തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്രതാരം പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. ഇന്നുരാവിലെ പതിനൊന്നരയോടെ ശ്വാസംമുട്ടലിനെത്തുടർന്ന് മറയൂരിൽ മകളുടെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുറച്ചുനാളായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അടുത്തിടെയാണ് ജന്മനാടായ തിരുവനന്തപുരത്തെ പൂജപ്പുരയിൽ നിന്ന് മകളുടെ വീട്ടിലേക്ക് മാറിയത്. മൃതദേഹം തിരുവനന്തപുരത്തേയ്ക്കു കൊണ്ടുപോകും.

വ്യത്യസ്തമായ ഹാസ്യ വേഷങ്ങളായിരുന്നു അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയിരുന്നത്. വേലുത്തമ്പി ദളവയായിരുന്നു ആദ്യത്തെ ചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.റൗഡി രാമു, ഓർമകൾ മരിക്കുമോ?, മുത്താരംകുന്ന് പിഒ, ലൗ ഇൻ സിംഗപ്പൂർ, ആനയ്‌ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

എം രവീന്ദ്രൻനായർ എന്നാണ് യഥാർത്ഥ പേര്.നാടക നടൻ ആയിരിക്കെ കലാനിലയം കൃഷ്ണൻ നായരാണ് പേരുമാറ്റിയത്. ട്രാവൻകൂർ ഇൻഫൻട്രിയിലും സൈനിക സ്കൂളിലും ഉദ്യോഗസ്ഥനായിരുന്ന മാധവൻപിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കളിൽ മൂത്തയാളായിരുന്നു രവി. ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഭിനയ രംഗത്തോട് താത്പര്യമുണ്ടാകുന്നത്.

എസ്.എൽ. പുരം സദാനന്ദന്റെ ‘ഒരാൾകൂടി കള്ളനായി’ എന്ന നാടകത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.ഇതോട‌െയാണ് അഭിനയം തന്റെ വഴിയായി അദ്ദേഹം തിരഞ്ഞെടുത്തത്. തുടർന്ന് ചില സിനിമകളിലും അഭിനയിച്ചു. എന്നാൽ സിനിമകളിൽ അവസരം കുറഞ്ഞതോടെ ഗണേഷ് ഇലക്ട്രിക്കൽസ് എന്ന കമ്പനിയിൽ ജീവനക്കാരനായി. പിന്നീട് ജഗതി എൻ.കെ. ആചാരിയുടെ നിർദേശപ്രകാരം അദ്ദേഹം തിരികെ തിരുവനന്തപുരത്ത് എത്തുകയും കലാനിലയം നാടകവേദിയിൽ ചേരുകയും ചെയ്തു. 10 വർഷത്തോളം കലാനിലയത്തിൽ നടനായി തുടർന്നു.

1976ൽ ഹരിഹരൻ സംവിധാനം ചെയ്ത അമ്മിണി അമ്മാവൻ എന്ന സിനിമയിൽ ശ്രദ്ധേയ വേഷം അവതരിപ്പിക്കാൻ സാധിച്ചതോടെ സിനിമയിൽ നിരവധി അവസരങ്ങൾ തേടിയെത്തി. അഞ്ചു പതിറ്റാണ്ടോളം അഭിനയരംഗത്ത് സജീവമായിരുന്നു അദ്ദേഹം. ഭാര്യ പരേതയായ തങ്കമ്മ, മക്കൾ ലക്ഷ്മി, ഹരികുമാർ.

LEAVE A REPLY

Please enter your comment!
Please enter your name here