കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നിർമാതാവ് വിജയ് ബാബുവിന് മുന്നറിയിപ്പുമായി കൊച്ചി സിറ്റി പോലീസ്. ഏതു രാജ്യത്തേയ്ക്ക് കടന്നാലും വിജയ് ബാബുവിനെ പിടികൂടുമെന്ന് പോലീസ് അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പീഡനക്കേസിൽ പോലീസ് തെരയുന്ന വിജയ് ബാബു ജോർജിയയിലേയ്ക്ക് കടന്നതായാണ് വിവരം.

വിജയ് ബാബുവിന്റെ അറസ്റ്റിനു തടസ്സമില്ലെന്നും ജോർജിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും കൊച്ചി സിറ്റി കമ്മീഷണർ സിഎച്ച് നാഗരാജു മനോരമ ന്യൂസിനോടു പറഞ്ഞു. ചൊവ്വാഴ്ചയ്ക്കുള്ളിൽ ഇയാൾ തിരിച്ചെത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റവാളികളെ കൈമാറാൻ രാജ്യങ്ങൾ തമ്മിൽ ധാരണയില്ലെങ്കിലും റെഡ് കോർണർ നോട്ടീസ് ബാധകമാണെന്നും കമ്മീഷണർ അറിയിച്ചു. വിജയ് ബാബു ജോർജിയയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പീഡനക്കേസിൽ പ്രതിയായ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടരുന്നതിനിടെയാണ് ഇയാൾ ജോർജിയയിലേയ്ക്ക് കടന്നത്. മുൻപ് ദുബായ് ആയിരുന്നു ഇയാളുടെ ഒളിത്താവളം. എന്നാൽ ഇൻറർപോളിനെ ഉപയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വിജയ് ബാബു രാജ്യം വിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയും ജോർജിയയും തമ്മിൽ കരാറില്ലാത്തതിനാൽ സുരക്ഷിത താവളം എന്ന നിലയ്ക്ക് ജോർജിയ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം പ്രതിസന്ധിയാകില്ലെന്നാണ് പോലീസ് പറയുന്നത്.

പോലീസിന്റെ അപേക്ഷ പരിഗണിച്ച വിദേശകാര്യ മന്ത്രാലയം വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. ഈ മാസം 24ന് ഹാജരാകാമെന്ന് വിജയ് ബാബു പാസ്‌പോർട്ട് ഓഫീസർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും പാസ്‌പോർട്ട് അസാധുവാകുന്നതിനു മുൻപു തന്നെ ഇയാൾ ജോർജിയയിലെത്തി എന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ വിജയ് ബാബു കീഴടങ്ങിയേക്കില്ലെന്നും പോലീസ് കണക്കുകൂട്ടുന്നു.

മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയുന്നതിനു മുൻപ് നാട്ടിൽ മടങ്ങിയെത്തരുതെന്ന് വിജയ് ബാബുവിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കം.


 

LEAVE A REPLY

Please enter your comment!
Please enter your name here