ഔദ്യോഗിക ഭാരവാഹിത്വമില്ലെങ്കിലും ഫോമ ടാസ്‌ക് ഫോഴ്സിന്റെ ലീഡര്‍ എന്ന നിലയില്‍ മികച്ച സേവന പ്രവര്‍ത്തനങ്ങളാണ് ജിബി തോമസും സംഘവും ചെയ്തത്. കൊറോണ ഒട്ടൊന്ന് ശമിച്ച സാഹചര്യത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറിയായ ജിബി തോമസ് തന്റെ നിലപാടുകളെപ്പറ്റി മനസു തുറക്കുന്നു.

ഇപ്പോഴത്തെ വിവാദ വിഷയത്തെപറ്റി ആദ്യമേ തന്നെ ജിബി പ്രതികരിച്ചു. ഇലക്ഷന്‍ ഡെലിഗേറ്റുകളാകുന്നവര്‍ അസോസിയേഷനില്‍ നിന്നു തന്നെ ആയിരിക്കണമെന്നു നിയമമൊന്നുമില്ലെന്ന് ജിബി ചൂണ്ടിക്കാട്ടി. മുമ്പും ഇങ്ങനെയൊക്കെ തന്നെയായിരുന്നു.

ജനറല്‍ബോഡി സൂമില്‍ പോര, നേരിട്ട് വേണമെന്നു ചിലര്‍ വാദിക്കുന്നു. സൂമില്‍ കൂടരുതെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വരെ തപാല്‍ വോട്ട് ഉപയോഗിക്കുന്നു. കാലത്തിനനുസരിച്ച് ഫോമയും പ്രവര്‍ത്തിക്കണം. മാത്രവുമല്ല ഭരണഘടനയനുസരിച്ച് ഒക്ടോബര്‍ 31-നു മുമ്പ് പുതിയ ഭാരവാഹികള്‍ ചാര്‍ജെടുക്കണം.

ഫിലാഡല്‍ഫിയ കണ്‍വന്‍ഷനിലേക്ക് രജിസ്റ്റര്‍ ചെയ്തവരാണ് ഡെലിഗേറ്റുകളായി വരുന്നത്. ഡെലിഗേറ്റുകള്‍ ഒരേ സ്ഥലത്തുനിന്നു വേണോ എന്നത് കാലാകാലങ്ങളായി ചര്‍ച്ച ചെയ്ത വിഷയമാണ്. അക്കാര്യത്തില്‍ അംഗ സംഘടനകള്‍ക്ക് പ്രശ്നമില്ലെങ്കില്‍ കുഴപ്പമില്ല. ഇതു പുതിയ കാര്യമല്ല.

ഇലക്ഷന്‍ പ്രചാരണത്തില്‍ ചെളി വാരിയെറിയലും ജാതിയും മതവുമൊക്കെ കടന്നു വരുന്നത് ഖേദകരമാണ്. ഫോമ അങ്ങനെയൊരു സംഘടനയല്ല. ഏകദേശം 650 ഡെലിഗേറ്റുകളില്‍ നല്ലൊരു പങ്ക് പുതുമുഖങ്ങളാണ്. തെറ്റായ പ്രചാരണങ്ങളൊക്കെ അവരുടെ ഉത്സാഹം കെടുത്തും. അതുണ്ടാവരുത്. തെരഞ്ഞെടുപ്പിലും അച്ചടക്കം പാലിക്കണം.

വളരെ ദുര്‍ഘടം പിടിച്ച കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആ വെല്ലുവിളി നേരിടാന്‍ പ്രാപ്തരായിരിക്കണം പുതിയ ഭാരവാഹികള്‍. പ്രശ്നങ്ങളൊന്നുമില്ലാതെ അടുത്ത ഭരണസമിതിക്ക് അധികാരം കൈമാറണമെന്ന പക്ഷക്കാരനാണ് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍. അധികാരം നീട്ടിക്കൊണ്ടു പോകാന്‍ താത്പര്യവുമില്ല. കലാവധി നീട്ടിയാല്‍ തന്നെ അടുത്ത വര്‍ഷം സ്ഥിതി മാറുമെന്നതിനു യാതൊരു ഉറപ്പുമില്ല. നാഷണല്‍ കമ്മിറ്റിയിലും മറ്റും മഹാഭൂരിപക്ഷവും ഓണ്‍ലൈന്‍ വോട്ടിംഗിനു അനുകൂലമാണ.്

ന്യൂയോര്‍ക്ക്- ന്യൂജഴ്സി മേഖലയില്‍ കോവിഡ് ഭീതി ഒട്ടൊന്നു ശമിച്ചു. ഫോമ ടാസ്‌ക് ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങളും കുറഞ്ഞു. ഇവിടെ കുടുങ്ങിക്കിടന്ന നൂറുകണക്കിന് ആളുകളെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുന്നതിനു ടാസ്‌ക് ഫോഴ്സ് വലിയ പങ്കുവഹിച്ചു. ഇതില്‍ തികച്ചും അഭിമാനമുണ്ട്.

പല റീജിയനുകളിലായി പ്രവര്‍ത്തിച്ചുവെങ്കിലും ഒരു ടീമായാണ് ടാസ്‌ക് ഫോഴ്സ് മുന്നോട്ടു പോയത്. ആവശ്യക്കാര്‍ക്ക് പലതരത്തിലുള്ള സഹായങ്ങളാണ് എത്തിച്ചു നല്‍കിയത്. താമസ സൗകര്യവും ഭക്ഷണവും ലഭ്യമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. ഫോമ എക്സിക്ട്ടീവ് കമ്മിറ്റി, ആര്‍.വി.പി മാര്‍ തുടങ്ങിയവരെല്ലാം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടായിരുന്നു. കോണ്‍സുലേറ്റുകളുമായി ബന്ധപ്പെട്ടായിരുന്നു പല പ്രവര്‍ത്തനങ്ങളും. ഫോമയും നോര്‍ക്കയും കൈകോര്‍ത്തു.

ഇപ്പോഴും നാട്ടിലേക്കു പോകാനുള്ളവര്‍ സംശയങ്ങളുമായി വിളിക്കുന്നുണ്ട്. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് കോവിഡ് ടെസ്റ്റ് നടത്തിയാലേ ഇപ്പോള്‍ ഇന്ത്യയിലേക്ക് വിമാനയാത്ര പറ്റുകയുള്ളൂ.

ഇവിടെ വിസ കാലാവധി കഴിഞ്ഞവര്‍ തിരിച്ചുപോയി. ജോലി ഇല്ലാതെ നിന്നിട്ടു കാര്യമില്ലല്ലൊ. കരച്ചിലും നിലവിളിയുമായാണ് പലരും മടങ്ങിയത്. അതു തികച്ചും ദുഖകരമായി. ഇപ്പോള്‍ നാട്ടിലുള്ള പലരും സഹായത്തിനായി സന്ദേശം അയയ്ക്കാറുണ്ട്. കോണ്‍സുലേറ്റില്‍ നിന്നു വിസ അടിച്ചു കിട്ടുന്നതിനും മറ്റും സഹായം തേടിയാണ് വിളി. ഇവിടെ കോണ്‍ഗ്രസ് മാന്‍മാരുടേയും മറ്റും സഹായത്തോടെ കോണ്‍സുലേറ്റ് സന്ദര്‍ശനം നടത്തുന്നതിനു വഴിയൊരുക്കുന്നു. ഇപ്പോള്‍ കോണ്‍സുലേറ്റുകളിലും ഇളവ് വന്നിട്ടുണ്ട്.

കോവിഡ് കാലത്ത് എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെപ്പറ്റി വ്യക്തമായ ധാരണയോടെ വേണം പുതിയ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കാന്‍. ആവശ്യത്തിനനുസൃതമായ മാറ്റങ്ങളും വിട്ടുവീഴ്ചകളും ചെയ്യുന്നവരാകണം അവര്‍. യുവജനതയ്ക്ക് വലിയ സാധ്യതകളാണ് ഇപ്പോള്‍ തെളിഞ്ഞുവന്നിരിക്കുന്നത്.

രണ്ട് അസോസിയേഷന്റെ അംഗത്വം അംഗീകരിക്കാത്തത് വേദനാജനകമാണ്. അത് ഒരുതരത്തിലും അംഗീകരിക്കാവുന്ന നിലപാടല്ല. കഴിഞ്ഞ പ്രാവശ്യവും കാപ്പിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്റെ ഉദ്ഘാടനത്തിനൊക്കെ പോയതാണ്. ഫോമ തുടങ്ങിയ കാലം മുതല്‍ അവര്‍ ഫോമയിലുണ്ട്. 40 വര്‍ഷം പഴക്കമുള്ള സംഘടനയാണ്.

ജനറല്‍ബോഡിയില്‍ തര്‍ക്കങ്ങളോ വഴക്കുകളോ ഉണ്ടാകാനുള്ള സാധ്യതയൊന്നും കാണുന്നില്ല. ഏറ്റവും അധികം ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന സൂം കോണ്‍ഫറന്‍സിനാണ് വേദി ഒരുങ്ങുക.

ഫൊക്കാനയിലെപ്പോലെ കേസിനൊക്കെ പോകാനുള്ള സാധ്യതയൊന്നും ഫോമയിലില്ല. അത്തരമൊരു സംഘടനയല്ല ഫോമ. ജനറല്‍ബോഡിക്ക് യുക്തമായ തീരുമാനം എടുക്കാം. അത് ഒരു തവണത്തേക്കല്ല. ഭാവിയിലേക്കുകൂടി ആകാം.

ഓണ്‍ലൈന്‍ ഇലക്ഷന്‍ നടത്തി പരിചിതരായ സ്ഥാപനത്തെയാണ് തെരെഞ്ഞെടുപ്പിനു ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണറിയുന്നത്. അപ്പോള്‍ സത്യസന്ധമായ ഇലക്ഷന്‍ നടക്കും.

അമേരിക്കയിലെ മറ്റ് ഇന്ത്യന്‍ വിഭാഗങ്ങള്‍ കൈവരിച്ച നേട്ടം നമുക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അതു മാറണം. അതുപോലെ നാട്ടില്‍ സഹായമെത്തിക്കുന്നതുപോലെ പ്രധാനമാണ് ഇവിടെ സഹായമെത്തിക്കുന്നതും. ഇപ്പോഴത്തെ ഭാരവാഹികള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുവെന്നതില്‍ ജിബിക്ക് സംശയമില്ല. വ്യക്തിപരമായി പറഞ്ഞാല്‍ ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തു തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here