ന്യൂയോര്‍ക്ക്: കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജിയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ ഭാഗമായി തഴച്ചുവളരുന്ന സോഷ്യല്‍ മീഡിയാകളുടെ അതിപ്രസരം കുടുംബബന്ധങ്ങളുടെ ശിഥിലീകരണത്തിലേക്ക് വഴി തെളിയിക്കുന്ന നിര്‍ണ്ണായക ഘടകമായി മാറിയതായി ഇന്ത്യപ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച മാധ്യമസെമിനാറില്‍ പങ്കെടുത്ത ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടു.

‘സോഷ്യല്‍ മീഡിയായുടെ സ്വാധീനം’ എന്ന വിഷയത്തെ അധികരിച്ചു ഐ.പി.സി.എന്‍.എ മാര്‍ച്ച് 12 ശനിയാഴ്ച ന്യൂയോര്‍ക്ക് ടൈബന്‍ സെന്ററില്‍ നടത്തിയ ഡിബേറ്റില്‍ ഇന്ത്യ എബ്രോഡ് ഡെപ്യൂട്ടി മാനേജിംഗ് എഡിറ്റര്‍ മുഖ്യപ്രബന്ധം അവതരിപ്പിച്ചു. വിവാഹമോചനത്തിന്റെ 81 ശതമാനവും സോഷ്യല്‍ മീഡിയായുടെ ദുരുപയോഗം മൂലമാണ് സംഭവിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ നിരവധി ഉദാഹരണങ്ങള്‍ സഹിതം സമര്‍ത്ഥിച്ചു.

സോഷ്യല്‍മീഡിയായുടെ സത്ഗുണങ്ങളും, ദുര്‍ഗുണങ്ങളും ഒരു നാണയത്തിന്റെ ഇരുവശവുംപോലെ പരസ്പര ബന്ധിതമാണ്. ഇവ രണ്ടും തട്ടിച്ചു നോക്കുമ്പോള്‍ സത്ഗുണങ്ങള്‍ക്കാണ് മുന്‍തൂക്കമെന്ന് ഐ.പി.സി.എന്‍.എ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റും ഏഷ്യനെറ്റ് വക്താവുമായ ഡോ.കൃഷ്ണകിഷോര്‍ അഭിപ്രായപ്പെട്ടു. ഭാര്യ ഭര്‍ത്തൃബന്ധം ആഴത്തില്‍ വേരോടുകയും, പരസ്പരവിശ്വാസം വെച്ചു പുലര്‍ത്തുകയും ചെയ്യുന്ന കുടുംബങ്ങളില്‍ സോഷ്യല്‍ മീഡിയായുടെ ഉപയോഗം ഒരു തരത്തിലും സ്വാധീനം ചെലുത്തുകയില്ലെന്ന ചര്‍ച്ചയില്‍ പാനലിസ്റ്റായ ഡോ.സാറാ ഈശോ അഭിപ്രായപ്പെട്ടു.

സോഷ്യല്‍ മീഡിയായുടെ ദുരുപയോഗം തടയുന്നതിന് നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്നും ശക്തമായ നിയമനിര്‍മ്മാണത്തിലൂടെ ഇതിന് തടയിടുവാന്‍ കഴിയുമെന്ന് ദീര്‍ഘകാലമായി അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുന്ന റാം ഛിരന്‍ പറഞ്ഞു.

ന്യൂജനറേഷനന്‍, സോഷ്യല്‍ മീഡിയായുടെ അമിതസ്വാധീനത്തില്‍ അകപ്പെടുന്നത് എങ്ങനെയായിട്ടാകും എന്ന പ്രസക്തമായ ചോദ്യം ലാലി കളപുരയ്ക്കല്‍ ഉയര്‍ത്തി. ചെറുപ്രായത്തില്‍ മാതാപിതാക്കള്‍ പുലര്‍ത്തുന്ന ജാഗ്രത ഒരു പരിധിവരെ ഇതിനെ നിയന്ത്രിക്കാനാകുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ നല്‍കിയ നിര്‍ദ്ദേശം.

ലോകത്തിന്റെ ഏതു കോണിലും നടക്കുന്ന സംഭവങ്ങള്‍ നിമിഷങ്ങള്‍ക്കകം ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിയുന്ന മാധ്യമമായി സോഷ്യല്‍ മീഡിയ വളര്‍ന്ന് കഴിഞ്ഞിട്ടുണ്ടെന്ന് ഡോ.ഷാജി പൂവത്തൂര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയായുടെ വളര്‍ച്ച അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വളര്‍ച്ചയെ സാരമായി ബാധിക്കണമെന്നാണ് ഐ.പി.സി.എന്‍.എ.സ്ഥാപകപ്രസിഡന്റും ഈ-മലയാളി ചീഫ് എഡിറ്ററുമായ ജോര്‍ജ്ജ് ജോസഫ് അഭിപ്രായപ്പെട്ടത്. വന്‍കിട ടെലിവിഷന്‍ ചാനലുകളില്‍ പോലും ലഭ്യമല്ലാത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായിലാണ് ആദ്യമായി ജനമദ്ധ്യത്തിലെത്തുന്നതെന്ന് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

ഐ.പി.സി.എന്‍.എ. സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത പാനലിസ്റ്റുകളെ നാഷണല്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും, കോര്‍ഡിനേറ്ററുമായ രാജ പള്ളത്ത് സദസ്സിനെ പരിചയപ്പെടുത്തുകയും സ്വാഗതമരുളുകയും ചെയ്തു. ഡോ.ലീനാ ചര്‍ച്ച നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

ഐ.പി.സി.എന്‍.എ. പ്രസിഡന്റ് ശവിന്‍ മുഹമ്മ, സെക്രട്ടറി ഡോ.ജോര്‍ജ്ജ് കാക്കനാട്, ട്രഷറര്‍ ജോസ് കടാപുറം, പ്രിന്‍സ് മാര്‍ക്കോസ്, അനിയന്‍ ജോര്‍ജ്, ജിമ്മി ജോണ്‍ തുടങ്ങിയ നിരവധി പേര്‍ ചര്‍ച്ചകളില്‍ സജ്ജീവമായി പങ്കെടുത്തു.

പി.പി.ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here