ഡെലവെയര്‍: ലംസ്‌പോണ്ട് പാര്‍ക്കില്‍ വെച്ച് നടന്ന മലയാളി മുസ്ലിം കൂട്ടായ്മയുടെ സ്‌നേഹസംഗമം സംഘാടന മികവ് കൊണ്ടും നോര്‍ത്തീസ്റ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുടെ പ്രാതിനിധ്യം കൊണ്ടും ശ്രദ്ധേയമായി. ന്യൂജേഴ്‌സി, പെന്‍സില്‍വാനിയ, ഡെലവെയര്‍, വെര്‍ജീനിയ, വാഷിംഗ്ടണ്‍ ഡിസി എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം മുപ്പത്തിയഞ്ചോളം കുടുംബങ്ങളാണ്, ഈ സംസ്ഥാനങ്ങളിലെ ലോക്കല്‍ മലയാളി­ മുസ്ലീം അസോസിയേഷനുകള്‍ സംയുക്തമായി സംഘടിപ്പിച്ച കൂട്ടായ്മക്കായി ഒത്തുകൂടിയത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കയിലെത്തി ജീവിതം കെട്ടിപ്പടുത്ത പഴയ തലമുറ മുതല്‍ ഐടി ജോലിക്കായി അടുത്ത കാലത്തായി ഇവിടെ എത്തപ്പെട്ടവരും ഉള്‍പ്പെടെ മൂന്നു തലമുറകളാണ് സംഗമിക്കാനെത്തിയത്. ഫസ്റ്റ് സ്‌റ്റേറ്റ് എന്നറിയപ്പെടുന്ന ഡെലവെയറില്‍ വെച്ചു തന്നെ ഫസ്റ്റ് മീറ്റപ്പ് നടന്നതും ഏറെ കൗതുകകരമായി.

തലേ ദിവസം പ്രവചിക്കപ്പെട്ട മഴ, നേരം തെറ്റി സംഗമ ദിവസം രാവിലെ ശക്തമായി പെയ്യാന്‍ തുടങ്ങിയത് സംഘാടകരെയും വിവിധ സ്ഥലകളില്‍ നിന്ന് പങ്കെടുക്കാനായി പുറപ്പെട്ടവരെയും ആദ്യമൊന്നു ആശങ്കയിലാക്കിയെങ്കിലും പ്രതീക്ഷ കൈവിടാതെ, ലക്ഷ്യസ്ഥാനത്തേക്ക് പതിനൊന്ന് മണിയോടു കൂടി എത്തിതുടങ്ങുകയായിരുന്നു എല്ലാവരും. പരിപാടിയുടെ മുഖ്യ സംഘാടകനും ആതിഥേയനുമായ മുസ്തഫക്കയും കൂട്ടരും അപ്പോഴേക്കും ലംസ് പോണ്ട് പാര്‍ക്കിലെ ഏരിയ 3 യില്‍ ഒരുക്കള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. പതിനൊന്ന് മണിക്ക് ആരംഭിക്കേണ്ട പരിപാടിക്ക് പത്തു മണിക്ക് തന്നെയെത്തി എടപ്പാള്‍ക്കാരന്‍ തൈസീറും കുടുംബവും മാതൃകയായതായി സംഘാടകരറിയിച്ചു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഒട്ടുമിക്ക ജില്ലകളില്‍ നിന്നുമായി ഒരു കൊച്ചു കേരളം തന്നെ അതിനകം പാര്‍ക്കില്‍ വന്നണഞ്ഞിരുന്നു. പന്ത്രണ്ട് മണിയോടെ ഏകദേശം മുഴുവന്‍ പേരും എത്തിച്ചേര്‍ന്നെങ്കിലും, നിലക്കാത്ത ചാറ്റല്‍ മഴയും കാറ്റും കാര്യപരിപാടികളെ സാവധാനത്തിലാക്കി. മഴ മാറി മാനം തെളിയണേയെന്ന ഒരൊറ്റ പ്രാര്‍ത്ഥന മാത്രമായിരുന്നു എല്ലാരുടെയുമുള്ളിലപ്പോള്‍.
മിക്കവരും പരിചയപ്പെടലിന്റെയും പരിചയം പുതുക്കലിന്റെയും തിരക്കില്‍ മുഴുകിയപ്പോള്‍, പ്രധാന ബാര്‍ബിക്യൂ ഗ്രില്ലിനു മുകളില്‍ ഒരു കൊച്ചു പന്തലുയര്‍ത്തി കാറ്റും മഴയും ചെറുക്കാനുള്ള ശ്രമകരമായ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന തിരക്കിലായിരുന്നു സംഘാടകരായ സമദ് പൊന്നേരിയും ഡോ. ഫൈസലും മറ്റും. ഗ്രില്ലില്‍ കോള്‍ നിറച്ച്, തീയിട്ട് ചൂടാക്കി തുടങ്ങിയതോടെ, കൂടി നിന്നവരെല്ലാം ഉഷാറായി, കാര്യങ്ങള്‍ ധ്രുതഗതിയിലുമായി. ഏവരുടെയും ആവേശത്തിനു മുന്നില്‍ തോറ്റിട്ടെന്ന പോലെ മഴയും കാറ്റും പതിയെ പിന്‍വാങ്ങി, മാനം തെളിഞ്ഞു വന്നു, സംഘാടകരുടെ മനവും. പന്തല്‍ പൊളിച്ചുമാറ്റിയാണ് കൂട്ടത്തിലെ യുവാക്കള്‍ വെയിലിനെ വരവേറ്റത്.

സംഗമത്തിന്റെ മുഖ്യ ആകര്‍ഷണം സ്വാദിഷ്ടമായ ഭക്ഷണം തന്നെയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി മത്സര ബുദ്ധിയോടെ ബാര്‍ബിക്യു ചെയ്യാനായി കൊണ്ടു വന്ന ചിക്കന്‍ ആയിരുന്നു പ്രധാന ഐറ്റം. കൂടാതെ, ബീഫ് ബര്‍ഗര്‍, കുട്ടികള്‍ക്കായി ഹോട്ട്‌ഡോട്ട് തുടങ്ങി വിഭങ്ങളുടെ ഒരു നിര തന്നെ ഒരുക്കപ്പെട്ടിരുന്നു. തങ്ങള്‍ കൊണ്ട് വന്ന ചിക്കന്‍ ആദ്യമാദ്യം ബാര്‍ബിക്യു ചെയ്യാനും മറ്റുള്ളവര്‍ക്ക് വിളമ്പാനും അതാതും സ്‌റ്റേറ്റുകാര്‍ മത്സരിച്ചതോടെ എല്ലാവരുടെയും ഉത്സാഹവും വിശപ്പും ഇരട്ടിച്ചു.

ളുഹര്‍ നമസ്കാരാനന്തരം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുക്കിയിരുന്ന പലതരം ഗെയിമുകള്‍ തുടങ്ങിയതോടെ കുട്ടികളും സ്ത്രീകളും ആവേശത്തിലായി. മുഴുവന്‍ കുട്ടികളെയും മത്സരങ്ങളില്‍ പങ്കെടുക്കാനും കൂട്ടുകൂടാനുമുതകുന്ന തരത്തില്‍ വ്യത്യസ്തമാര്‍ന്ന ഇനങ്ങളൊരുക്കിയത് ശ്രദ്ധേയമായി. ചാക്കിലോട്ടം, ചാക്കിലോട്ടം, സ്പൂണ്‍ റൈസിംഗ് തുടങ്ങിയ പരമ്പരാഗത മത്സരങ്ങള്‍ക്ക് പുറമെ ആണുങ്ങളുടെ വോളി്യമളും, സോക്കറും കൂടിയായപ്പോള്‍ ആവേശം അതിന്റെ പാരമ്യത്തിലെത്തി. വോളിബോള്‍ മത്സരത്തിനിടക്ക് കൈവിരലിന് പരിക്കേറ്റ തനിക്ക്, കൂട്ടത്തിലുള്ള ഡോക്ടര്‍മാരുടെ വിദഗ്ദ പ്രാഥമിക ചികിത്സ നല്‍കുന്നത് കണ്ടപ്പോള്‍ തന്റെ ബാല്യം തന്നെ പകച്ചു പോയതായി നിയാസിക്ക പറഞ്ഞു. അവസാന ഇനമായ വടംവലി മത്സരത്തിന്, ന്യൂജേഴ്‌സി­ പെന്‍സില്‍വാനിയ (Pa -Nj) ടീം ഒരുവശത്തും വെര്‍ജീനിയ­- ഡിസി (Va- Dc) ടീം മറുവശത്തുമായി ഏറ്റുമുട്ടി. വാശിയേറിയ മത്സരത്തിനൊടുവില്‍ Pa-Nj ടീം വിജയികളായി.

വൈകുന്നേരം ആറുമണിയോടെ പരിപാടികള്‍ക്ക് സമാപനം കുറിച്ച് കൊണ്ട് നിറാര്‍ ബഷീര്‍ സാഹിബ് കുട്ടികള്‍ക്കുള്ള സമ്മാനവിതരണം നടത്തി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്കി സന്തോഷിപ്പിക്കാന്‍ സംഘാടകര്‍ ശ്രദ്ധിച്ചത് ഹൃദ്യമായ കാഴ്ചയായിരുന്നു. അതിനിടെ, അടുത്ത സംഗമത്തിന്റെ തീയതി ഉറപ്പിക്കാതെ പരിപാടി അവസാനിപ്പിക്കാനനുവദിക്കില്ല എന്ന് ചിലര്‍ അല്പം കളിയായും കാര്യമായും ആവശ്യപ്പെട്ടത് സംഘാടകരെ അതിരറ്റു ആഹ്ലാദത്തിലാക്കി. തങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമായാണവരതിനെ നോക്കിക്കണ്ടത്. സന്തോഷകരമായ ഒരു പകലിന്റെ നിര്‍വൃതിയില്‍ആദ്യമായി കണ്ട് സൗഹൃദത്തിലായവരും ഏറെക്കാലത്തിന് ശേഷം കണ്ടുമുട്ടിയവരും പരസ്പരം ആശ്ശേഷിച്ച് വീണ്ടും കാണാമെന്ന പ്രതിക്ഷയോടെ യാത്ര പറയാന്‍ തുടങ്ങി. ഏറെ പ്രിയപ്പെട്ട
ഒരു ദിനം സമ്മാനിച്ചതിന്റെ നന്ദിയും കടപ്പാടും സംഘാടകരെ അറിയിച്ചും ഇനിയും ഇത് പോലെ സംഗമങ്ങള്‍ സംഘടിപ്പിക്കണമെന്ന് അപേക്ഷിച്ചും എല്ലാവരും സന്തോഷത്തോടെ, ഒരു പിടി നല്ല ഓര്‍മകളുമായി അവരവരുടെ സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചു. തങ്ങളിവിടെ ഒരുമിച്ചുകൂടിയതു പോലെ നാഥന്‍ നാളെ അവന്റെ സ്വര്‍ഗപ്പൂങ്കാവത്തിലും ഒരുമിച്ചു കൂട്ടട്ടെ എന്ന് നിശബ്ദമായി പ്രാര്‍ഥിച്ചുകൊണ്ടാണ് എല്ലാരും മടങ്ങിയത്. ഒരു നല്ല ആതിഥേയനായി, അവസാനത്തെ കുടുംബത്തേയും സസന്തോഷം യാത്രയയച്ച് പാര്‍ക്കില്‍ ഒറ്റക്കാകുമ്പോള്‍, മുസ്തഫക്കയുടെയും കുടുംബത്തിന്റെയും മുഖത്ത് സംതൃപ്തിയുടെ പുഞ്ചിരി നിറഞ്ഞിരുന്നു.

– AMMANu വേണ്ടി MMNJയുടെ സ്വന്തം ലേഖകന്‍ ­ശിഹാബ് എടപ്പാള്‍ അറിയിച്ചതാണി­ത്.

Newsimg2_70577327

ammmnpicnic_pic4ammmnpicnic_pic6

 

LEAVE A REPLY

Please enter your comment!
Please enter your name here