ഇന്ത്യന്‍ സിനിമ ലോകം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങള്‍ തെന്നിന്ത്യയില്‍ നിന്നുള്ളതാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കെ.ജി.എഫ്. ചാപ്റ്റര്‍ 2 ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കേരളത്തില്‍ തന്നെ ഇതുവരെയുള്ള എല്ലാ ഓപ്പണിംഗ് കളക്ഷന്‍ റെക്കോഡുകളേയും പിന്തള്ളിയാണ് കെ.ജി.എഫ്. എത്തിയത്. തെന്നിന്ത്യന്‍ സിനിമകളില്‍ തന്നെ മറ്റ് ഭാഷകളില്‍ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഇന്‍ഡസ്ട്രിയാണ് കന്നഡ. കന്നഡ സിനിമയില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്ക് മറ്റ് ഭാഷകളില്‍ അത്ര പ്രസക്തി നേടാറേയില്ല. എന്നാല്‍ ഈ ട്രെന്‍ഡിന് മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു കെ.ജി.എഫ്.

ബോളിവുഡ് സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സിനിമ വ്യവസായം ഇപ്പോള്‍ ഉറ്റുനോക്കുന്നത് തെന്നിന്ത്യന്‍ സിനിമയിലേക്കാണ്. ഇപ്പോള്‍ ലോക സിനിമ തന്നെ ഉറ്റുനോക്കുന്ന ചിത്രങ്ങളായി കെ.ജി.എഫ്. ഒന്നും രണ്ടും ഭാഗങ്ങള്‍ മാറിിയിരിക്കുകയാണ്. മിക്കപ്പോഴും സിനിമകളുടെ ആദ്യ ഭാഗങ്ങള്‍ തരുന്ന സംതൃപ്തി ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍നിന്നും കിട്ടാറില്ല. കെ.ജി.എഫിന്റെ വരവോടെ ഇതെല്ലാം മാറിമറിഞ്ഞു. ആദ്യ ഭാഗം ഗംഭീരമെങ്കില്‍ രണ്ടാം ഭാഗം അതിഗംഭീരമെന്നാണ് പ്രേക്ഷകര്‍ തന്നെ പറയുന്നത്.

മറ്റൊരു അപൂര്‍വ്വ നേട്ടത്തിനു കൂടി അര്‍ഹമായിരിക്കുകയാണ് കെ.ജി.എഫ്. ചാപ്റ്റര്‍ 2. കേരളത്തിന്റെ എക്കാലത്തേയും ഓപ്പണിംഗ് കളക്ഷന്‍ റെക്കോഡ് മറികടന്നിരിക്കുകയാണ് ഇപ്പോള്‍ കെ.ജി.എഫ്. 2. മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പേരിലായിരുന്നു ഇതുവരെ മലയാളത്തിലെ മികച്ച ഓപ്പണ്‍ കളക്ഷന്‍ റെക്കോര്‍ഡ്. ചിത്രം കേരളത്തില്‍ ഒടിയന്റെ റെക്കോഡ് തകര്‍ത്തിരിക്കുകയാണ്. ഒടിയന്‍ മാത്രമാണ് ആദ്യ ദിനം 7 കോടിക്കുമുകളില്‍ നേടിയത്. ആദ്യ ദിവസം തന്നെ കെ.ജി.എഫ്. 2ാം ഭാഗം 7.3 കോടി മറികടന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. കേരളത്തില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജാണ്.

LEAVE A REPLY

Please enter your comment!
Please enter your name here