ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. ജമ്മു കശ്മീരിലെ ചിലയിടങ്ങളില്‍ ജോഡോ യാത്രയില്‍ കാല്‍നട യാത്ര ഒഴിവാക്കണമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. സുരക്ഷാ പ്രശ്‌നമുള്ള മേഖലകളില്‍ പകരം കാറില്‍ സഞ്ചരിക്കാനാണ് നിര്‍ദേശം. ഭീകരാക്രമണ സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.

 

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജോഡോ യാത്ര ഇന്ന് വൈകിട്ട് പഞ്ചാബ് ഹിമാചല്‍ അതിര്‍ത്തിയിലെത്തും. യാത്ര സുരക്ഷിതമാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. 25ന് രാഹുല്‍ ഗാന്ധി ബനിഹാലില്‍ പതാക ഉയര്‍ത്തും. 27ന് ശ്രീനഗറിലെത്തും. നിലവില്‍ രാഹുല്‍ ഗാന്ധിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്. ഒന്‍പതോളം സുരക്ഷാ ഭടന്മാരാണ് 24 മണിക്കൂറും രാഹുല്‍ ഗാന്ധിക്കൊപ്പമുള്ളത്.

2022 സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി30 ന് അവസാനിക്കും. ജനുവരി 30 ന് ശ്രീനഗറില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തുന്നതോടെയാണ് യാത്ര അവസാനിക്കുക. തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലൂടെയാണ് ജോഡോ യാത്ര ഇതുവരെ കടന്നുപോയത്.

പ്രതിപക്ഷത്തുള്ള 21 പാര്‍ട്ടികളുടെ നേതാക്കളെ യാത്രയുടെ സമാപനത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. അതേസമയം അരവിന്ദ് കെജ്രിവാള്‍, എച്ച്ഡി ദേവഗൗഡ, ഒവൈസി തുടങ്ങി എട്ടോളം രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ക്ഷണമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here