വാഷിങ്ടൺ ∙ മധുരപ്പതിനേഴുകാരൻ വരൻ. വരന്റെ പ്രായം തിരിച്ചിട്ടാൽ വധുവിന്റെ പ്രായമാകും– 71. മകന്റെ സംസ്കാര ചടങ്ങിനിടയിലാണ് അൽമെദ എരെൽ (71) ഗാരി ഹാർഡ്‌വിക്കിനെ (17) കണ്ടുമുട്ടിയത്. തന്റെ കൊച്ചുമകനെക്കാൾ മൂന്നുവയസ്സു താഴെയാണ് ഗാരി എന്നതൊന്നും പ്രശ്നമായില്ല. മൂന്നാഴ്ചത്തെ ‘പ്രേമ’ത്തിനു ശേഷം ഇരുവരും വിവാഹിതരായി.

പ്രേമം പോലെ തന്നെ ‘പ്രായ’ത്തിന്റെ കാര്യത്തിൽ ഗാരിയും ഒട്ടും മോശക്കാരനല്ല. നേരത്തെയുണ്ടായിരുന്ന ഗേൾഫ്രണ്ട് 77കാരിയായിരുന്നു. അവരെ പിരിഞ്ഞശേഷമാണ് അൽമെദയെ കല്യാണം കഴിച്ചത്. ‘എനിക്ക് 71. നിനക്ക് 17. പ്രായം നമുക്കിടയിൽ പ്രശ്നമാണോ?’ എന്നാണ് വിവാഹത്തിനു മുൻപ് അൽമെദ ഗാരിയോടു ചോദിച്ചത്. ‘പ്രായം വെറും അക്കങ്ങൾ മാത്ര’മെന്നായിരുന്നു ഗാരിയുടെ മറുപടി. ഇതോടെയാണു വിവാഹത്തിനു വഴിതെളിഞ്ഞത്.
ഒക്ടോബറിലായിരുന്നു വിവാഹം. ചെറുപ്പക്കാരെ നോക്കുകയായിരുന്നില്ല താൻ എന്നാണു സൂപ്പർമാർക്കറ്റിലെ ജോലിക്കാരികൂടിയായ അൽമെദ പറയുന്നത്. പക്ഷേ, ഗാരി മുന്നിൽ വന്നുപെടുകയായിരുന്നു. നാലുമക്കളിൽ ഒരാളും പ്രമേഹബാധിതനുമായിരുന്ന റോബർട്ട് (45) മരിച്ചപ്പോൾ ചടങ്ങുകൾക്കെത്തിയവരിൽ ഗാരിയും ഉണ്ടായിരുന്നു. ആദ്യം കണ്ടപ്പോൾത്തന്നെ ഗാരിയെ ഇഷ്ടമായി.

അൽമെദയുടെ നീലക്കണ്ണുകളാണു തന്നെ ആകർഷിച്ചതെന്നാണു ഗാരിയുടെ അഭിപ്രായം. ഇറ്റാലിയൻ ഭക്ഷണവും ഗ്രാമീണസംഗീതവും ഇരുവർക്കും ഒരേപോലെ ഇഷ്ടം. ഗാരിയുടെ ആദ്യചുംബനത്തിൽത്തന്നെ താനൊരു കൗമാരക്കാരിയായി മാറിയെന്നാണ് അൽമെദ ഓർമിക്കുന്നത്. ഇരുവീട്ടുകാരുടെയും ആശീർവാദങ്ങളോടെയായിരുന്നു വിവാഹം. ഗാരിയുടെ അമ്മ ടാമിയും (48) മുത്തശ്ശി കരോലിനും (71) സമ്മതിച്ചു. ഗാരിയുടെ കുടുംബക്കാരിൽ ചിലർ ‘വധുവിന് പ്രായം കൂടിപ്പോയെ’ന്നും കിറുക്കിയാണെന്നും അഭിപ്രായപ്പെട്ടെങ്കിലും കിറുക്കല്ല, ശരിയായ പ്രേമമാണെന്നു താൻ മറുപടി നൽകിയെന്നു അൽമെദ പറയുന്നു.

ടെനിസിയിൽ അൽമെദയുടെ വീട്ടിലാണു ദമ്പതികളുടെ താമസം. അൽമെദയുടെ മകൾ ദെയാന (40) കൊച്ചുമക്കളായ ആരോൺ (21) ഇൻഡ്യാന (16) എന്നിവരും ഒപ്പമുണ്ട്.ദാമ്പത്യത്തെപ്പറ്റി ഗാരി പറയുന്നു: മനസ്സുകൊണ്ട് ഏറെ ചെറുപ്പമാണ് അൽമെദ. അതിനാൽ പ്രായത്തെപ്പറ്റി ഞങ്ങൾ ചിന്തിക്കുന്നതേയില്ല. അൽമെദ കൂട്ടിച്ചേർക്കുന്നു: ഒരുകാര്യം എനിക്കു മനസ്സിലായി. യഥാർഥപ്രേമത്തിനു മുന്നിൽ മറ്റുള്ളവർ പറയുന്നതൊന്നും പ്രശ്നമേയല്ല.

LEAVE A REPLY

Please enter your comment!
Please enter your name here