കൊളംബോ: നിഗംബോയിലെ ജെറ്റ് വിംഗ് ബ്ലൂ റിസോര്‍ട്ട് ഹോട്ടലില്‍ അരങ്ങേറുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ഗ്ലോബല്‍ കോണ്‍ഫറന്‍സിനോടുബന്ധിച്ച് നടന്ന ബിസിനസ് മീറ്റ് വിവിധ മേഖലകളിലെ പ്രഗത്ഭരുടെ സജീവ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. നവംബര്‍ 10-ന് കേരളത്തിന്റെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനാണ് മുഖ്യ പ്രഭാഷണം നടത്തിയത്.

സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ നയപരിപാടികളോടെ അധികാരത്തിലേറ്റ ഇടതു പക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രവാസി മലയാളികളുടെ നിക്ഷേപത്തിന് എല്ലാവിധ സഹായം നല്‍കുമെന്നും  കേരളത്തിന് നിക്ഷേപ സൗഹൃദ സംസ്ഥാനമായി അതിവേഗം വികസിക്കുവാന്‍ യാതൊരു തടസ്സങ്ങളുമില്ലെന്നും മന്ത്രി പറഞ്ഞു. ഭൂമിയുടെ ദൗര്‍ലഭ്യവും ജനസാന്ദ്രതയും വികസനത്തിന് വിഘാതമാവുകയില്ലെന്നും വിദേശ മലയാളികളുടെ പങ്കാളിത്തത്തോടെ നിരവധി പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും അവരുടെ പണത്തിന് എല്ലാവിധ ഉറപ്പുകളും നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ വിവിധ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മലയാളികളെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നതായി മന്ത്രി അറിയിച്ചു.

പാര്‍ലമെന്റ് മെമ്പര്‍ റിച്ചാര്‍ഡ് ഹെ ആണ് തുടര്‍ന്ന് സംസാരിച്ചത്. ”കഴിഞ്ഞ ദിവസം നടന്ന രണ്ട് നിര്‍ണായക സംഭവങ്ങള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. അമേരിക്കയില്‍ ഒരു കറുത്ത വര്‍ഗക്കാരനില്‍ നിന്ന് വെളുത്ത വര്‍ഗക്കാരന്‍ ഭരണാധികാരം പിടിച്ചെടുത്തിരിക്കുന്നു. അതേ സമയം ഇന്ത്യയില്‍ ബ്ലാക്ക് മണി വൈറ്റ് മണിയാക്കാനുള്ള ശക്തമായ നടപടികളും ആരംഭിച്ചിരിക്കുന്നു. കേരളത്തിന്റെ നിക്ഷേപ സാദ്ധ്യതകള്‍ കൂടുതല്‍ ജനകീയമാക്കണം. അവിടെ ഏതാണ്ട് 52 ഓളം സുഗന്ധ വ്യഞ്ജനങ്ങളുണ്ട്. ഇവയുടെ കൃഷി പൂര്‍വാധികം ശക്തമാക്കി സുഗന്ധവ്യഞ്ജന വ്യവസായത്തെ പുഷ്ടിപ്പെടുത്തേണ്ടതുണ്ട്. അതുപോലെ തന്നെ ടൂറിസം സാധ്യതകളും പൂര്‍ണമായും ചൂഷണം ചെയ്യുകയും വേണം…” റിച്ചാര്‍ഡ് ഹെ അഭിപ്രായപ്പെട്ടു. 30ഓളം രാജ്യങ്ങളില്‍ നിന്ന് വന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധികളുടെ ഈ സമ്മേളനം ഇത്തരം പ്രൊഡക്ടീവായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ ഉത്തമ വേദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”സ്വര്‍ണ വ്യാപരവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ നിരവധി ബിസിനസുകള്‍ ആരംഭിച്ചു. പക്ഷേ കേരളം ഇപ്പോഴും ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമായി പൂര്‍ണമായും വളര്‍ന്നിട്ടില്ല. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണം…” ഒരു ഓട്ടോ മൊബൈല്‍ എഞ്ചിനീയറായി ജോലി ആരംഭിച്ച് ഇന്ത്യയിലെ ഏറ്റവു വലിയ ഡീലര്‍ഷിപ്പുകളുടെ ഉടമയായ ഡോ. പി.എ ഇബ്രാഹിം ഹാജി ചൂണ്ടിക്കാട്ടി.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ടൂറിസത്തിന്റെ വിപണന സാദ്ധ്യത അനന്തമാണ്. ആയുര്‍വേദ ഇന്‍ഡസ്ട്രിയിലും പ്രശ്‌നങ്ങള്‍ ഉണ്ട്. ധാരാളം അവസരങ്ങള്‍ ഉണ്ടായിട്ടും നമ്മുടെ വ്യവസായ-വാണിജ്യ മോഹങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ പറ്റുന്നില്ലെന്ന് ബേബി മാത്യു സോമതീരം ആശങ്ക പ്രകടിപ്പിച്ചു. മാതൃഭൂമി മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് പി.പി ശശീന്ദ്രന്‍, ഏഷ്യാനെറ്റിന്റെ അഭിലാഷ് ജി നായര്‍, മനോരമ പ്രതിനിധിയായ സന്തോഷ് ജോര്‍ജ്, ദീപിക ദിനപത്രത്തിന്റെ ജോര്‍ജ് കള്ളിവയലില്‍ തുടങ്ങിയവരും തങ്ങളുടെ വിദഗ്ധവും വികസനത്തിലൂന്നിയതുമായ അഭിപ്രായങ്ങള്‍ പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here