കൊച്ചി: വനിത യൂട്യൂബറോട് അസഭ്യം പറഞ്ഞ കേസിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് അറസ്‌റ്റ് ചെയ‌്തു. കൊച്ചി മരട് പൊലീസാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. നടനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്ന് ഉച്ച കഴിഞ്ഞാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പിന്നാലെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഒരു ഓൺലൈൻ ചാനൽ അവതാരകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയത്. അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

 

ചട്ടമ്പി എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പൊലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും.

 

അതേസമയം സംഭവത്തിൽ വിശദീകരണം തേടാൻ നിർമാതാക്കളുടെ സംഘടന നടനെ വിളിച്ചുവരുത്തിയേക്കും. മാദ്ധ്യമപ്രവർത്തകയുടെ പരാതി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പരിഗണിക്കുന്നുണ്ട്.

എന്നാൽ താൻ അവതാരകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. തന്റെ ഭാഗത്തു നിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. തന്നെ അപമാനിച്ചതിന്റെ പേരിൽ ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ലെന്നും ശ്രീനാഥ് ഭാസി പറയുന്നു.

 

മറ്റൊരു റേഡിയോ അഭിമുഖത്തിൽ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here