തൃശൂര്‍: നടന്‍ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ഇന്ന് രാത്രി പത്തരയോടെയായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്‌മോ പിന്തുണയിലാണ് ഇന്നസെന്റിന്റെ ചികിത്സ തുടര്‍ന്നിരുന്നത്. രണ്ട് തവണ അര്‍ബുദത്തെ അതിജീവിച്ച അദ്ദേഹത്തിന് തുടര്‍ച്ചയായി കൊവിഡ് ബാധിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള ന്യൂമോണിയ ആണ് ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്. ഭാര്യ: ആലീസ്. മകന്‍: സോണറ്റ്., മരുമകള്‍: രശ്മി.

തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി 1948 ഫെബ്രുവരി 28-ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റ് ജനിച്ചത്. ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍, നാഷണല്‍ ഹൈസ്‌കൂള്‍, ഡോണ്‍ ബോസ്‌കോ എസ്.എന്‍.എച്ച്.സ്‌കൂള്‍ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസ്സില്‍ പഠിപ്പ് നിര്‍ത്തി. പിന്നീട് മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരളത്തിനകത്തും പുറത്തുമായി ചില ബിസിനസ് സംരംഭങ്ങളില്‍ ഏര്‍പ്പെട്ടു.സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാ രംഗത്തേക്കുള്ള കാല്‍വയ്ക്കുന്നത്. എ.ബി. രാജ് സംവിധാനം ചെയ്ത് 1972ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. പിന്നീട് ചലച്ചിത്ര നിര്‍മാണരംഗത്തേയ്ക്കും കടന്നു. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേര്‍ന്ന് ശത്രു കമ്പയിന്‍സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി. ഈ ബാനറില്‍ മോഹന്‍ സംവിധാനം ചെയ്ത ഇളക്കങ്ങള്‍, ലെനിന്‍ രാജേന്ദ്രന്റെ വിട പറയും മുന്‍പെ, ഭരതന്റെ ഓര്‍മ്മക്കായ്, കെ. ജി. ജോര്‍ജിന്റെ ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, മോഹന്റെതന്നെ ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ മലയാളത്തിലെ ഏക്കാലത്തെയും മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

പില്‍ക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും സവിശേഷതകളാണ്. ഗജകേസരിയോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടര്‍ പശുപതി, മാന്നാര്‍ മത്തായി സ്പീക്കിംഗ്, രസതന്ത്രം, മനസ്സിനക്കരെ തുടങ്ങി എഴുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. മലാമല്‍ വീക്കിലി എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

1989-ല്‍ മഴവില്‍ക്കാവടിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തലടെ 2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഇന്നസെന്റിന് ലഭിച്ചു. മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇന്നസെന്റിനെ തേടിയെത്തിയിട്ടുണ്ട്.

2003 മുതല്‍ 2018 വരെ 14 വര്‍ഷം മലയാളം കലാകാരന്മാരുടെ സംഘടനയായ അമ്മയുടെ (എ.എം.എം.എ.) പ്രസിഡന്റായി ഇന്നസെന്റ് സേവനമനുഷ്ഠിച്ചിരുന്നു. സിനിമാതാരങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടു പോകാനുള്ള അദ്ദേഹത്തിന്റെ കഴിവു കൊണ്ട് നാല് തവണ തുടര്‍ച്ചയായി അദ്ദേഹം ഈ സ്ഥാനം വഹിച്ചു.

മുന്‍ ആര്‍.എസ്.പി.ക്കാരനായ ഇന്നസെന്റ് 2014-ല്‍ കോണ്‍ഗ്രസിന്റെ കരുത്തനായ പി.സി. ചാക്കോയെ തോല്‍പ്പിച്ചുകൊണ്ട് ചാലക്കുടി നിയോജക മണ്ഡലത്തില്‍നിന്നും ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ച് എം.പി.യായി. എന്നാല്‍ രണ്ടാം തവണ 2019-ല്‍ ബെന്നി ബഹനാനോട് തോറ്റു.
2013ല്‍ ഇന്നസെന്റിന് കാന്‍സര്‍ രോഗം പിടിപ്പെട്ടിരുന്നു. എന്നാല്‍ കൃത്യമായ ചികിത്സയിലൂടെ ഇന്നസെന്റ് ജീവിതത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. തുടര്‍ന്ന് കാന്‍സര്‍ കാലത്തെ അനുഭവങ്ങളെക്കുറിച്ച് ”കാന്‍സര്‍ വാര്‍ഡിലെ ചിരി” എന്ന പുസ്തകം അദ്ദേഹം എഴുതിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here