തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി സംവിധായകൻ രഞ്ജിത്ത് ചുമതലയേറ്റു. ഇന്ന് രാവിലെ കഴക്കൂട്ടം കിൻഫ്ര വീഡിയോ പാർക്കിലുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമി ഓഫീസിൽ എത്തിയാണ് ചുമതലയേറ്റെടുത്തത്. 2016 മുതൽ സംവിധായകൻ കമൽ ആയിരുന്നു ചെയർമാൻ. അദ്ദേഹം ഒഴിഞ്ഞതോടയാണ് രഞ്ജിത്ത് നിയമിതനായത്. കഴിഞ്ഞ ദിവസമായിരുന്നു രഞ്ജിത്തിനെ നിയമിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയത്.

ഏറ്റെടുത്തത് വലിയ ഉത്തരവാദിത്തം ആണെന്നും മുന്നോട്ടു പോകാൻ പൊതുസമൂഹത്തിന്റെ പിന്തുണ വേണം എന്നും രഞ്ജിത്ത് പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായില്ലെങ്കിൽ ചലച്ചിത്ര മേള മുൻനിശ്ചയിച്ചത് പ്രകാരം നടത്തും. പിന്തുണയുണ്ടെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

കുറെയധികം പേർ ഓഫീസ് മുറികളിലെ കസേരയിൽ ഇരുന്ന് നിയന്ത്രിക്കുന്ന പ്രവർത്തനരീതിയും ശൈലിയും ആയിരിക്കുകരുതെന്ന് എന്ന് വിശ്വാസിക്കുന്ന ആളാണ് ഞാൻ. പലരോടും ആശയങ്ങൾ സമാഹരിക്കുകയും എന്താണ് അക്കാദമിയുടെ വരുംകാല പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് നിർദ്ദേശങ്ങൾ പറയാനുള്ളതും അത് പ്രാധാന്യത്തോടെ കേൾക്കാനുള്ള മനസുണ്ടാകുമെന്നും അതനസരിച്ച് മുന്നോട്ടു പോകുമെന്നും രഞ്ജിത്ത് പറഞ്ഞു.

വലിയ ഉത്തരവാദിത്വമാണ് താൻ ഏറ്റെടുത്തിരിക്കുന്നതെന്നും തെറ്റുകൾ മാത്രം വിളിച്ച് പറയാതെ തിരുത്തലുകൾ കൂടി നിർദ്ദേശിക്കുകയും പൊതുസമൂഹത്തിന്റെ പിന്തുണയും മാദ്ധ്യങ്ങളുടെ സപോർട്ടും ഉണ്ടെങ്കിൽ മികച്ച പ്രവർത്തനം കാഴ്ച വയ്കാനാകും അദ്ദേഹം പറഞ്ഞു. വിട്ടൊഴിയാൻ തുടങ്ങിയ കോവിഡ് വീണ്ടും രൂക്ഷമാകുന്ന വാർത്തകളാണ് നാം കേൾക്കുന്നത്. അതിനാൽ വരുന്ന ഫെസ്റ്റുവൽ ഫെബ്രുവരി 4ന് നടത്താൻ കഴിയുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്നും പ്രതീക്ഷിക്കാനേ വകയുള്ളുവെന്നും രഞ്ജിത്ത് പറഞ്ഞു.

താൻ ഇങ്ങോട്ട് കാലെടുത്ത് വച്ചതേയുള്ളു. എന്തായാലും പുത്തൻ അച്ചി പുരപ്പുറം തൂക്കില്ല. വരുദിവസങ്ങളിൽ സാംസ്‌കാരിക വകുപ്പിന്റെയും തന്നോടൊപ്പമുള്ളവരെയുമായി ചർച്ച ചെയ്ത് സമവായത്തിലൂടെ മാത്രമെ കാര്യങ്ങൾ ചെയ്യു. സിനിമകൾ ചെയ്യും. പോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ എൻ.പി. സജീഷ്, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി, അക്കാദമി സെക്രട്ടറി അജോയ്, വൈസ് ചെയർ പേഴ്സൺ ബീനാപോൾ, ട്രഷറർ ശ്രീലാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അതേസമയം സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനത്തേക്കുള്ള നിയമനത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നേരത്തെ കെപിഎസി ലളിത കൈകാര്യം ചെയ്ത ഈ പദവിയിൽ അവർക്ക് പിൻഗാമിയായി ഗായകൻ എം.ജി.ശ്രീകുമാറിനെ നിയമിക്കാൻ ആയിരുന്നു സിപിഎം സംസ്ഥാന സമിതിയിലുണ്ടായ ധാരണ. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ എംജി ശ്രീകുമാർ ബിജെപി സ്ഥാനാർത്ഥിക്കായി പ്രചാരണത്തിന് ഇറങ്ങിയതടക്കമുള്ള സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ എം ജിയുടെ നിയമനത്തിൽ സർക്കാരും എൽഡിഎഫും പിന്നോട്ട് പോയെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here