളികളെ ഒറ്റയ്ക്ക് ധൈര്യപൂർവ്വം നേരിട്ടവൾ. ജയശ്രിയെക്കുറിച്ച് അഭിമാനം തോന്നി. എന്ത് പ്രൗഡയായ സ്ത്രീ, ജീവിതത്തെ പൊരുതി തോൽപ്പിച്ചിരിക്കുന്നു. മക്കളെക്കുറിച്ച് പറയുംമ്പോൾ ആ കണ്ണുകളിൽ അഭിമാനം. ഭർത്താവിന്റെ ചിതാഭസ്മം ഗംഗയിൽ നിമജ്ഞനം ചെയ്യാൻ മകളുമൊത്ത് ഈ ട്രയിനിൽ തന്നോടൊപ്പം. തന്റെ സഹായം അവർക്ക് ആവശ്യമായി വരില്ല എങ്കിലും ഈ യാത്ര തീരും വരെ അവരോടൊപ്പം, ഒരു തണലായി.

ചായക്കപ്പ് കാലിയാക്കി പുറത്തേയ്ക്ക് എറിഞ്ഞ് അജയൻ പുറകിലേയ്ക്ക് ചാഞ്ഞ് കണ്ണുകൾ അടച്ചു. ട്രയിൻ തന്റെ ഉള്ളിൽ വഹിച്ചിരിക്കുന്ന ആളുകളെ താൻതാങ്കളുടെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനായി നീട്ടി ചൂളം വിളിച്ച് വേഗത്തിൽ മുൻപോട്ട് കുതിച്ചു…….

റോബിൻ കൈതപ്പറമ്പ് …….

LEAVE A REPLY

Please enter your comment!
Please enter your name here