കൊച്ചി .ഒരു വീട്ടമ്മയുടെ അതിജീവനകഥയുമായി പത്ത് വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക്  നവ്യാ നായർ തിരിച്ചുവരുന്ന ‘ഒരുത്തി’മാർച്ച് 11ന് തിയേറ്ററിലെത്തും. വളരെ സാധാരണക്കാരിയായ  വീട്ടമ്മയാണ് രാധാമണി (നവ്യാ നായർ) അവരുടെ ജീവിതത്തിലേക്ക് ആകസ്മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിൻറെയും സഹനത്തിൻറെയും കഥയാണ് ഒരുത്തി പറയുന്നത്.


എറണാകുളം- വൈപ്പിൻ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബോട്ടിലെ കണ്ടക്ടറാണ് രാധാമണി. രണ്ട് കുട്ടികളുടെ മാതാവായ രാധാമണിയുടെ ഭർത്താവ് (സൈജു കുറുപ്പ്) വിദേശത്താണ്. വളരെ സന്തോഷം നിറഞ്ഞ ഒരു സന്തുഷ്ട കുടുംബമാണ് രാധാമണിയുടേത്. കൂടുതൽ ആർഭാടമോ ജീവിതമോഹങ്ങളോ ഒന്നുമില്ലാതെ വളരെ സന്തോഷകരമായി ജീവിക്കുന്ന രാധാമണിയുടെ ജീവിതത്തിൽ മൂന്ന് ദിവസങ്ങളിലായി സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങൾ അവരുടെ ജീവിതത്തിൻറെ താളം തെറ്റിക്കുന്നു. ഒരു സാധാരണ സ്ത്രീയുടെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്ത പ്രതിസന്ധിയാണ്  അവർക്കുണ്ടായത്. എന്നാൽ അവർ തനിക്ക് നേരിട്ട ആ ദുരന്തത്തെ  സാഹസികമായി അതിജീവിക്കുന്നു. തിരിഞ്ഞ് നോക്കുമ്പോൾ താൻ അതിജീവിച്ച വഴികൾ രാധാമണിയെ അത്ഭുതപ്പെടുത്തുന്നു. അങ്ങനെ ദുരവസ്ഥകളെ നേരിട്ട് ജീവിതം തിരിച്ചുപിടിക്കുന്ന  ഒരു സ്ത്രീയുടെ കഥയാണ് ഒരുത്തി പറയുന്നത്. ഒരു സ്ത്രീയുടെ ജീവിതത്തിൽ മൂന്ന് ദിവസങ്ങളിൽ സംഭവിക്കുന്ന ആകസ്മിക സംഭവങ്ങളാണ് ഒരുത്തിയുടെ ഇതിവൃത്തം.  നവ്യാ നായരുടെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം കൂടിയാണ്  ഒരുത്തിയിലെ രാധാമണി.  
ഒരു റിയലിസ്റ്റിക് സ്റ്റോറിയാണ് ഒരുത്തി.ഒരു സാധാരണ സ്ത്രീയുടെ അതിജീവനകഥ.നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ ഒരുത്തിയിലൂടെ മലയാളത്തിലേക്ക് വരുകയാണ്. വിനായകൻറെ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് ഒരുത്തിയിലേത്. നായക പ്രാധാന്യമുള്ള റോളാണ് വിനായകൻറേത്. പൊതുവെ മലയാള സിനിമയിൽ വിനായകൻ ചെയ്തിട്ടുള്ള വേഷങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് ചിത്രത്തിലെ  സബ് ഇൻസ്‌പെക്ടറുടെ റോൾ. ആക്ഷനും കോമഡിയുമുള്ള ചിത്രത്തിൽ ഹൃദയഹാരിയായ രണ്ട് പാട്ടുകളുമുണ്ട്. വൈപ്പിനായിരുന്നു പ്രധാന ലൊക്കേഷൻ. വൈപ്പിനിലെ പ്രാദേശിക സംസാര രീതിയും സിനിമയുടെ പുതുമയാണ്. കേരളത്തിൻറെ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളും ഒരുത്തിയിൽ പരോക്ഷമായി ചൂണ്ടിക്കാണിച്ചുപോകുന്നുണ്ട്.
നവ്യാ നായർ, വിനായകൻ, കെ പി എ സി ലളിത, സൈജു കുറുപ്പ്, ജയശങ്കർ, മുകുന്ദൻ, സന്തോഷ് കീഴാറ്റൂർ, വൈശാഖ്, ശ്രീദേവി വർമ്മ, ആദിത്യൻ, അതിഥി, കലാഭവൻ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുൺ ഘോഷ്, സണ്ണി, അഞ്ജന എന്നിവർക്ക് പുറമെ ഒട്ടേറെ ജൂനിയർ താരങ്ങളുമാണ് അഭിനേതാക്കൾ.  ബാനർ- ബെൻസി പ്രൊഡക്ഷൻസ് നിർമ്മാണം- കെ.വി.അബ്ദുൾ നാസർ, സംവിധാനം -വി.കെ പ്രകാശ് , ഛായാഗ്രഹണം – ജിംഷി ഖാലിദ്, കഥ,തിരക്കഥ, സംഭാഷണം – എസ്.സുരേഷ്ബാബു, ഗാനരചന – ആലങ്കോട് ലീലാകൃഷ്ണൻ. ബി.കെ ഹരിനാരായണൻ, സംഗീതം – ഗോപി സുന്ദർ- തകര ബാൻറ്,
എഡിറ്റർ –  ലിജോ പോൾ, കലാസംവിധാനം – ജ്യോതിഷ് ശങ്കർ,  മേക്കപ്പ് – രതീഷ് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്‌സൻ പൊടുത്താസ്,  ചീഫ് അസോസിയേറ്റ് – കെ.കെ.വിനയൻ, സ്റ്റിൽസ് -അജി മസ്‌ക്കറ്റ്, പി ആർ സുമേരൻ



 

LEAVE A REPLY

Please enter your comment!
Please enter your name here