കൊച്ചി: താരസംഘടനയായ ‘അമ്മ’ പിളര്‍പ്പിലേക്ക് .ഇനി തുടരാന്‍ താല്‍പ്പര്യമില്ലന്ന് വ്യക്തമാക്കി പ്രസിഡന്റ് ഇന്നസെന്റാണ് ഇപ്പോള്‍ ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത്. അമ്മ ജനറല്‍ സെക്രട്ടറി മമ്മുട്ടിയാവട്ടെ നിലപാട് വ്യക്തമാക്കിയിട്ടില്ലങ്കിലും മത്സരിച്ച് പദവിയിലിരിക്കാന്‍ താല്‍പ്പര്യമില്ലന്ന നിലപാടിലാണ്.

സിനിമാ മേഖലയില്‍ ഇപ്പോഴും ശക്തമായ സ്വാധീനമുള്ള നടന്‍ ദിലീപ് രംഗത്തിറക്കുന്ന താരങ്ങള്‍ ഭാരവാഹികളാകുമോ എന്ന ആശങ്കയിലാണ് എതിര്‍ വിഭാഗം. ഇന്നസെന്റിനോട് അത്ര കടുത്ത എതിര്‍പ്പില്ലങ്കിലും മമ്മുട്ടിയോട് ദിലീപ് വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്.

ആപത്ത് കാലത്ത് നിഷ്പക്ഷമായ നിലപാട് സ്വീകരിക്കാതെ ഏകപക്ഷീയമായി ദിലിപിനെ കുറ്റക്കാരനായി പ്രതികരിച്ചതിലാണ് രോഷം. ദിലീപിനെ പുറത്താക്കിയ വിവരം മാധ്യമങ്ങളോട് പറയവെയാണ് വിവാദ പരാമര്‍ശം മമ്മുട്ടി നടത്തിയത്.

സംഘടനാപരമായി ‘അമ്മ’ ട്രഷററായ ദിലീപിനെ ഭാരവാഹിത്യത്തില്‍ നിന്നും നീക്കുകയോ, സസ്‌പെന്റ് ചെയ്യുകയോ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു താരങ്ങളില്‍ ഭൂരിഭാഗവും കരുതിയിരുന്നത്. എന്നാല്‍ ഏകപക്ഷീയമായി പൃഥിരാജ്, രമ്യാ നമ്പീശന്‍, ആസിഫ് അലി എന്നിവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ദിലീപിനെ പുറത്താക്കുകയായിരുന്നു.

ഈ സംഭവത്തിനു ശേഷം ആദ്യമായാണ് താരസംഘടനയുടെ ജനറല്‍ ബോഡിയോഗം വരുന്ന ജൂലൈയില്‍ ചേരാന്‍ പോവുന്നത്. ഭരണം പിടിക്കാന്‍ പൃഥ്വിരാജും സംഘവും ഇറങ്ങുമ്പോള്‍ ഇവരെ സംഘടനയില്‍ നിന്നും തന്നെ പുറത്താക്കാനാണ് ഒരു വിഭാഗം അണിയറയില്‍ കരുക്കള്‍ നീക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി മാര്‍ട്ടിന്‍ , ദിലീപിനെ കുടുക്കാന്‍ മഞ്ജു വാര്യരും, രമ്യാ നമ്പീശനും ഉള്‍പ്പെടെയുള്ളവരാണ് നീക്കം നടത്തിയതെന്ന് പറഞ്ഞത് ആയുധമാക്കി ആഞ്ഞടിക്കാനാണ് പദ്ധതി.

അനുനയവുമായി മോഹന്‍ലാല്‍ തന്നെ രംഗത്ത് വന്നാലും വകവയ്‌ക്കേണ്ടതില്ലന്നാണ് തീരുമാനം.

ഒന്നുകില്‍ ദിലീപ് വിരുദ്ധര്‍ സംഘടനക്ക് പുറത്താകും അല്ലങ്കില്‍ ‘അമ്മ’ പിളര്‍ന്ന് പുതിയ സംഘടന പിറവിയെടുക്കും . . രണ്ടില്‍ ഒന്ന് സംഭവിക്കുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം

LEAVE A REPLY

Please enter your comment!
Please enter your name here