രാജേഷ് തില്ലങ്കേരി

മസിൽ പെരുപ്പിക്കുന്ന കഥാപാത്രങ്ങളാണ് ഉണ്ണിമുകുന്ദൻ എന്ന യുവടൻ പതിവായി കൈകാര്യം ചെയ്തിരുന്നത്. സിനിമയിൽ എത്തി 10 വർഷം പിന്നിടുന്ന ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിൽ വമ്പൻ മാറ്റങ്ങളുമായാണ് മേപ്പടിയാൻ എത്തിയത്. പ്രേക്ഷകരെ തിയറ്ററിൽ പിടിച്ചിരുത്താൻ മസിലൊന്നുമല്ല റിയലിസ്റ്റിക് കഥയാണ് വേണ്ടതെന്ന് ഉണ്ണിയും തിരിച്ചറഞ്ഞിരിക്കുന്നു.

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം നിർവ്വഹിച്ച മേപ്പടിയാൻ അതുകൊണ്ടുതന്നെ ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് ആർക്കും സംശയം വേണ്ട. മല്ലുസിംഗിലെ ഉണ്ണിയെ നമുക്ക് മറക്കാം. മേപ്പടിയാനിലെ ഉണ്ണി മുകുന്ദൻ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.



ഈരാറ്റുപേട്ടയിലെ ഒരു മെക്കാനിക് വർക്ക് ഷോപ്പ് നടത്തി ഉപജീവനം കഴിച്ചിരുന്ന ജയകൃഷ്ണനെന്ന കഥാപാത്രമായാണ് ഉണ്ണി മേപ്പടിയാനിൽ എത്തുന്നത്. അധ്വാനിച്ച് സമാധാന ജീവിതം നയിക്കുന്ന ജയകൃഷ്ണനെ അബന്ധങ്ങളിലേക്ക് അയാളുടെ നാട്ടിലെ കച്ചവടക്കാരനായ വർക്കി എത്തിക്കുന്നതിലാണ് കഥയുടെ വികാസം. വസ്തുക്കച്ചവടത്തിലൂടെ ലാഭം നേടാമെന്ന വർക്കിയുടെ അതിബുദ്ധി ജയകൃഷ്ണന്റെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്നു.
മധ്യകേരളത്തിൽ ഒരു കുടുംബം വസ്തുവിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നത് മകളെ കെട്ടിക്കാനായിരിക്കും. ഭൂമി വിൽക്കുന്നവർ അത്യാവശ്യക്കാരാണെന്ന് കണ്ടാൽ വിലകുറച്ച് വാങ്ങിക്കാനായി വരുന്ന ഒരു കൂട്ടരുമുണ്ട്. ഇതെല്ലാം മേപ്പടിയാനിൽ വിഷയമാവുന്നുണ്ട്. സർക്കാർ ഓഫീസുകളിലെ സ്ഥിരം വിഷയമാവുന്ന അഴിമതി, കെടുകാര്യസ്ഥത, താൻപ്രമാണിത്വം തുടങ്ങിയവയും മേപ്പടിയാൻ ചർച്ച ചെയ്യുന്നുണ്ട്.



കഥാപാത്രങ്ങൾക്ക് അനുസരിച്ചുള്ള ആർട്ടിസ്റ്റുകളെ കണ്ടെത്തുന്നതിലാണ് സംവിധായകന്റെ വിജയം. വിഷ്ണു മോഹന്റെ ആദ്യ ചിത്രമാണ് മേപ്പടിയാൻ എന്ന് ആർക്കും തോന്നില്ല, അത്രയേറെ കയ്യടക്കമാണ് കാസ്റ്റിംഗിൽ പുലർത്തിയത്. സൈജു കുറുപ്പിനെ കൂടി പറയാതെ മേപ്പടിയാൻ പൂർണമാവില്ല. ഇത്രയേറെ തന്മയത്വത്തോടെ വർക്കിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സൈജു കാണിച്ച പാടവം ഏറെ അഭിനന്ദനീയം.  മിനി സ്‌ക്രിനിൽ നിന്നും നിഷ സാരംഗിനുള്ള പ്രമോഷൻ കൂടിയായി മേപ്പടിയാൻ. അജുവർഗീസും, ഇന്ദ്രൻസ് എന്നിവരുടെ പ്രകടനവും ശ്രദ്ധേയമാണ്. കോട്ടയം രമേശ് അവതരിപ്പിച്ച ആശാൻ കഥാപാത്രവും ശ്രീജിത്ത് രവിയുടെ എസ് ഐ വേഷവും, കലാഭവൻ ഷാജോണന്റെ രജിസ്ട്രാറും ഒക്കെ മികച്ചതാണ്.
പിഴവില്ലാത്ത തിരക്കഥയാണ് മേപ്പടിയാന്റെ വിജയത്തിന്റെ പ്രധാന ഘടകം. സംവിധായകനായ വിഷ്ണു മോഹൻ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗ്രാമീണ ജീവിതവും, കാഴ്ചകളും ഒക്കെ സിനിമയെ കൂടുതൽ അഴകുള്ളതാക്കി മാറ്റുന്നുണ്ട്.

എന്തായാലും റിയലിസ്റ്റിക്ക് സിനിമ എന്ന നിലയിൽ മേപ്പടിയാൻ കലക്കും എന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.  ഒന്നാം നിര സംവിധായകർക്ക് ഉണ്ണി മുകന്ദനെ കാസ്റ്റ് ചെയ്യാൻ ധൈര്യം നൽകുന്നതാണ് മേപ്പടിയാൻ. തുടക്കം മുതൽ ഒടുക്കം വരെ മടുപ്പില്ലാതെ ആകാംഷയോടെ കാണാവുന്ന ഫീൽഗുഡ് സിനിമയാണ് മേപ്പടിയാൻ . അഞ്ജു കുര്യനാണ് നായിക.
നീൽ ജി കുഞ്ഞയുടെ ക്യാമറ കാഴ്ചകളും മേപ്പടിയാന്റെ കാഴ്ച കൂടുതൽ സുന്ദരമാക്കിയിട്ടുണ്ട്. രാഹുൽ സുബ്രഹ്‌മണ്യത്തിന്റെ സംഗീതവും മികച്ചതുതന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here