ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ക്ലീവ്‌ലാന്റില്‍ സംഘടിപ്പച്ച ഹിന്ദു സംഗമം ഇല്ലായ്മയുടേയും വല്ലായ്മയുടേയും പഴമയില്‍ നിന്നും രാമായണത്തിന്റെ പുണ്യംപുലരുന്ന പുതിയ നാളുകളിലേക്ക് കര്‍ക്കിടകമാസത്തെ പരിവര്‍ത്തനപ്പെടുത്തിയതിന്റെ സ്മരണ പങ്കുവെച്ചുകൊണ്ട് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. അനാചാരങ്ങളും, അന്ധവിശ്വാസവും, ധാര്‍മ്മികാപചയവും ചേര്‍ന്നു ഭ്രാന്താലയമാക്കിയ കേരളത്തെ, ചട്ടമ്പിസ്വാമികളും, ശ്രീനാരായണഗുരുദേവനും, മഹാത്മാ അയ്യന്‍കാളിയും കൂടി തീര്‍ത്ഥാലയമാക്കി മാറ്റുകയുണ്ടായി. ആദ്ധ്യാത്മികത അന്യമാകുന്ന സമൂഹം അരാജകത്വത്തിലേക്ക് വഴിമാറുന്ന ദുരവസ്ഥയാണ് ഇന്നത്തെ യാഥാര്‍ത്ഥ്യം.

ഗംഗാധരനായ കൈലാസനാഥനും ബ്രഹ്മപുത്രാതടത്തിലെ കാമദായിനിയായി കാളിദേവിയും ദ്വാരകാധിപതിയായ ശ്രീകൃഷ്ണനും പാതിവൃത്യത്തിന്റെ പ്രതീകമായ സാഗരസംഗമമായ കന്യാകുമാരിയിലെ ദേവീസാന്നിധ്യവും അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന ഭാരതം എക്കാലത്തും സമാധാനത്തിന്റെ സന്ദേശമായിരുന്നു. ആക്രമണത്തിന്റെ സ്വഭാവം എന്നും അന്യമായിരുന്നു. ആ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ ഇന്ത്യക്കാരനും പരിശ്രമിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച ജനറല്‍ സെക്രട്ടറി രാജേഷ് കുട്ടി, കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലമായി പഠിക്കുവാന്‍ സമര്‍ത്ഥരായ സാമ്പത്തികമായി പരാധീനതയനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പ്, ദുരിതനിവാരണ ധനസഹായം, അനേകം അനാഥാലയങ്ങളുടേയും, ബാലസദനങ്ങളുടേയും സംരക്ഷണം തുടങ്ങി കെ.എച്ച്.എന്‍.എ നടത്തിവരുന്ന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

2017 ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ നടക്കുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തിന്റെ ഉള്ളടക്കവും തയാറെടുപ്പുകളും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രാജേഷ് നായര്‍, ട്രഷറര്‍ സുദര്‍ശകുറുപ്പ്, സുനില്‍ പൈങ്കോള്‍ എന്നിവര്‍ പ്രതിപാദിച്ചു. അമേരിക്കയിലെ മതസൗഹാര്‍ദ്ദത്തിന്റെ നന്മകള്‍ ഉള്‍ക്കൊള്ളുവാന്‍ മലയാളി സമൂഹം ശ്രദ്ധിക്കണമെന്ന് ട്രസ്റ്റി ബോര്‍ഡ് അംഗം രാധാകൃഷ്ണന്‍ പറഞ്ഞു. വനിതകള്‍ക്കായുള്ള വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റര്‍ ശ്രീജാ പ്രദീപ് വിശദീകരിച്ചു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ബിജു കൃഷ്ണന്‍ തുടക്കംകുറിക്കുകയും, ജയകുമാര്‍, രശ്മി പരമേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.ഡയറക്ടര്‍ പി.എസ് നായര്‍ സ്വാഗതമാശംസിച്ച യോഗനടപടികള്‍ യുവദേശീയ സമിതിയംഗം റിനു പിള്ളയുടെ നന്ദി പ്രകാശനത്തോടെ സമാപിച്ചു.

KHNA_cleveland_pic1

LEAVE A REPLY

Please enter your comment!
Please enter your name here