ബംഗളൂരു: കേൾക്കാൻ ഒട്ടുമേ ആഗ്രഹമില്ലാത്ത ഒരു ദു:ഖവാർത്ത കേൾക്കേണ്ടിവന്നതിൻറെ ആഘാതത്തിലാണ് ഇന്ത്യൻ സിനിമാലോകം, വിശേഷിച്ചും കന്നഡ സിനിമ. സാൻഡൽവുഡ് എന്നറിയപ്പെടുന്ന കന്നഡ സിനിമയെ സംബന്ധിച്ച് പുനീത് രാജ്കുമാർ എല്ലാമെല്ലാമായിരുന്നു. പ്രിയതാരത്തെ പ്രവേശിപ്പിച്ചതറിഞ്ഞ് ബംഗളൂരു വിക്രം ആശുപത്രിയ്ക്കു  മുന്നിൽ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ അടക്കിനിർത്തിയിരുന്ന ദു:ഖം പൊട്ടിക്കരച്ചിലുകളും നിലവിളികളുമായി അന്തരീക്ഷത്തെ വീണ്ടും ഖനീഭവിപ്പിച്ചു.

നിലവിൽ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനായി എത്തിച്ചിരിക്കുകയാണ് പുനീതിൻറെ മൃതദേഹം. വിലാപയാത്രയിലും പൊതുദർശനത്തിലും ആയിരങ്ങളാണ് പങ്കെടുക്കുന്നത്. വൻ സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നത്. മരണവാർത്തയ്ക്കു പിന്നാലെ സംസ്ഥാനത്തെ തിയറ്ററുകൾ അടച്ചിടാനും നിർദേശം കൊടുത്തിട്ടുണ്ട്. അതേസമയം പുനീതിൻറെ ആഗ്രഹപ്രകാരം അദ്ദേഹത്തിൻറെ കണ്ണുകൾ ദാനം ചെയ്യുമെന്ന വിവരം പുറത്തെത്തിയിട്ടുണ്ട്.

ഭാഷാഭേദമന്യെ മറ്റു ഭാഷാ സിനിമകളുമായും അവിടുത്തെ താരങ്ങളുമായും ഊഷ്മളമായ സൗഹൃദം സൂക്ഷിച്ചിരുന്ന പുനീതിൻറെ വിയോഗത്തിൽ സമൂഹമാധ്യമങ്ങളിലും അനുശോചന പ്രവാഹമാണ്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ടൊവീനോ തോമസ്, ചിരഞ്ജീവി, മഹേഷ് ബാബു, മാധവൻ, ജൂനിയർ എൻ ടി ആർ, ആര്യ, വിശാൽ എന്നിവരൊക്കെ പ്രിയങ്കരനായ കന്നഡ താരത്തിൻറെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു 46 കാരനായ പുനീതിൻറെ മരണം. കന്നഡ സിനിമയിലെ ഇതിഹാസ നടൻ രാജ്കുമാറിൻറെ മകനാണ്. രാജ്കുമാറ് നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. ‘ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു.  മുതിർന്നശേഷം  അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്കുമാർ അതേ വിളിപ്പേരിലാണ് ആരാധകർക്ക് ഇടയിൽ അറിയപ്പെട്ടിരുന്നതും. കന്നഡയിൽ വിജയ നായകനായി തുടരുന്നതിനിടെയാണ് അദ്ദേഹത്തിന് അകാലവ യോഗമുണ്ടായിരിക്കുന്നത്. അപ്പു, അഭി, വീര കന്നഡിഗ, ആകാശ്, ആരസു, മിലാന, വംശി, റാം , ജാക്കീ, ഹുഡുഗരു, രാജകുമാര തുടങ്ങിവയാണ് പുനീത് രാജ്കുമാറിന്റെ ഹിറ്റ് ചിത്രങ്ങൾ. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമായിരുന്നു. ഹു വാണ്ട്‌സ് ടു ബി എ മില്ല്യണർ എന്ന  ഷോയുടെ കന്നഡ പതിപ്പായ ‘കന്നഡാഡ കോട്യാധിപതി’ യിലൂടെ ടെലിവിഷൻ അവതാരകനായും ശ്രദ്ധ നേടിയിരുന്നു പുനീത് രാജ്കുമാർ.

 
 
 

LEAVE A REPLY

Please enter your comment!
Please enter your name here