ബലൂൺ പല തരത്തിലും പല വർണ്ണങ്ങളിലുമുണ്ട്. കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് അന്തരീക്ഷത്തിൽ പാറി കളിക്കുന്ന ബലൂൺ. അങ്ങനെയുള്ള ബലൂൺ പലതും നമ്മെ പഠിപ്പിക്കുന്നുണ്ട്. ഉയർന്നു പറക്കുന്ന ബലൂൺ പ്രധാനമായും നമുക്ക് നൽകുന്ന സന്ദേശം. പുറത്തുകാണുന്നതല്ല അകത്ത് കാണുന്നതാണ് എന്നെ ഉയരങ്ങളിൽ എത്തിക്കുന്നതെന്നാണ്. ശരിയല്ലെ; ബലുണിന്റെ ആകൃതിയോ പുറമേയുള്ള ഭംഗിയോ ഒന്നുമല്ല ബലൂണിനെ ഉയരങ്ങളിലെത്തിക്കുന്നത്. അതിൽ നിറഞ്ഞിരിക്കുന്ന വായുവാണ്. ഇതുപോലെയാണ് നമ്മൾ മനുഷ്യന്റെ കാര്യവും. നമ്മുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന നന്മകളാണ് നമ്മെ ഉയരങ്ങളിലെത്തിക്കുന്നത്. ഇതിന് സമാനമായ ഒരു കഥ ഞാൻ പറയാം. എനിക്ക് പരിചയത്തിലുള്ള ഒരു വനിതയുണ്ട്. നല്ല കഴിവുള്ളയാൾ. ആരെയും എപ്പോഴും പ്രോത്സാഹിപ്പിക്കാൻ ഓടി നടക്കും. പക്ഷേ, തന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനോ കണ്ടെത്താനോ ആരും ഉണ്ടായിട്ടില്ലെന്ന് മാത്രം. ആയതിനാൽ അവർ കൂടുതൽ അതിനെപ്പറ്റി ചിന്തിക്കാറുമില്ല. തന്റെ മക്കൾക്ക് വേണ്ടി ജീവിച്ച് പോകുന്നു. ഇവർക്ക് 3 പെൺകുട്ടികൾകുട്ടികളാണ് ഉള്ളത്. അവരും മിടുക്കർ തന്നെ. ഒരിക്കൽ നിനച്ചിരിക്കാതെ ഈ വനിതയുടെ കൈയ്യിൽ ഒരു മനോഹരമായ ക്രിസ്ത്രിയഗാനങ്ങളുടെ ഒരു വീഡിയോ കിട്ടി.

ആരെയും ആകർഷിക്കുന്ന മനോഹര ഗാനങ്ങൾ. ആ ഗാനങ്ങൾ ഈ വനിത ആസ്വദിക്കുക മാത്രമല്ല ചെയ്തത്. അതിന് നേതൃത്വം കൊടുത്ത കലാകാരനെ അഭിനന്ദിക്കാനും ഒരു മനസ്സ് അവർ ഉണ്ടാക്കി. അതിന് അവർ ഒരു മാർഗ്ഗവും കണ്ടെത്തി. ആ വീഡിയോയിൽ തന്റെ ശ്രദ്ധയിൽ‌പ്പെട്ട ഒരു ഈ മെയിൽ ഐഡി എടുത്തു. ആ ഐഡിയിൽ പാട്ട് എഴുതിയ കലാകാരനെ അഭിനന്ദിച്ചുകൊണ്ട് ഒരു സന്ദേശം അയയ്ക്കുകയും ചെയ്തു. ഒരു അഭിനന്ദനം തീർച്ചയായും നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഒരു അഭിനന്ദനം ചിലപ്പോൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം. പലപ്പോഴും പലരും കൊടുക്കാൻ മടിക്കുന്നതും പലരിൽ നിന്നും കിട്ടാനും ഇല്ലാത്ത കാര്യം. ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു അപരിചിത തന്റെ ഗാനങ്ങൾ കേട്ട് തന്നെ അഭിനന്ദിച്ചു കൊണ്ട് എഴുതിയ ആ മെസേജ് കണ്ടപ്പോൾ പാട്ടെഴുതിയ കലാകാരന് എന്തെന്നില്ലാത്ത ആശ്ചര്യം തോന്നി. ഒപ്പം എന്തെന്നില്ലാത്ത ആഹ്ലാദവും സന്തോഷവും. ആരും ഇതുവരെ ചെയ്യാത്ത കാര്യമെന്ന് ആ വ്യക്തി സ്വയം ചിന്തിച്ചു. തന്റെ ഗാനങ്ങൾ പലപ്പോഴായി പല തവണ പല രീതിയിൽ പ്രെമോഷൻ നടത്തിയിട്ടുണ്ടെങ്കിൽ ഇതുവരെ ആരും ഇങ്ങനെ ചെയ്തിട്ടില്ല. ഒരാൾ ചെയ്യുന്ന നന്മകളെ അഭിനന്ദിക്കാൻ മെനക്കെടാൻ ആർക്കാണ് സമയം. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മെസേജ് കിട്ടുന്നത്. അയാൾ തിരിച്ച് നമ്മുടെ വനിതയെ ബന്ധപ്പെട്ടു. അഭിനന്ദനത്തിന് നന്ദി അറിയിച്ച് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അപ്പോഴാണ് തന്റെ മകൾ ഒരു
പാട്ടെഴുതി വെച്ചിരിക്കുന്ന കാര്യം ഈ വനിത അദേഹത്തിന്റെ ശ്രദ്ധയിൽ‌പ്പെടുത്തിയത്. ആ ഗാനം തന്റെ മെയിലിൽ അയച്ച് തരാൻ അയാൾ ആവശ്യപ്പെട്ടു. കൊച്ച് പെൺകുട്ടിയുടെ പാട്ട് കണ്ട് സന്തോഷവാനായ നമ്മുടെ കലാകാരൻ അതിന് വേണ്ട തിരുത്തലുകൾ വരുത്തി മ്യൂസിക് ഇട്ട് അത് ഈ വനിതയെ തന്നെ തിരികെ ഏല്പിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം അദേഹം മ്യൂസിക് ചെയ്ത ഗാനശേഖരങ്ങളുടെ ആൽബത്തിൽ ഏട്ടാം ക്ലാസുകാരിയുടെ ഗാനവും ആ കുട്ടിയുടെ പേരിൽ തന്നെ ഉൾപ്പെടുത്താൻ തയാറായി. അപ്പോഴാണ് നമ്മുടെ വനിതാ സുഹൃത്ത് ഒരു അഭിനന്ദനത്തിന്റെ മഹത്വം തിരിച്ചറിയുന്നത്. തിരിച്ച് ബന്ധപ്പെട്ടയാൾ അഭിനന്ദിച്ചയാൾക്ക് കൊടുത്തത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അമൂല്യനിധിയായിരുന്നു. ആ സ്ത്രീക്ക് ഈ ജന്മത്തിൽ തന്റെ സേവനങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരവും. ഒരു പക്ഷേ, അവർക്കും ആദ്യമായിട്ടായിരിക്കും ഇത്തരത്തിൽ ഒരു അംഗീകാരം കിട്ടുന്നത്. നന്മകൾ നമ്മളിൽ നിന്ന് പുറപ്പെടുവിക്കുമ്പോൾ അറിയാതെ ഫലം വന്നുകൊള്ളും എന്നതിന് തെളിവ്. കാരണം മനുഷ്യനിലെ നന്മകൾ ദൈവീകമാണ്. ഇത് എന്റെ ഒരു സന്ദേശം മാത്രം. ഇത് ഏവർക്കും ഒരു പാഠമാകട്ടെ. നമ്മൾ എങ്ങനെ ഒരാൾക്ക് കൊടുക്കുന്നോ അതാവും തിരിച്ച് കിട്ടുക. നന്മകൾ കൊടുക്കുക എന്നത് ദൈവീകമാണ്. അതൊന്നും നിർബന്ധിച്ച് ചെയ്യിക്കേണ്ടവയല്ല. നമ്മുടെ ഉള്ളിൽ നിന്നും സ്വയം വരേണ്ടതാണ്. അർഹതയുള്ളവരെ അംഗീകാരിക്കാനും,
അഭിനന്ദിക്കാനും, സഹായത്തിന് നന്ദി പറയാനും, വഴിതെളിച്ചവരെ ഓർക്കാനും, അബലരെയും ആലംബഹീനരെയും സഹായിക്കാനുമുള്ള മനസ്സ് ഉള്ളിൽ സ്വയം ആർജ്ജിച്ച് എടുക്കേണ്ടതാണ്. അതാവും നമ്മെ വിജയത്തിലെത്തിക്കുക..അതാണ് ബലൂണുകളും നമ്മളോട് പറയുന്നത്. മറ്റുള്ളവർക്ക് നന്മകൾ കൊടുത്തുകൊണ്ട് നമുക്ക് വളരാം, നേടാം. വിജയിക്കാം. ആശംസകൾ……

(സോണി ജോസഫ് കല്ലറയ്ക്കൽ).

LEAVE A REPLY

Please enter your comment!
Please enter your name here