ബംഗളുരു: കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പുനീത് രാജ്കുമാറിന്റെ ആരാധകൻ ആത്മഹത്യ ചെയ്തു. കർണാടകയിലെ ബെലാഗാവി ജില്ലയിലെ അതാണി സ്വദേശി രാഹുൽ ഗാദിവദരയാണ് ആത്മഹത്യ ചെയ്തത്. പുനീതിന്റെ കടുത്ത ആരാധകനായ രാഹുൽ, താരത്തിന്റെ ചിത്രത്തിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച ശേഷം അതിന്റെ സമീപത്ത് തന്നെ തൂങ്ങി മരിക്കുകയായിരുന്നു.

കർണാടക സ്വദേശികളായ മറ്ര് രണ്ട് പേർ പുനീതിന്റെ മരണവാർത്തയറിഞ്ഞ് ഹൃദയാഘാതം നിമിത്തം മരണമടഞ്ഞു. ചംരാജ്നഗർ സ്വദേശി മുനിയപ്പയും ബാലെഗാവ് സ്വദേശി പരശുറാം ദെമനനന്നാവാറുമാണ് മരണമടഞ്ഞത്. 30കാരനായ മുനിയപ്പ പുനീതിന്റെ കടുത്ത ആരാധകനായിരുന്നെന്നും താരം കുഴഞ്ഞു വീണ വാർത്തയറിഞ്ഞതു മുതൽ നിർത്താതെ കരയുകയായിരുന്നെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. പുനീതിന്റെ മരണവാർത്ത ടി വിയിൽ കേട്ടയുടൻ കുഴഞ്ഞു വീണ മുനിയപ്പയെ പൊന്നാച്ചിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർഷകനായ മുനിയപ്പയ്ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

ടിവിയിൽ വാർത്ത കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു പരശുറാമിനും ഹൃദയാഘാതം ഉണ്ടായത്. പുനീതിന്റെ കടുത്ത ആരാധകനായിരുന്നു പരശുറാമെന്നും താരം ആശുപത്രിയിലാണെന്ന വിവരമറിഞ്ഞപ്പോൾ മുതൽ പ്രാർത്ഥനയിലായിരുന്നെന്നും ബന്ധുക്കൾ വ്യക്തമാക്കി. മരണവാർത്തയറിഞ്ഞ ഉടൻ തന്നെ പരശുറാമിന് ഹൃദയാഘാതം ഉണ്ടായെന്നും ആശുപത്രിയിൽ പോലും എത്തിക്കാൻ സാധിച്ചില്ലെന്നും അവർ അറിയിച്ചു.

ഉഡുപ്പി ജില്ലയിലുള്ള സതീശ് എന്ന ഓട്ടോ ഡ്രൈവർ പുനീതിന്റെ മരണവാർത്തയറിഞ്ഞപ്പോൾ സ്വന്തം കൈ ചതച്ചു പരിക്കേൽപ്പിച്ചു. സതീശ് ഓട്ടിക്കുന്ന ഓട്ടോയിൽ തന്നെ ഇടിച്ചാണ് ഇയാൾ കൈക്ക് പരിക്കേൽപ്പിച്ചത്. കണ്ടു നിന്നവർ ചോദിച്ചപ്പോൾ തന്റെ പ്രിയതാരത്തിന് ആദരാഞ്ജലി അർപ്പിക്കുകയാണെന്നായിരുന്നു മറുപടി. നിലവിൽ ഉഡ‌ുപ്പിയിലുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലാണ് സതീശ്. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here