ക്യാമ്പസുകളിൽ തരംഗം സൃഷ്ടിച്ച 1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ചോക്ളേറ്റ് നായകനായി അരങ്ങേറി പിന്നീട്, പക്വമാർന്ന് കഥാപാത്രങ്ങളിലൂടെ മലയാളചലച്ചിത്രലോകത്ത് സ്ഥാനം ഉറപ്പിച്ച കുഞ്ചാക്കോ ബോബൻ ഇന്ന് 44-ാം പിറന്നാൾ ആഘോഷിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം വളരെ ലളിതമായിട്ടായിരിക്കും ചാക്കോച്ചന്റെ പിറന്നാൾ ആഘോഷങ്ങൾ. അണിയറയിൽ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. പൂർത്തിയായ പല ചിത്രങ്ങളും റിലീസിനായി കാത്തിരിക്കുകയാണ്. ജന്മദിനത്തിൽ പുതിയ സിനിമാവിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. 1981ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചായിരുന്നു താരത്തിന്റെ സിനിമാപ്രവേശം. ഫാസിൽ തന്നെ സംവിധാനം ചെയ്ത അനിയത്തിപ്രാവ് താരത്തെ ക്യാമ്പസുകളുടെ പ്രിയതാരമാക്കി. ബാലതാരമായി മലയാള സിനിമകളിൽ അഭിനയിച്ചിരുന്ന ശാലിനി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അത്. കമൽ സംവിധാനം ചെയ്ത നിറവും ക്യാമ്പസുകളെ ഇളക്കിമറിച്ചു. പിന്നീട് പുറത്തിറങ്ങിയ ദോസ്ത്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്തൂരിമാൻ, സ്വപ്നക്കൂട് എന്നിവയും താരത്തെ മലയാള സിനിമയിൽ ഉറപ്പിച്ചുനിറുത്തി.

2004ൽ പുറത്തിറങ്ങിയ ഈ സ്‌നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്കാരം നേടിക്കൊടുത്തു.2006ൽ കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിൽ മാത്രം അഭിനയിച്ച അദ്ദേഹം 2007ൽ ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടുനിന്നു. 2008ൽ ലോലിപോപ്പ് എന്ന ഷാഫി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്ന കുഞ്ചാക്കോ 2010ഓടെ ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി. 2010ൽ ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകപ്രശംസ നേടി. 2011 ഇനു ശേഷം കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് മികച്ച കാലഘട്ടമായിരുന്നു. പ്രധാനവേഷങ്ങൾ അവതരിപ്പിച്ച ട്രാഫിക്, സീനിയേഴ്സ്, ത്രീ കിംഗ്സ്, സെവൻസ്, ഡോക്ടർ ലൗ എന്നീ ചിത്രങ്ങൾ സാമ്പത്തിക വിജയം നേടി. ഓർഡിനറി, മല്ലൂസിംഗ്, റോമൻസ്, ഹൗ ഓൾഡ് ആർ യു, രാമന്റെ ഏദൻ തോട്ടം, വിശുദ്ധൻ എന്നീ ചിത്രങ്ങൾ വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2016ൽ കുഞ്ചാക്കോ ബോബൻ തന്റെ പിതാവ് കുഞ്ചാക്കോ സ്ഥാപിച്ച ഉദയ സ്റ്റുഡിയോ പുനഃരാരംഭിച്ചു. ഉദയായുടെ ബാനറിൽ 2016ൽ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രവും നിർമ്മിച്ചിരുന്നു. 2020ൽ ചാക്കോച്ചന്റേതായി പുറത്തിറങ്ങിയ അഞ്ചാം പാതിര വൻ വിജയം നേടിയിരുന്നു

കാത്തിരിക്കുന്നത് ഒരുപിടി ചിത്രങ്ങൾ
കെ.എം.കമൽ സംവിധാനം ചെയ്ത ‘പട’യാണ് റിലീസിന് കാക്കുന്ന ചിത്രം. സമീർ താഹിറാണ് ക്യാമറ ചെയ്തത്. വിനായകൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, ഇന്ദ്രൻസ്, ഉണ്ണിമായ, സലിം കുമാർ, ടി ജി രവി തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ജിസ് ജോയ് ചിത്രമാണ് മറ്റൊന്ന്. പുതുമുഖം അനാർക്കലി നാസർ ആണ് നായിക. വിജയ് സൂപ്പറും പൗർണ്മിയും എന്ന ചിത്രത്തിന് ശേഷം ജിസ് ജോയി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും കുഞ്ചാക്കോ ബോബനാണ് നായകൻ. ‘മോഹൻകുമാർ ഫാൻസ്’ എന്നാണ് ചിത്രത്തിന്റെ പേര്. ചാർലിക്ക് ശേഷം സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന ‘നായാട്ട്’ എന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നിമിഷ സജയനാണ് നായിക. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റേതാണ് രചന. ‘ഗപ്പി’, ‘അമ്പിളി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ സംവിധാനം ചെയ്യുന്ന മറിയം ടൈലേഴ്സ് എന്ന ചിത്രത്തിലും അപ്പു എൻ നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ‘നിഴൽ’ എന്ന ചിത്രത്തിലും കുഞ്ചാക്കോ നായകനായെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here