ഗൂഗിളില്‍ നിന്നും രാജിവച്ച് സ്വന്തമായി ബിസിനസ് തുടങ്ങുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. ഇതേത്തുടര്‍ന്ന് മിടുക്കരായ പലരെയും ഗൂഗിളിനു നഷ്ടപ്പെട്ടു. ഇങ്ങനെയുണ്ടാവുന്ന നഷ്ടം നികത്താനായി പുതിയ പ്രതിവിധിയുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ.

ഗൂഗിളിനുള്ളില്‍ തന്നെ ഒരു കോര്‍പ്പറേറ്റ് ഇന്‍ക്യുബേറ്റര്‍ എന്നതാണ് പുതിയ ആശയം. ‘ഏരിയ 120’ എന്നാണു ഇതിന്റെ പേര്. ഈ പ്രോഗ്രാം അനുസരിച്ച് ഗൂഗിള്‍ ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസമോ ജോലി സമയത്തിന്റെ ഇരുപതു ശതമാനം സമയമോ സ്വന്തം ബിസിനസിനായി വിനിയോഗിക്കാം. ഗൂഗിളിന്റെ ആവശ്യം നടക്കുകയും ചെയ്യും, ആര്‍ക്കും ജോലി വിട്ടു പോകേണ്ടി വരികയുമില്ല.

ഗൂഗിള്‍ എക്‌സിക്യൂട്ടീവുമാരായ ഡോൺ ഹാരിസൺ, ബ്രാഡ്‌ലി ഹൊറോവിറ്റ്സ് എന്നിവര്‍ ചേര്‍ന്നായിരിക്കും ഇതിനു മേല്‍നോട്ടം വഹിക്കുക. ‘ഗൂഗിളിലെ ആളുകളുടെ കാര്യത്തില്‍ ഞങ്ങള്‍ക്കും താല്പര്യമുണ്ട്. മുന്‍പേ സ്വന്തമായി എന്തെങ്കിലും ചെയ്തവര്‍ എല്ലാം ഗൂഗിളിനു കൂടി ഉപകാരപ്രദമായ ഒരുപാടു കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സുന്ദര്‍ പിച്ചൈ പറയുന്നു.

വേറൊരു കാര്യം കൂടിയുണ്ട്. ആവശ്യമായ സമയം അനുവദിച്ചു കൊടുക്കുന്നതിനു പുറമേ വേണമെന്നുണ്ടെങ്കില്‍ ഇത്തരം പ്രൊജക്ടുകളില്‍ പണം മുടക്കാനും ഗൂഗിള്‍ തയ്യാറാണ്!

ആപ്പിളിന്റെ സിറിയും മൈക്രോസോഫ്റ്റിന്റെ കൊര്‍ട്ടാനയും പോലെ പുതിയ പെഴ്‌സണല്‍ അസിസ്റ്റന്റ് ഗൂഗിളില്‍ ഉടനെ വരുമെന്ന് മുന്‍പേ പ്രസ്താവന ഉണ്ടായിരുന്നു. ‘ഗൂഗിൾ അസിസ്റ്റന്റ്’ എന്ന പേരില്‍ ഇറങ്ങുന്ന ഈ വെര്‍ച്വല്‍ സുഹൃത്ത് ദൈനംദിന പ്രവൃത്തികളിലും ടിക്കറ്റ് ബുക്ക് ചെയ്യാനും നല്ല റെസ്റ്റോറന്റ് കണ്ടുപിടിക്കാനും എല്ലാം ഉപഭോക്താക്കളെ സഹായിക്കും. എന്താണ് ആവശ്യമെന്ന് പറഞ്ഞാല്‍ അതിനനുസരിച്ച് പ്രതികരിക്കാനാവുന്ന ഒന്നായിരിക്കും ഇത്. ‘നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ സ്വന്തം അസിസ്റ്റന്റ്’ എന്നാണു കമ്പനി ഇതിനെക്കുറിച്ച് പറയുന്നത്.

ഇത് കൂടാതെ ‘ ഗൂഗിള്‍ ഹോം ‘ എന്ന പേരില്‍ നമ്മുടെ ശബ്ദ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് സോഫ്റ്റ്‌വയര്‍ കൂടി മുന്‍പേ അനൗണ്‍സ് ചെയ്തിരുന്നു. വീട്ടിനുള്ളില്‍ എവിടെ ഇരുന്നും ശബ്ദം വഴി നമുക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ മെസേജിംഗ് ആപ്‌ളിക്കേഷനായ അല്ലോ, വിഡിയോ കോളിംഗിന് വേണ്ടി ഡ്യൂ ഫീച്ചര്‍ എന്നിവയും ഇക്കഴിഞ്ഞ ഗൂഗിൾ I/O മീറ്റിലെ വാഗ്ദാനങ്ങളാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here