വീണ്ടും ഐ ജി ഗീതാ പ്രഭാകറായി വേഷമിടുന്നതിലുളള സന്തോഷത്തിലാണ് നടി ആശാ ശരത്. കഴിഞ്ഞദിവസം ഷൂട്ടിംഗ് തുടങ്ങിയ ദൃശ്യം 2വിലാണ് ആശാശരത് വീണ്ടും ഐ ജി ഗീതാ പ്രഭാകറാവുന്നത്. ദൃശ്യത്തിന്റെ അവസാനത്തിൽ മകൻ കൊല്ലപ്പെട്ടെന്ന് തിരിച്ചറിഞ്ഞതിന്റെ കടുത്ത മനോവേദനയിൽ ഗീതാ പ്രഭാകർ അമേരിക്കയിലുളള സഹോദരിയുടെ അടുത്തേക്ക് പോവുകയാണ്. സ്വാഭാവികമായ അഭിനത്തിലൂടെ ഈ കഥാപാത്രം ആശാശരത്തിന് ഏറെ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തിരുന്നു. ആദ്യസിനിമയിൽ കിട്ടിയതുപോലുളള ഒരു കരിയർ ബ്രേക്ക് ദൃശ്യം 2 വിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നടി. ദൃശ്യത്തിലെ ഒട്ടെല്ലാ താരങ്ങളും ദൃശ്യം 2വിലും ഉണ്ടാവും എന്നാണ് അറിയുന്നത്.

കഴിഞ്ഞദിവസം കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് ആശാശരത് ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയത്. ‘ഏറെ പ്രതീക്ഷയോടെ നമ്മൾകാത്തിരിക്കുന്ന ദൃശ്യം 2ലേക്കുളള യാത്ര തുടങ്ങുകയാണ്. എന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായ ഐ ജി ഗീതാപ്രഭാകറായി മടങ്ങിവരുന്നതിൽ അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും ഉണ്ടാവണം’ എന്നാണ് ആശ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനൊപ്പം കൊവിഡ് പരിശോധനയ്ക്ക് ശേഷമുളള ചിത്രവും പങ്കുവച്ചിട്ടുണ്ട്.ദൃശ്യം 2 ഒരു ക്രൈം ത്രില്ലറായിരിക്കും എന്നാണ് അറിയുന്നത്. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. അഭിനേതാക്കൾ ഉൾപ്പടെ ചിത്രത്തിൽ പ്രവർത്തിക്കുന്ന എല്ലാവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരായി. ഷൂട്ടിംഗ് തീരുംവരെ എല്ലാവരും ഹോട്ടലിൽ താമസിക്കണം. പുറത്തുളളവരെ ബന്ധപ്പെടാൻ പാടില്ല. 26ന് മോഹൻലാൽ സംഘത്തിനൊപ്പം ചേരും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here