രാജ്യത്ത് സ്വര്‍ണ്ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 75 രൂപ കൂടി  2935 രൂപയാണ് ഇപ്പോഴത്തെ വില. പവന് 600 രൂപ വര്‍ദ്ധിച്ച് 23480 രൂപയിലെത്തി. ആഗോളതലത്തിലും സ്വര്‍ണ്ണവില ഉയരുന്നുവെന്നാണ് സൂചനകള്‍ നല്‍കുന്നത്.
അമേരിക്കന്‍ തെരെഞ്ഞെടുപ്പ് ഫലത്തിന്റെ സ്വാധീനമാണ് സ്വര്‍ണ്ണവില ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയില്‍ 500, 1000 രൂപയുടെ നോട്ടുകൾ പിന്‍വലിച്ചത് ജ്വല്ലറി ബിസിനസില്‍ ഏറെ സ്വാധീനമുണ്ടക്കില്ലെന്നും വ്യാപാരികള്‍ പറയുന്നു.

ഡോളറുമായുള്ള രൂപയുടെ മൂല്യം 0.19 ഉയര്‍ന്നു. എന്നാല്‍ ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ നിഫ്റ്റിയിലും സെന്‍സെക്‌സിലും ഇടിവാണ് രേഖപ്പെടുത്തിയത്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡൊണാള്‍ഡ് ട്രംപ് വിജയിക്കുമെന്ന സൂചനകള്‍ ആഗോള വിപണിയില്‍ സ്വര്‍ണ്ണവില കൂടാന്‍ കാരണമാകുന്നുവെന്ന് സിഡിഎസ് മുന്‍ ഡയറക്ടര്‍ കെ പി കണ്ണന്‍ അഭിപ്രായപ്പെടുന്നു. ട്രംപിന്റെ നയങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അനുകൂലമാകുമെന്നും ഫെഡറല്‍ റിസര്‍വ് പലിശ ഉയര്‍ത്തുമെന്നുമുള്ള വാര്‍ത്തകള്‍ മറ്റ് രാജ്യങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. പലിശ നിരക്ക് ഉയര്‍ത്തിയാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള നിക്ഷേപം കുറയുമെന്ന വിലയിരുത്തലുകളാണുള്ളത്. ഇതു മറികടക്കാന്‍ ആളുകള്‍ സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപം നടത്താനാണ് സാധ്യത.

എന്നാല്‍ ഇന്നലെ 500, 1000 രൂപയുടെ കറന്‍സികള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത് സ്വര്‍ണ്ണവിലയുടെ കാര്യത്തില്‍ വലിയ സ്വാധീനമുണ്ടാക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ തീരുമാനത്തിലൂടെ സ്വര്‍ണ്ണം വാങ്ങുന്നതില്‍ നിയന്ത്രണങ്ങള്‍ കൂടാനാണ് സാധ്യതയെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ബ്ലാക്ക് മണി ഉപയോഗിച്ച് സ്വര്‍ണ്ണം വാങ്ങാനുള്ള തീരുമാനം കൂടുതല്‍ കുരുക്കുകളിലേക്ക് നയിക്കുമെന്ന് ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ഇന്നും നാളെയും കൂടുതല്‍ പണമുള്ളവര്‍ സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കും എന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍ വൈറ്റ് മണി ഉപയോഗിച്ച് സ്വര്‍ണ്ണം വാങ്ങുന്നതാണ് സുരക്ഷിതം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണ്ണം വാങ്ങുന്നവര്‍ ഏറെയുണ്ടാകാമെങ്കിലും ജ്വല്ലറികളിലുണ്ടാകുന്ന പണത്തിന്റെ ‘ സഡന്‍ സ്‌ട്രൈക്ക്’ സംശയങ്ങള്‍ക്ക് വഴിവെക്കും. ബ്ലാക്ക് മണി വഴിയുടെ സ്വര്‍ണ്ണവ്യാപാരത്തിന് ജ്വല്ലറി ഉടമകള്‍ തയ്യാറായേക്കുമില്ല. അതിനാല്‍ രണ്ടു ദിവസത്തേക്ക് ചിലപ്പോള്‍ സ്വര്‍ണ്ണവ്യാപാരത്തില്‍ മാറ്റങ്ങളുണ്ടായേക്കാമെങ്കിലും ദീര്‍ഘാകാലടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here