ന്യൂയോർക്ക്∙ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു പോകണമോ എന്നതു സംബന്ധിച്ച് നടത്തിയ ഹിതപരിശോധനയായിരുന്നു ബ്രെക്സിറ്റ്. ഒടുവിൽ ഹിതപരിശോധന വിജയം നേടിയപ്പോൾ യൂറോപ്യൻ യൂണിയനിലെ യൂറോ കവച്ചുവച്ചു നിന്നിരുന്ന പൗണ്ടിനു ക്ഷീണം സംഭവിച്ചു. ആഗോളവ്യാപകമായി സംഭവിച്ച ഈ ക്ഷീണത്തിൽ ഡോളർ നടത്തിയ മികച്ച പ്രകടനം അമേരിക്കൻ മലയാളികളെ സ്വാധീനിച്ചത് പല തരത്തിലാണ്. ഇന്ത്യൻ രൂപയുമായുളള വിനിമയ നിരക്കിൽ ഒരു ഡോളറിന് 70 രൂപ എന്ന മാന്ത്രിക സംഖ്യയെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ നില കൊളളുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ഡോളറിന്റെ വില എന്തായാലും ഉടൻ താഴേയ്ക്ക് പോവുകയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ അമേരിക്കയിലുളള ഇന്ത്യക്കാരിൽ ബഹുഭൂരിപക്ഷവും ഈ സാഹചര്യത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുക്കാനായി നാട്ടിലേക്ക് പല വിധത്തിൽ പണം അയച്ചു കൊണ്ടിരിക്കുകയാണ്. ഈ പണം നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ വെറുതേ കിടന്നാലും പല വിധത്തിൽ പത്തിനോടടനുത്ത് പലിശ ലഭിച്ചു കൊണ്ടിരിക്കും. ഗുജറാത്തികൾ, മാർവാഡികൾ തുടങ്ങിയ ഉത്തരേന്ത്യക്കാരിലൂടെ ഇത്തരത്തിൽ കോടിക്കണക്കിന് രൂപയുടെ ഇടപാട് ഡോളറുമായുളള വിനിമയത്തിലൂടെ പ്രതിദിനം സംഭവിക്കുന്നുണ്ട്.

എന്നാൽ ദക്ഷിണേന്ത്യക്കാരിൽ എന്താണ് സംഭവിക്കുന്നത്? ഡോളറിനു വിലയേറിയതോടെ ഇത്തരക്കാരുടെ നെഞ്ചിടിപ്പാണ് ഇപ്പോൾ വർദ്ധിക്കുന്നത്. ഇവരിൽ പലരും നാടുമായി ബന്ധപ്പെട്ട ഏതെങ്കിലും ബിസിനസ്സിൽ വ്യാപൃതരായിരിക്കും. നാട്ടിൽ നിന്നുളള പണം അമേരിക്കയിലേക്ക് കൊണ്ടു വരാനുളള അവരുടെ ശ്രമത്തിൽ ഡോളറുമായുളള രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞു നിൽക്കുന്നതായിരിക്കും അവർക്ക് അനുഗ്രഹം. ആ സ്ഥിതി വിശേഷം കഴിഞ്ഞ കുറേ മാസങ്ങളായി തുടരുകയുമായിരുന്നു. എന്നാൽ ബ്രെക്സിറ്റ് ഇപ്പോൾ അവർക്ക് തിരിച്ചടിയായിരിക്കുകയാണ്. യൂറോപ്യൻ യൂണിയന്റെ ശക്തമായ ഇടപെടലുകൾ വരും ദിവസങ്ങളിൽ ഉണ്ടാവുകയാണെങ്കിൽ യൂറോ ശക്തി പ്രാപിക്കുമെന്നും ആ നിലയ്ക്ക് പൗണ്ടിനു മൂല്യച്യുതി സംഭവിക്കാനും സാധ്യതയാണ്. അങ്ങനെ വന്നാൽ രൂപയുമായുളള വിനിമയ നിരക്ക് താരതമ്യം ചെയ്താൽ വീണ്ടും ഡോളർ മുകളിലേക്ക് കുതിച്ചു കയറാനാണ് സാധ്യത.

നാട്ടിലെ സ്ഥലം വിറ്റ് ആ പണം അമേരിക്കയിലേക്ക് കൊണ്ടു വരാൻ കാത്തിരിക്കുന്നവർക്കും ഇപ്പോൾ നഷ്ടത്തിന്റെ കണക്കുകളാണ് മുന്നിൽ തെളിയുന്നത്. കേരളത്തിലെ റിയൽ എസ്റ്റേറ്റ് ബിസിനസ് തകർന്നു നിൽക്കുകയും കിട്ടിയ വിലയ്ക്ക് ഉളള സ്ഥലം വിറ്റ പണം അമേരിക്കയിലേക്ക് ഡോളറായി മാറ്റിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് കൂനിന്മേൽ കുരു എന്നതു പോലെ രൂപയുടെ മൂല്യം താഴേയ്ക്ക് വീണത്.

ഇപ്പോഴത്തെ സാഹചര്യം മുതലാക്കാൻ എക്സ്ചേഞ്ച് കമ്പനികൾ ഉപഭോക്താക്കൾക്ക് പല ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിദിനം ഇവരുടെ ബിസിനസിൽ പത്ത് മുതൽ 40 ശതമാനം വരെ ഉയർച്ച സംഭവിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഇന്ത്യൻ ബാങ്കുകൾ വഴി ട്രാൻസ്ഫർ ചെയ്യുന്ന തുകയുടെ കാര്യത്തിലും നല്ല വളർച്ച കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലേക്ക് വരുന്ന പണത്തിന്റെ നാലിലൊന്നു പോലും കേരളത്തിലേക്ക് വരുന്നില്ലെന്നത് മലയാളി ബിസിനസ് സംരംഭകരെ ആശങ്കയിലാഴ്ത്തുന്നു. ഐടി രംഗത്തുളളവര്‍ക്കും ബിസിനസ് ഔട്ട്സോഴ്സ് രംഗത്തുളളവർക്കും ഇത് വൻ തിരിച്ചടിയായിരിക്കുകയാണ്. പ്രവാസി നിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയർത്തി വിദേശനാണ്യ വരുമാനം വർദ്ധിപ്പിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു ശ്രമങ്ങളുണ്ടാകാത്തിടത്തോളം ബ്രെക്സിറ്റ് ആനുകൂല്യം കേരളത്തിൽ തരംഗമാകില്ലെന്നുറപ്പ്. 

LEAVE A REPLY

Please enter your comment!
Please enter your name here