‘മരക്കാർ’  സിനിമയുടെ തിയറ്റർ റിലീസിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യമെന്ന് മോഹൻലാൽ. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിന് നൽകിയിരുന്നില്ലെന്നും തിയറ്റർ റിലീസ് എന്നത് തീരുമാനിച്ച ശേഷമാണ് ഒടിടിയുമായി കരാർ ഒപ്പിട്ടതെന്നും മോഹൻലാൽ പറഞ്ഞു. തിയറ്റർ റിലീസിനു ശേഷം ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രഖ്യാപന സമയം മുതൽ സിനിമാപ്രേമികൾക്കിടയിൽ കൗതുകമുണർത്തിയിരുന്ന ചിത്രത്തിൻറെ റിലീസിന് ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഡിസംബർ 2 ന് ലോകമെമ്പാടുമുള്ള പ്രദർശനശാലകളിൽ മരക്കാർ എത്തും. ട്രെയ്‌ലർ, ടീസർ, പാട്ടുകൾ, പോസ്റ്ററുകൾ അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകൾക്ക് വൻ പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാത്തുകാത്തിരുന്ന ചിത്രത്തിൻറെ റിലീസ് ആഘോഷമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് മോഹൻലാൽ ആരാധകർ. റിലീസ് ദിനത്തിൽ കേരളത്തിൽ മാത്രം ചിത്രത്തിന് അറുനൂറിലധികം ഫാൻസ് ഷോകൾ ആണുള്ളത്. പ്രധാന കേന്ദ്രങ്ങളിലൊക്കെ ഡിസംബർ 2 അർധരാത്രി മുതൽ ചിത്രത്തിൻറെ പ്രദർശനം ആരംഭിക്കും.

പ്രിയദർശൻറെയും മോഹൻലാലിൻറെയും സ്വപ്‌ന പ്രോജക്റ്റ് കൂടിയാണ് ഇത്. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രവുമാണ് മരക്കാർ. കൊവിഡ് എത്തുന്നതിന് മുൻപ് തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് ഒന്നര വർഷത്തിലേറെ നീണ്ടുപോയി. രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകൾ തുറന്ന സമയത്ത് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന് പറഞ്ഞെങ്കിലും പിന്നാലെ തിയറ്റർ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here