അഞ്ചാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് കൊല്‍ക്കത്തയില്‍ ഉച്ഛസ്ഥായിയിലെത്തിയപ്പോഴാണ് സൂര്യന് ചുറ്റുമുള്ള ദുരൂഹ വളയം ചിലരുടെ ശ്രദ്ധയില്‍ പെട്ടത്. ഈ വിചിത്ര പ്രതിഭാസം എന്തെന്നറിയാതെ മൊബൈലിലും ക്യാമറകളിലും ചിത്രങ്ങളെടുത്തവര്‍ വൈകാതെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ഇതോടെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സൂര്യന് ചുറ്റുമുള്ള വര്‍ണ്ണവലയത്തിന് വഴിമാറി. മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന ഈ വര്‍ണ്ണവലയം എന്താണെന്ന് ശാസ്ത്രലോകം പിന്നീട് വിശദമാക്കിയതോടെയാണ് വിവാദങ്ങള്‍ അടങ്ങിയത്.

ഉച്ചക്ക് പന്ത്രണ്ട് മണിയോടെ സൂര്യന്‍ തലക്ക് മുകളിലെത്തിയപ്പോഴാണ് ഈ പ്രതിഭാസം കൊല്‍ക്കത്തയില്‍ ദൃശ്യമായത്. സൂര്യന് ചുറ്റും പൂര്‍ണ്ണ വൃത്താകൃതിയില്‍ ചെറു മഴവില്ലിന്റെ വലയം രൂപപ്പെടുകയായിരുന്നു. അതുവരെ വോട്ടു ചെയ്യാന്‍ വരി നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞ ഫെയ്സ്ബുക്ക് ടൈം ലൈനുകള്‍ പിന്നീട് സൂര്യന് ചുറ്റും പ്രത്യക്ഷപ്പെട്ട വര്‍ണ്ണ വലയത്തിന്റെ ദൃശ്യങ്ങളാല്‍ നിറഞ്ഞു. ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ കൈവശമുള്ളവര്‍ കൂടുതല്‍ വ്യക്തമായ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയ ചര്‍ച്ചകളെ സജീവമാക്കി. ഏകദേശം ഒരു ദശാബ്ദത്തിന് മുമ്പുണ്ടായ സൂര്യഗ്രഹണം ഇതിനിടെ ചിലരെല്ലാം ഓര്‍ത്തെടുത്തു.

സൂര്യന് ചുറ്റും വര്‍ണ്ണ വലയം ഏതാനും മിന‌ിറ്റുകള്‍ മാത്രം നീണ്ടു നിന്ന ശേഷം താനേ അപ്രത്യക്ഷമായി. എന്നാല്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ മണിക്കൂറുകളോളം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്നു. ലോകാവസാനം അടുത്തോ? ദീദിയുടെ ഭരണം അവസാന നാളുകളിലെത്തിയോ? കൊല്‍ക്കത്ത അന്യഗ്രഹജീവികള്‍ കോളനിയാക്കുമോ? മമത ബാനര്‍ജിയുടെ ഭരണം തുടരുമോ? എന്നിങ്ങനെ യാതൊരു തരത്തിലും ബന്ധിപ്പിക്കാനാവാത്ത വിഷയങ്ങളെ സൂര്യന് ചുറ്റും പ്രത്യക്ഷപ്പെട്ട വര്‍ണ്ണവലയം ഏറെ നേരം ഓണ്‍ലൈനില്‍ സജീവ ചര്‍ച്ചയാക്കി.

ചര്‍ച്ചകള്‍ മുറുകിയതോടെ ഒരു കൂട്ടര്‍ ഇതിന്റെ ശാസ്ത്രവശത്തെക്കുറിച്ച് അന്വേഷിച്ചു, അന്വേഷിച്ചിറങ്ങിയവര്‍ വൈകാതെ യഥാര്‍ഥ കാരണം കണ്ടെത്തുക തന്നെ ചെയ്തു. സൂര്യന് ചുറ്റും വളയം പ്രത്യക്ഷപ്പെടുന്നത് അപൂര്‍വ്വ പ്രതിഭാസമാണെങ്കിലും അത് മറ്റെന്തിന്റെയെങ്കിലും ലക്ഷണമല്ല. സോളാര്‍ ഹാലോ എന്ന് ശാസ്ത്ര ലോകം പേരിട്ട് വിളിക്കുന്ന പ്രതിഭാസമാണത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കേരളത്തില്‍ പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളിലും ഈ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് ക്രമാതീതമായി ഉയരുന്നതാണ് ഈ പ്രതിഭാസത്തിന് പിന്നില്‍. സൂര്യന് ചുറ്റും മാത്രമല്ല ചന്ദ്രന് ചുറ്റും ഇത്തരം പ്രതിഭാസം കാണാറുണ്ട്. ചന്ദ്രനെ അപേക്ഷിച്ച് താരതമ്യേന അപൂര്‍വ്വമാണെന്നതാണ് സൂര്യന് ചുറ്റും പ്രത്യക്ഷപ്പെട്ട വര്‍ണ്ണവലയത്തെ വാര്‍ത്തയാക്കി മാറ്റിയത്. മേഘങ്ങളിലെ ദശലക്ഷക്കണക്കിന് പരലുകളില്‍ തട്ടി സൂര്യപ്രകാശം പ്രതിഫലിക്കുന്നതും ഗതിമാറ്റം സംഭവിക്കുന്നതുമാണ് സോളാര്‍ ഹാലോക്ക് പിന്നില്‍. കുറച്ച് മിനിറ്റുകള്‍ മാത്രമേ നീണ്ടു നില്‍ക്കൂ എന്നതിനൊപ്പം കാണുന്ന ഓരോരുത്തര്‍ക്കും വ്യത്യസ്ത കാഴ്ചകളായിരിക്കും സോളാര്‍ ഹാലോ സമ്മാനിക്കുക എന്ന പ്രത്യേകതയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here