ലോകത്തെ ഏറ്റവും മികച്ച സ്മാർട്ഫോൺ ബ്രാൻഡായി ആപ്പിൾ നിലകൊള്ളുമ്പോൾ ഈ ബ്രാൻഡിന്റെ ഒരു മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ വിരളമാണ്. ആപ്പിൾ ബ്രാൻഡിനെ വിപണിയിൽ പിന്തള്ളാൻ ആൻഡ്രോയ്ഡ് ഹാൻഡ്സെറ്റ് നിർമാതാക്കളെ ഇതുവരെ സഹായിച്ചതു പ്രധാനമായും രണ്ടു കാര്യങ്ങളാണ് – ഒന്ന് വില, രണ്ടാമത് ആപ്പുകളുടെ എണ്ണം. ഇന്നു വിലകുറഞ്ഞ ഐഫോണുകള്‍ ലഭ്യമാണ്. (വിലകുറഞ്ഞതെന്നു പറയുമ്പോൾ ആൻഡ്രോയ്ഡ് മോഡലുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇവയിന്നും വളരെ കൂടുതലാണ്.) ഇന്ന് 15 ലക്ഷത്തിലേറെ േതർഡ് പാർട്ടി ഐഒഎസ് ആപ്പുകളുണ്ട്. രണ്ടാമത്തെ പ്രശ്നത്തിനും പരിഹാരമാണിത്. ഇതോടെയാണു ആൻഡ്രോയ്ഡ് സ്മാർട്ഫോണുകളെ കൈവിട്ട് ഐഒഎസിലേയ്ക്കു ചേക്കേറാൻ പ്രിയമേറിയത്.

2015 അവസാന പാദത്തിൽ ഐഫോണിലേക്ക് അപ്ഗ്രേഡ് ചെയ്തവരുടെ എണ്ണം തങ്ങളെ തികച്ചും ആവേശഭരിതരാക്കിയെന്ന് ആപ്പിൾ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ റ്റിം കുക്ക് വോൾ സ്ട്രീറ്റിനു 2016 ജനുവരിയിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസ്യൂമർ ഇന്റലിജന്‍സ് റിസർച്ച് പാർട്ണേഴ്സിന്റെ സഹസ്ഥാപകനായ മൈക്കിൾ ആർ. ലെവിന്റെ അഭിപ്രായത്തിൽ ഒരു പ്ലാറ്റ്ഫോമിൽ നിന്നു മറ്റൊരു പ്ലാറ്റ്ഫോമിലേയ്ക്കു മാറുന്നത് ശരാശരി അഞ്ചിൽ ഒരാൾ എന്ന തോതിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിൽ ഈ തോത് സ്ഥായിയായി നിൽക്കുന്നുവെന്നും ലെവിൻ വെളിപ്പെടുത്തുന്നു.

ഗൂഗിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നവർ പെട്ടെന്ന് ആപ്പിളിന്റെ ഐഒഎസ് പ്ലാറ്റ്ഫോമിലേയ്ക്കു മാറുമ്പോൾ ചില ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ആപ്പിൾ എന്ന ബ്രാൻഡിന്റെ വശ്യതയിലേക്കു പറിച്ചു നടാനൊരുങ്ങുന്ന ആൻഡ്രോയ്ഡ് സ്മാർട്ഫോൺ ഉപയോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ഇവിടെ കുറിക്കുന്നു.

ഡേറ്റ ട്രാൻസ്ഫർ

ഒരു പ്ലാറ്റ്ഫോമിൽ നിന്നും അതേ പ്ലാറ്റ്ഫോമിലേയ്ക്കു ഡേറ്റ ട്രാൻസ്ഫർ ചെയ്യുന്നത്ര എളുപ്പമല്ല ആൻഡ്രോയ്ഡിൽ നിന്നും ഐഫോണിലേയ്ക്കു ഡേറ്റ കൈമാറ്റം ചെയ്യുകയെന്നത്. ആന്‍ഡ്രോയ്ഡ് സ്മാർട്ഫോണുകളുമായി അനായാസം സിങ്ക് ചെയ്യാനാകുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു. എന്നാൽ ഫലത്തിൽ ചില പ്രീമിയം സ്മാർട്ഫോണുകൾ മാത്രമാണു മികച്ച രീതിയിൽ സിങ്ക് ചെയ്യുന്നത്. ചില പ്രീമിയം ആൻഡ്രോയ്ഡ് ഫോണുകളും വിലകുറഞ്ഞ ഫോണുകളും ഐഫോണുമായി മികച്ച രീതിയിൽ സിങ്ക് ചെയ്യുന്നതിൽ പരാജയപ്പെടുന്നു. ഇവ സിങ്കു ചെയ്യുമ്പോൾ ഹാങ്ങാകുകയോ ക്രാഷ് ആകുകയോ ചെയ്യുന്നു.

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഐഫോണുമായി സിങ്കു ചെയ്യുന്നില്ലെങ്കിൽ ഇതിലുള്ള ഡേറ്റ ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്യുക. പിന്നീടു ഗൂഗിൾ ഡ്രൈവിൽ നിന്നു ഡേറ്റ ഡൗൺലോഡു ചെയ്ത് പുതിയ ഐഫോണിൽ ഉപയോഗിക്കാനാകും. ഇതാണ് ഏറ്റവും മികച്ച ഒരു പോംവഴി. ഇപ്രകാരം ചെയ്യുന്ന അവസരത്തിൽ ചിലപ്പോഴെങ്കിലും ഡേറ്റ മുഴുവൻ കൈമാറാനാകാതെ വരാം. ചെറിയ വിഡിയോകളോ ചിത്രങ്ങളോ ഒരു പക്ഷേ നഷ്ടപ്പെട്ടേക്കാം.

ആപ്പുകൾ

എല്ലാ ആൻഡ്രോയ്ഡ് ആപ്പുകൾക്കും ഐഒഎസ് വേർഷൻ ഉണ്ടാകണമെന്നില്ല. ഇതാണു മറ്റൊരു പ്രശ്നം. അതേ സമയം ആപ്പിളിന്റെ വിഡിയോ ചാറ്റ്സേവനമായ ഫെയ്സ്ടൈം പോലെ ഐഫോണിൽ മാത്രം ലഭ്യമായ അനേകം ആപ്പുകൾ ഉപയോഗിക്കാനാകും. പത്രവായന, ബുക്ക് വായന എന്നിവയ്ക്കും ഐഫോൺ ആപ്പുകളാണു നല്ലത്. ഇതിനെല്ലാമുപരി അമേരിക്കയിലെ ആപ്പ് നിർമാതാക്കൾ ആദ്യം ഐഫോൺ ആപ്പുകളാണു നിർമിക്കുന്നത്. അതിനാൽ പുതിയ ആപ്പുകള്‍ ആദ്യമുപയോഗിക്കാനുള്ള അവസരവും ഐഫോണിലൂടെ തേടിയെത്തും.

ലുക്ക് ആൻഡ് ഫീൽ

ലുക്ക് ആൻഡ് ഫീലിന്റെ കാര്യത്തിൽ ആൻഡ്രോയ്ഡ് മികച്ചു നിൽക്കുന്നു. എന്തും ഉപയോക്താവിന്റെ ഇഷ്ടാനുസരണം ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യം ആൻഡ്രോയ്ഡ് നൽകുമ്പോൾ വളരെ നിയന്ത്രിതമായ സൗകര്യം മാത്രമേ ആപ്പിൾ നല്‍കുന്നുള്ളു. ചുരുക്കത്തിൽ ഐഫോണിന്റെ ഫ്രണ്ട്സ്ക്രീൻ മുഴുവൻ സ്വന്തം ഇഷ്ടപ്രകാരം ക്രമീകരിക്കാനാവില്ല. ഉദാഹരണത്തിന് മാപ്സ്, വെബ് ബ്രൗസിങ്, ഇമെയിൽ തുടങ്ങിയ സേവനങ്ങൾ ഡിഫോൾട്ട് ആയാണ് ആപ്പിൾ നൽകുന്നത്. ഐഒഎസ് ഉപകരണങ്ങളിൽ ഇതു മാറ്റാനാവില്ല. എന്നാൽ ആൻഡ്രോയ്ഡിൽ ഇതു സാധിക്കും. ലുക്കിലും ഫീലിലും അല്ല പെർഫോമൻസിലാണു കാര്യമെന്നു കരുതുന്നെങ്കിൽ ഐഫോൺ തിരഞ്ഞെടുക്കാം.

ഗൂഗിൾ സേവനങ്ങൾക്കായുള്ള ഐഫോൺ ആപ്പുകൾ ഒരു പ്രത്യേക രീതിയിൽ ഗൂഗിൾ ബന്ധിച്ചിരിക്കുന്നു. ഉദാഹരണത്തിന് ജിമെയിൽ തുറക്കുന്നത് ഗൂഗിൾ ബ്രൗസറിലാണ്. ഇനി ജി-മെയിലിൽ ലഭിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തുറക്കുന്നത് ക്രോമിലാണ്. ഗൂഗിൾ കലണ്ടർ, ഗൂഗിൾ മാപ്സ് എന്നീ ഫീച്ചറുകൾ പ്രവർത്തിക്കുന്നതും ഗൂഗിൾ പ്ലാറ്റ്ഫോമിലാണ്.

2007 ൽ ആപ്പിൾ ഐഫോൺ ആദ്യമായി പുറത്തിറങ്ങുമ്പോൾ ഗുണമേന്മ കുറഞ്ഞ ശബ്ദസംവിധാനവും ഡേറ്റ സർവീസുമാണ് തിരിച്ചടിയായത്. തേർഡ്-പാർട്ടി ആപ്പുകൾ സപ്പോർട്ടു ചെയ്യുന്നില്ല എന്നതായിരുന്നു മറ്റൊരു പ്രധാന പോരായ്മ. എന്നാൽ വർഷങ്ങൾക്കിപ്പുറം ആപ്പിൾ അതിദൂരം മുന്നോട്ടു പോയിരിക്കുന്നു. ഇന്നിറങ്ങുന്ന ഐഫോണുകൾ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച സ്മാർട്ഫോണുകളാണ്. 15 ലക്ഷത്തിലേറെ േതർഡ് പാർട്ടി ആപ്പുകൾ ഇന്ന് ഐഫോണിൽ പ്രവർത്തിക്കും.

ആൻഡ്രോയ്ഡിൽ നിന്നു അടിമുടി വ്യത്യസ്തമാണ് ഐഒഎസ് പ്ലാറ്റ്ഫോം. വർഷങ്ങളായി ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നവർക്ക് തികച്ചും അപരിചിതമായൊരു സ്ഥലത്തെത്തിയ പ്രതീതി അനുഭവപ്പെട്ടേക്കാം. ആന്‍ഡ്രോയ്ഡിൽ നിന്നും ഐഒഎസ് പ്ലാറ്റ്ഫോമിലേക്കു മാറുന്നവർക്കായി ആപ്പിൾ പ്രത്യേക യൂസേഴ്സ് മാനുവൽ തയ്യാറാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഔദ്യോഗിക റീടെയ്ൽ സ്റ്റോറിൽ നിന്നും 90 ദിവസത്തേയ്ക്ക് സൗജന്യ സേവനവും ആപ്പിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ പ്ലാറ്റ്ഫോമിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ചിലർക്കു മികച്ചത് ഐഫോണെന്നു തോന്നുമ്പോൾ ചിലർക്കു മികച്ചത് ആൻഡ്രോയ്ഡ് എന്നു തോന്നിയേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here