ഫ്രാൻസിസ് തടത്തിൽ  
 

ന്യൂജേഴ്‌സി: കൊറോണ വൈറസിന്റെ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും കേരളത്തിൽ 2020 ലെ പൊതുമരണ നിരക്ക് ( കോവിഡ് മരണമുൾപ്പെടെ)  2019 ലെ ക്കാൾ ഏറെ കുറവാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ലോകത്ത് തന്നെ ഇക്കാലയളവിൽ ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തിയ ന്യൂസിലാൻഡിന്റെ തോട്ടു പിറകിലാണ് കേരളത്തിന്റെ സ്ഥാനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  രാജഗിരി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ആരംഭിച്ച ഫൊക്കാന-രാജഗിരി ഹെൽത്ത് കാർഡ്-സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമിന്റെയും ഉദഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

2019ലും  2020 ലും എല്ലാവിധ കാരണങ്ങൾകൊണ്ടും മരിച്ചവരുടെ സമഗ്രവിവരകണക്കുകൾ എടുത്താൽ 2020 ൽ 2019 നേക്കാൾ 11 ശതമാനം കുറഞ്ഞ മരണ നിരക്കാണ്കേ കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് 2019 ലേക്കാൾ 29,300 കുറവ് ആളുകൾ ആണ് 2020ൽ മരിച്ചത്. ന്യൂസിലാൻഡിൽ ഈ കാലയളവിൽ 6 ശതമാനം മരണനിരക്ക് കുറഞ്ഞിട്ടുണ്ട്.

 

കേരളത്തിൽ മരണപ്പെടുന്നവരിൽ 60 ശതമാനവും 80 വയസിനുമുകളിൽ പ്രായമുള്ള പലതരത്തിലുള്ള മറ്റു മാരക രോഗങ്ങൾ (Other Cormobidity) ഉള്ളവരാണ്. കേരളം പ്രമേഹരോഗത്തിന്റെ തലസ്ഥാനമാണെന്നാണ് അറിയപ്പെടുന്നത്. കൂടാതെ ഹൃദ്രോഗം, കാൻസർ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ഉയർന്ന മരണകാരണമുള്ള രോഗങ്ങളുടെ ആസ്ഥാനം കൂടിയാണ് കേരളം. ഇന്ത്യയിൽ ഗ്രാമങ്ങൾ ഇല്ലാത്ത ഏക സംസഥാനം കേരളമാണ്. ഏറ്റവും ജന സാന്ദ്രത കൂടിയ സംസ്ഥാനവും കേരളം തന്നെ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെപ്പോലെ കോവിഡ് വ്യാപനം കേരളത്തിലുണ്ടായാൽ ഏറ്റവും കൂടുതൽ മരണം നടക്കുക കേരളത്തിലായിരിക്കുമെന്ന് എല്ലാവരും മുന്നറിയിപ്പ് നൽകിയിരുന്നതാണ്.  ലോകം മുഴുവനും കോവിഡ് മഹാമാരി മൂലം ജനം മരിച്ചുകൊണ്ടിരുന്നപ്പോൾ കേരളത്തിൽ 2020ൽ മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നു.

വുഹാനിൽ കോവിഡ് മഹാമാരി പടർന്നു തുടങ്ങിയപ്പോൾ തന്നെ കേരളത്തിൽ ലോക്ക് ഡൌൺ ഉൾപ്പെടെ കോവിഡ് നിവാരണ പ്രവർത്തനങ്ങൾ സജീവമാക്കിയതിൽ ഏറെ വിമർശനങ്ങൾ നേരിടേണ്ടിവന്നു. എന്നാൽ കേരളത്തിൽ കോവിഡ് പടരാതിരിക്കാനുള്ള  എല്ലാ നടപടികളും സർക്കാർ തുടരുകയാണ്.

 

കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും നീതാന്ത ജാഗ്രതയോടെയുള്ള ഇടപെടലും പ്രവർത്തനങ്ങളും മൂലമാണ് 2020ൽ കേരളത്തിൾ കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ ഉൾപ്പെടെയുള്ള സമഗ്ര മരണനിരക്ക് കുറയാൻ കാരണം. അതിനു പുറമെ സർക്കാർ പ്രഖ്യാപിച്ച 20,000 കോടിയുടെ പദ്ധതി വഴി എല്ലാവർക്കും ഭക്ഷണം, അമൃത ആരോഗ്യം പദ്ധതി വഴി എല്ലാവർക്കും പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആവശ്യമരുന്നുകൾ ഉൾപ്പെടെ നൽകിയതും വഴി പൊതുജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ കഴിഞ്ഞതാണ് ഈ നേട്ടത്തിന് കാരണം. കേരളം ലോക്ക് ഡൗണിൽ ആയിരുന്നപ്പോൾ വയോധികരും രോഗികൾക്ക് വേണ്ടി അത്യാവശ്യ സന്ദർഭങ്ങൾ ഉണ്ടായാൽ ആംബുലൻസ് സർവീസുകളും എങ്ങും സർവ്വസജ്ജമായിരുന്നു. അങ്ങനെ ആരോഗ്യമേഖലയിലെ  എല്ലാ വിഭാഗത്തിൽപ്പെട്ടവരും അതീവ ജാഗ്രത പാലിച്ചതിനാലാണ് പൊതുമരണ നിരക്ക് കുറയാൻ കാരണമായത്.- മന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ കൊറോണയുടേ രണ്ടാമത്തെ വേവ് കേരളത്തിലെ ജനങ്ങളെ അൽപ്പം മുൾമുനയിൽ തന്നെ നിർത്തുന്നുണ്ട്. നല്ല ഭീതിയുണ്ട്. മാസ്സ് (mass) ടെസ്റ്റുകൾ നടത്തിവരികയാണ്.ക്ലസ്റ്റർ തിരിച്ച് എവിടെയാണോ കൂടുതൽ രോഗബാധ പരക്കുന്നത് അവിടെയെല്ലാം ടെസ്റ്റുകൾ വ്യാപകമാക്കി. കേരളം ഇതിനെയും മറികടക്കുമെന്ന ആത്മവിശ്വാസമുണ്ട്. രണ്ടാം വരവിൽ മരണ നിരക്ക് കൂടിയിട്ടില്ല. ഹോസ്പിറ്റൽ ബെഡുകൾ നിറയുന്നു. നാളെ എന്ത് സംഭവിക്കുമെന്ന് അറിയില്ല. ഈ കത്തെയും അതിജീവിക്കാൻ ആരോഗ്യമേഖല ഭഗീരഥ പ്രയത്നം നടത്തി വരികയാണ്. സംസ്ഥാനത്ത് 1000 കേസുകൾ വരുമ്പോൾ 10,000 കേസുകൾ വന്നാൽ എങ്ങനെ അതിജീവിക്കും എന്ന ചിന്തയിൽ ആണ് ആരോഗ്യമേഖലയിലെ ജീവനക്കാർ പ്രവർത്തിച്ചു വരുന്നത്.

 

കേരളത്തിലെ പൊതുജനാരോഗ്യ രംഗം വളരെ മെച്ചപ്പട്ടതുകൊണ്ടാണ് നമ്മൾ നിപ്പയെയും കോറോണയുടെ ആദ്യ വരവിനെയും അതിജീവിച്ചത്. കേരളത്തിലെ ആരോഗ്യമേഖലയിൽ  പ്രവർത്തിക്കുന്നവരുടെ മികവുറ്റ പ്രവർത്തനമാണ് കേരളത്തെ പല ദുരന്തങ്ങളിൽ നിന്നും അതിജീവിക്കാൻ കരണമാക്കിയത്.- മന്ത്രി ശൈലജ ടീച്ചർ വ്യക്തമാക്കി.

കേരളത്തിലെ ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കുന്ന പേരുകേട്ട പല സ്ഥാപനങ്ങളും അന്തരാഷ്ട്രതലത്തിൽ അറിയയപ്പെടാതെ പോകുന്നത് നിർഭാഗ്യകരമാണെന്ന്  മന്ത്രി കെ.കെ. ശൈലജ ടീച്ചർ ആശങ്ക രേഖപ്പെടുത്തി. നമ്മൾ  നേടിയെടുത്ത അറിവും നേട്ടങ്ങളും മറ്റു രാജ്യങ്ങളിൽ അറിയപ്പെടുകയും അവ അവർക്കും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും എന്തുകൊണ്ടാണ് നമ്മുടെ സ്ഥാപനങ്ങൾ അന്തരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടാതെപോകുന്നതെന്ന് ചിന്തിക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

കേരളത്തിലെ ആരോഗ്യ മേഖലകളിൽ  പരിണിതപ്രജ്ജരായ ഒട്ടേറെ ആരോഗ്യ പ്രവർത്തകരുണ്ട്. വലിയ തോതിൽ വിദ്യാഭാസയോഗ്യതയും അറിവുമുള്ള ഡോക്ടർമാരും മറ്റു ആരോഗ്യപ്രവർത്തകരുമാണ് നമുക്കുള്ളത്. നമ്മുടെ പല സ്ഥാപനങ്ങളും വളരെ സ്തുത്യർഹ്യമായ സേവനങ്ങൾ കാഴ്ച്ചവയ്ക്കുന്നവയുമാണ്. പക്ഷേ എന്തോ ചില കുറവുകൾ മൂലം നമ്മുടെ സ്ഥാപനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടുന്നതിന് പ്രാപ്തമാക്കാതെ പോകുന്നു എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും മന്തി വ്യക്തമാക്കി.

കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലോക്കെ എത്ര നല്ല സേവങ്ങളാണ് നടന്നുവരുന്നത്.അവിടെയൊക്കെ എത്ര പ്രതിഭാശാലികളായ ഡോക്ടർമാരാണുള്ളത്. മെഡിക്കൽ ഗവേഷണ രംഗത്തും പ്രവർത്തിക്കാൻ താൽപ്പര്യം കാണിക്കുന്ന ഒരുപാടു ആളുകൾ അവരുടെയിടയിലുണ്ട് . നല്ല ഗവേഷണങ്ങളും അവിടെ നടക്കുന്നുണ്ട്. പക്ഷേ അവയൊന്നും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നില്ല. ഒരുപക്ഷേ  അവർ തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങൾ അന്താരാഷട്ര മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകരിക്കാൻ തയാറാകുന്നില്ല. അതല്ലെങ്കിൽ അവർ ഇത്തരം കാര്യങ്ങളിൽ താൽപ്പര്യം കാട്ടുകയോ ഗൗരവതരമായി കാണുകയോ ചെയ്യുന്നില്ല. ആ മനോഭാവത്തിൽ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

 

 ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ രാജഗിരി ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒ യുമായ ഫാ. ജോൺസൺ വാഴപ്പള്ളി, റോക്ക്ലാൻഡ് കൗണ്ടി മെജോറിറ്റി ലീഡറും ലെജിസ്ലേച്ചറുമായ ഡോ.,ആനി പോൾ എന്നിവർ മുഖ്യാതിഥികളായിരുന്നു.ഫൊക്കാന  സെക്രെട്ടറി സജിമോൻ ആന്റണി, ട്രഷർ സണ്ണി മറ്റമന, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, രാജഗിരി ഹോസ്പിറ്റലിന്റെ മെഡിക്കൽ ഡയറക്ടർ ഡോ.സണ്ണി ഓരത്തേൽ, രാജഗിരി ഹോസ്പിറ്റൽ ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ ഡോ. മാത്യു ജോൺ, രാജഗിരി ഹോസ്പിറ്റൽ റിലേഷൻസ് ജനറൽ  മാനേജർ ജോസ് പോൾ, ഫൊക്കാന ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, ഫൊക്കാന അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, ഫൊക്കാന ടെക്‌നിക്കൽ കോർഡിനേറ്റർ പ്രവീൺ തോമസ്, കൺവെൻഷൻ  ചെയർമാൻ ചാക്കോ കുര്യൻ, കൺവെൻഷൻ കോർഡിനേറ്റർ ലീല മാരേട്ട്, അഡ്വസറി ബോർഡ് ചെയർമാൻ ടി.എസ.ചാക്കോ, എന്നിവർ പ്രസംഗിച്ചു. ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി എന്നിവർ മോഡറേറ്റർമാരായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here